സിമന്റില്‍ ആധിപത്യം: ഓറിയന്റും സ്വന്തം, പിടിച്ചടക്കലിന്റെ അദാനി വഴികള്‍

വിമാനത്തവാളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയോടൊപ്പം ഖനികളും സാമ്രാജ്യത്തിന്റെ ഭാഗമാക്കിയ അദാനി രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിലും ആധിപത്യം ഉറപ്പിക്കുന്നു. വികസനത്തിന് നിര്‍ണായക സാന്നിധ്യമുള്ള സിമന്റ് വ്യവസായത്തിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധയിപ്പോള്‍.
അംബുജ, എസിസി, സംഘി എന്നീ വന്‍കിട സിമന്റ് കമ്പനികള്‍ ഒരുവര്‍ഷത്തിനിടെ ഏറ്റെടുത്തിന് പിന്നാലെ ഓറിയന്റിനെക്കൂടി കൂടെക്കൂട്ടാനാണ് നീക്കം. വ്യവസായി സി.കെ ബിര്‍ള ഇതിനായി ഗൗതം അദാനിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൈവശമുള്ള പ്രൊമോട്ടര്‍ ഓഹരികള്‍ അദാനിക്ക് കൈമാറാനാണ് തീരുമാനമെന്നറിയുന്നു.
ദക്ഷിണേന്ത്യയിലെ എസിസിയുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ഏറ്റെടുക്കല്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ഉത്തര കര്‍ണാടകയിലെ വാദിയില്‍ എസിസിക്ക് നിര്‍മാണ പ്ലാന്റ് ഉണ്ട്. അതേ പ്രദേശത്തെതന്നെ ചിറ്റാപ്പൂരിലാണ് ഓറിയന്റ് സിമന്റ്. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യയില്‍ എസിസിയുടെ അടിത്തറ വിപുലമാക്കാന്‍ ഏറ്റെടുക്കല്‍ സഹായിക്കും.
ഗുജറാത്തിലെ കച്ചില്‍ സംഘിപുരത്തുള്ള സംഘി ഇന്‍ഡസ്ട്രീസിന്റെ സംയോജിത നിര്‍മാണ യൂണിറ്റ് ഇന്ത്യയിലെതന്നെ ഏറ്റവും വലുതാണ്. പ്ലാന്റിന് അടുത്തുതന്നെ ഒരു ബില്യണ്‍ ടണ്‍ ചുണ്ണാമ്പുകല്ല് ശേഖരവുമുണ്ട്. ഈ പ്ലാന്റില്‍നിന്ന് അവരുടെതന്നെ തുറമുഖ സൗകര്യം പ്രയോജനപ്പെടുത്തി ദക്ഷിണ ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലേയ്ക്ക് സിമന്റ് കൊണ്ടുപോകാന്‍ കഴിയും. 2028ഓടെ 140 ദശലക്ഷം ടണ്‍ നിര്‍മാണ ശേഷി കൈവരിക്കാനാണ് അദാനി ലക്ഷ്യമിടുന്നത്. വിപണിയിലെ മുന്‍നിരക്കാരായ അള്‍ട്രടെകിന് ഇതിനകം 140 ദശലക്ഷം ടണ്‍ നിര്‍മാണ ശേഷിയുണ്ട്.
അടിസ്ഥാന സൗകര്യമേഖലയില്‍ സര്‍ക്കാര്‍ വന്‍പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനാല്‍ സിമന്റ് ആവശ്യം വര്‍ധിക്കുമെന്ന് അദാനിക്കറിയാം. റോഡുകള്‍, ഹൈവേകള്‍, പാലങ്ങള്‍, വിമാനത്താവളങ്ങള്‍, വന്‍കിട കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് വന്‍തോതില്‍ സിമന്റ് ആവശ്യമാണ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിമന്റ് ഉത്പാദിപ്പിക്കുന്ന രാജ്യംകൂടിയാണ് ഇന്ത്യ. എന്നാല്‍ പ്രതിശീര്‍ഷ ഉപഭോഗം ചൈനയുടെ 1,600 കിലോഗ്രാമിനെ അപേക്ഷിച്ച് 250 കിലോഗ്രാം മാത്രമാണ്. രാജ്യത്തെ ജിഡിപിയുടെ 1.2-1.5 മടങ്ങ് ദീര്‍ഘകാല ശരാശരി വളര്‍ച്ചയാണ് ഈ മേഖലയില്‍നിന്ന് അദാനി പ്രതീക്ഷിക്കുന്നത്. ഗൗതം അദാനിയെ സിമന്റ് ബിസിനസിലേക്ക് ആകര്‍ഷിച്ചതും അതുതന്നെയാണ്. ആദ്യംതന്നെ വലിയ ഏറ്റെടുക്കല്‍ നടത്തി രാജ്യത്തെതന്നെ രണ്ടാമത്തെ വലിയ ഉത്പാദകരാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഏറ്റെടുക്കലിന്റെ വഴികള്‍
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ സ്വന്തമായി സാമ്രാജ്യം തീര്‍ത്ത അദാനിക്ക് സിമന്റ് വ്യവസായത്തില്‍ സ്വാധീനം കുറവായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഹോള്‍സിമില്‍നിന്ന് 10.5 ബില്യണ്‍ ഡോളിന് അംബുജയും എസിസിയും സ്വന്തമാക്കിയതിലൂടെ ഈ മേഖലകൂടി പിടിച്ചെടുക്കുകയായിരുന്നു അദ്ദേഹം. ഇതോടെ രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് നിര്‍മാതാക്കളായി അദാനി ഗ്രൂപ്പ്. കല്‍ക്കരി, ഊര്‍ജം, ചരക്ക് നീക്കം എന്നീ മേഖലകളില്‍ നിര്‍ണായക സ്വാധീനമുള്ള അദാനിക്ക് സിമന്റ് വന്‍ സാധ്യതകളാണ് തുറന്നുനല്‍കിയത്. ഉത്പാദനത്തിലെ ചെലവ് കുറയ്ക്കാന്‍ ഇതിലൂടെ കഴിഞ്ഞു. ഊര്‍ജം, വിതരണം എന്നീ മേഖലകളില്‍ പ്രത്യേകിച്ചും. പരസ്പര ബന്ധിതമായ ബിസിനസ് ലോകം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞുവെന്നതാണ് നേട്ടം.
മത്സരം കനക്കും
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സിമന്റ് വിലയില്‍ നാല് ശതമാനമാണ് വാര്‍ഷിക വളര്‍ച്ചയുണ്ടായത്. 50 കിലോഗ്രാം ബാഗിന് ഉയര്‍ന്ന വിലയായ 391 രൂപയാണ് ഇപ്പോഴുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷം വിലയില്‍ 1-3 ശതമാനം കുറവുണ്ടാകുമെന്നാണ് ക്രിസിലിന്റെ വിലയിരുത്തല്‍. തരക്കേടില്ലാത്ത ഡിമാന്‍ഡ് ഉണ്ടായിട്ടും ഏപ്രില്‍-മെയ് മാസങ്ങളില്‍ മണ്‍സൂണിന് മുമ്പുള്ള വിലക്കയറ്റം ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. ഈ പ്രവണ കടുത്ത മത്സരം വിപണിയിലുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
വില്പന വളര്‍ച്ചയുണ്ടെങ്കിലും വില വര്‍ധിക്കാതിരുന്നതുകൊണ്ട് ജൂണ്‍ പാദത്തില്‍ കമ്പനികളുടെ വരുമാനത്തില്‍ പ്രതീക്ഷിച്ച കുതിപ്പ് ഉണ്ടായില്ല. അതേസമയം, ഊര്‍ജ-ഇന്‍ധന ചെലവുകളിലെ കുറവ് സെപ്റ്റംബര്‍ പാദത്തില്‍ കമ്പനികള്‍ക്ക് നേട്ടമാകും. സമീപകാലയളവിലെ ഇന്ധന വില വര്‍ധന കമ്പനികളെ സമ്മര്‍ദത്തിലാക്കാനും സാധ്യയുണ്ട്. ഏതായാലും കമ്പനികളെ ഏറ്റെടുത്ത് മുന്നേറുന്ന അദാനി ടീം ചെറു കമ്പനികള്‍ക്കായി ഇനിയും വലവീശുമെന്നതുന്നെ കരുതാം. വിപണി ലീഡറായ അള്‍ട്രടെക്കിനെ മറികടക്കാനുള്ള പദ്ധതിയാകും മുന്നില്‍. ഇടപെട്ട വ്യവസായത്തിലൊക്കെ സമഗ്ര ആധിപത്യംതന്നെയാണല്ലോ അദാനിയുടെ ലക്ഷ്യം.
Content Highlights: CK Birla Group enters talks with Adani Group over Orient Cement stake