എംസിഎക്‌സ് വഴിയുള്ള പരുത്തി വില്‍പ്പനയില്‍ വന്‍വര്‍ധന

കൊച്ചി: മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ പരുത്തി (കോട്ടണ്‍) വില്‍പനയില്‍ വന്‍വര്‍ധന. 2019 ഡിസംബറില്‍ അവസാനിച്ച വാര്‍ഷിക കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 285ശതമാനത്തിന്റെ അധിക വില്‍പനയാണ് 2020ല്‍  ഇതേകാലയളവില്‍ ഉണ്ടായിരിക്കുന്നത്.

2019 ഡിസംബര്‍ 31 ന്  അവസാനിച്ച വാര്‍ഷിക കാലയളവില്‍ 3448.45 ടണ്‍ പരുത്തിയുടെ വില്‍പനയാണ് എം സി എക്‌സ് വഴി നടന്നിരുന്നത് . ഇത് 2020 ഡിസംബര്‍ 31 ന് 13642.50 ടണ്ണായി വര്‍ധിച്ചു. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ മാത്രം ദിനംപ്രതി ശരാശരി 61.58 കോടി രൂപയുടെ പരുത്തി വില്‍പന എം സി എക്‌സ് വഴി നടന്നിട്ടുണ്ട്.

ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലാണ് എംസിഎക്‌സിന് പരുത്തി വിതരണ കേന്ദ്രങ്ങളുള്ളത്. ആഗോള തലത്തില്‍ ഇന്ത്യയാണ് പരുത്തി ഉത്പാദനത്തില്‍ ഒന്നാംസ്ഥാനത്തുള്ളത്. ലോകത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പരുത്തിയുടെ 26 ശതമാനം ഇന്ത്യയില്‍ നിന്നാണ്. പരുത്തി കയറ്റുമതിയില്‍ അമേരിക്കക്കും ബ്രസീലിനും പിന്നില്‍ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്.

Content Highlights: