'കോവിഡ് അനന്തര കേരളത്തില്‍ വ്യവസായ വികസനത്തിന് വലിയ സാധ്യതകള്‍'

-
-

കൊച്ചി: കോവഡ് അനന്തര കേരളത്തിന് മുന്നില്‍ വന്‍തോതിലുള്ള വികസന സാധ്യതകളുണ്ടെന്നും ഇത് തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്താന്‍ സംരംഭകര്‍ മുന്നോട്ടുവരണമെന്നും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍. 

കോവിഡിന് ശേഷമുള്ള കേരളത്തിന്റെ വികസന സാധ്യതകള്‍ മുന്‍ നിര്‍ത്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) എച്ച് ഡി എഫ് സി ബാങ്കും ചേര്‍ന്ന് സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് മഹാമാരി കേരളത്തിന്റെ സമ്പദ്ഘടനയില്‍ സൃഷ്ടിച്ച ആഘാതം കാര്‍ഷിക- അനുബന്ധ മേഖലകളിലും ഉല്‍പാദന മേഖലയിലും മത്സ്യബന്ധനം, ഗതാഗതം, ടൂറിസം, ആരോഗ്യം, വ്യാപാരം, ഹോട്ടല്‍ വ്യവസായം തുടങ്ങിയ മേഖലകളിലും വലിയ  തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഒത്തൊരുമ കോവഡ് അനന്തര കേരളത്തിന്റെ പുരോഗതിക്ക് കരുത്ത് കരുത്ത് പകരും. 

കേരളം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. കേരളത്തിന്റെ ആളോഹരി ഉപഭോഗം ദേശീയ ശരാശരിയേക്കാളും കൂടുതലാണ്. എന്നാല്‍ കേരളത്തിന്റെ ഉല്‍പാദന മേഖലക്ക് ഉപഭോഗാവശ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് നിറവേറ്റാന്‍ സാധിക്കുന്നത്. ഭക്ഷ്യ- കാര്‍ഷികോല്‍പന്ന സംസ്‌കരണ മേഖലയില്‍ കേരളത്തിന് വലിയ സാധ്യതയുണ്ട്. ഇത് പ്രയോജനപ്പെടുത്താനുള്ള നടപടികള്‍ ഉണ്ടാകും. 

കേരളത്തിന്റെ തീരമേഖലയുടെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ആഭ്യന്തര വിപണിയിലെ സാധ്യതകള്‍ കൂടാതെ കയറ്റുമതി സാധ്യതയും ഈ മേഖലയലുണ്ട്.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ സംരംഭകര്‍ക്ക് വലിയ സാധ്യതകളുണ്ട്. ഡയഗ്‌നോസ്റ്റിക്സ്, ബയോടെക്നോളജി, മെഡിക്കല്‍ ഡിവൈസസ്, എന്നിവയുടെ ഹൈ എന്‍ഡ് മാന്യുഫാക്ചറിംഗ് കേരളത്തിന് സാധ്യത തുറന്നു വെക്കുന്നു.  

വ്യവസായ സംരംഭകര്‍ ഈ മേഖലകളില്‍ അത്യാധുനിക സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ മുന്നോട്ടുവരണം. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ഹൈടെക് ചെറുകിട വ്യവസായ സംരംഭങ്ങളുണ്ടാകണം.  കേരളത്തെ ഒരു വെല്‍നെസ് - ഹെല്‍ത്ത് കെയര്‍ ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിനുള്ള വലിയ സാധ്യത മുന്നിലുണ്ട്. ഐ ടി അനുബന്ധ മേഖലകള്‍, ടൂറിസം, സ്‌കില്‍ ഡെവലപ്മെന്റ് എന്നിവ കേരളം ഊന്നല്‍ നല്‍കേണ്ട മേഖലകളാണ്. 

വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കണമെങ്കില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം കൂടുതല്‍ മുന്നേറേണ്ടതുണ്ട്. കേരളത്തിന്റെ വ്യവസായ വികസനം വിവിധ രംഗങ്ങളില്‍ കേരളം ആര്‍ജിച്ച നേട്ടങ്ങളുമായി ഇഴചേര്‍ന്നു പോകേണ്ടതാണെന്നും ഇതില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ഒരുപോലെ പ്രാധാന്യമുണ്ടെന്നും ഡോ. രാമചന്ദ്രന്‍ പറഞ്ഞു.

പ്ലാനിംഗ് ബോര്‍ഡ് ഇന്‍ഡസ്ട്രി ചീഫ് എന്‍ ആര്‍ ജോയി, കല്യാണ്‍ സില്‍ക്സ് ചെയര്‍മാന്‍ ടി എസ് പട്ടാഭിരാമന്‍, എസ് സി എം എസ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ പ്രമോദ് പി തേവന്നൂര്‍, എസ് ഐ പ്രോപ്പര്‍ട്ടി മാനേജിംഗ് ഡയറക്ടര്‍ എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, സി ജി എച്ച് എര്‍ത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് ഡൊമിനിക്, ബേബി മറൈന്‍ ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ടണര്‍ അലക്സ് കെ നൈനാന്‍, പിന്‍മൈക്രോ സി ഇ ഒ എ വി രവീന്ദ്രനാഥ്, എച്ച് ഡ എഫ് സി ബാങ്ക് സോണല്‍ ഹെഡ് ഹെമി സെബാസ്റ്റിയന്‍, റീജനല്‍ ഹെഡ് അരുണ്‍ അരവിന്ദ്, ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍മാന്‍മാരായ ഡോ. എം ഐ സഹദുള്ള,  ദീപക് എല്‍ അശ്വാനി, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: