50 പൈസ അധികം ഈടാക്കി: റസ്റ്ററന്റിന് 10,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

ഡിജിറ്റൽ ഇടപാടുകൾ വ്യാപകമായ ഈ കാലത്ത് ഉപഭോക്താവിന്റെ അനുമതിയില്ലാതെ ബിൽ തുക റൗണ്ട് ചെയ്ത് അധിക തുക ഈടാക്കിയതിന് ഉപഭോക്തൃ കമ്മിഷൻ റസ്റ്ററന്റിന് 10,000 രൂപ പിഴ ചുമത്തി.
ജയ്പുർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാരന്റെ അനുമതിയില്ലാതെ 50 പൈസ അധികമായി ഈടാക്കിയ നടപടി അനുചിതമായ വ്യാപാരരീതിയാണെന്ന് കമ്മിഷൻ കണ്ടെത്തി. അധികമായി വാങ്ങിയ 50 പൈസ തിരികെ നൽകാനും കോടതിച്ചെലവ് ഉൾപ്പെടെ നഷ്ടപരിഹാരമായി 10,000 രൂപ നൽകാനും വിധിച്ചു.
ഫെബ്രുവരി പതിനാലിന് കുടുംബസമേതം രാത്രിഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് തുക റൗണ്ട് ചെയ്ത് ഈടാക്കിയത്. വാലന്റൈൻസ് ദിനവും വിവാഹവാർഷികവും ആഘോഷിക്കാനായി കുടുംബത്തോടൊപ്പം റസ്റ്ററന്റിലെത്തിയ ജയ്പുർ സ്വദേശിക്കാണ് ദുരനുഭവം ഉണ്ടായത്.
ഭക്ഷണത്തിനുശേഷം റസ്റ്ററന്റ് അധികൃതർ നൽകിയ ബിൽ തുക 1,648.50 രൂപയായിരുന്നു. എന്നാൽ തുക റൗണ്ട് ചെയ്ത് 1,649 രൂപ നൽകണമെന്ന് റസ്റ്ററന്റ് ജീവനക്കാരൻ ആവശ്യപ്പെട്ടു. യു.പി.ഐ. വഴിയാണ് പണം നൽകുന്നതെന്നും അതിനാൽ കൃത്യമായ തുകയാണ് നൽകുകയെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിച്ചെങ്കിലും സ്ഥാപനത്തിന്റെ നയപ്രകാരം റൗണ്ട് ചെയ്യണമെന്ന നിലപാടിൽ ജീവനക്കാരൻ ഉറച്ചുനിന്നു. ജീവനക്കാരൻ മോശമായി പെരുമാറുകയും തുക നൽകാൻ സമ്മർദം ചെലുത്തുകയും ചെയ്തതോടെ പരാതിക്കാരൻ 1,649 രൂപ നൽകാൻ നിർബന്ധിതനായി.
കേസുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചിട്ടും റസ്റ്ററന്റ് അധികൃതർ കമ്മിഷനിൽ ഹാജരായില്ല. തുടർന്ന് ഏകപക്ഷീയമായി തീർപ്പാക്കുകയായിരുന്നു.
കേസിന്റെ വിശദാംശങ്ങൾ | തുക / വിവരം |
|---|---|
യഥാർത്ഥ ബിൽ തുക | ₹1,648.50 |
റെസ്റ്റോറന്റ് ഈടാക്കിയ തുക | ₹1,649.00 |
അനുമതിയില്ലാതെ ഈടാക്കിയ അധിക തുക | ₹0.50 (50 പൈസ) |
മാനസിക ബുദ്ധിമുട്ടുകൾക്കുള്ള നഷ്ടപരിഹാരം | ₹7,000.00 |
കോടതി ചെലവുകൾ | ₹3,000.00 |
അധിക തുക റീഫണ്ട് | ₹0.50 |
റെസ്റ്റോറന്റ് നൽകേണ്ട ആകെ തുക | ₹10,000.50 |
ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബിൽ തുക കൂട്ടുന്നത് 'അനുചിതമായ വ്യാപാരരീതി' ആണെന്നും ഉപഭോക്താവിന്റെ പരാതി സമയബന്ധിതമായി പരിഹരിക്കാത്തത് 'സേവനത്തിലെ വീഴ്ച' ആണെന്നും കമ്മിഷൻ നിലപാട് സ്വീകരിച്ചു. ഉപഭോക്താവിന്റെ അനുമതിയില്ലാതെ വ്യാപാരികൾക്ക് ഏകപക്ഷീയമായി ബിൽ തുക റൗണ്ട് ഓഫ് ചെയ്ത് അധിക തുക ഈടാക്കാൻ കഴിയില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി.
Content Highlights: Jaipur consumer commission fined a restaurant Rs 10,000 for overcharging 50 paisa., Rounding off bill amounts without customer consent is deemed an unfair trade practice., The incident occurred when digital payment was made via UPI for an exact amount., The restaurant failed to appear in court, leading to an ex-parte ruling.