രാജ്യവ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ: ഏതൊക്കെ സേവനങ്ങൾ തടസ്സപ്പെടും?

പണിമുടക്കുന്നതിനാൽ ചൊവ്വാഴ്ച രാജ്യവ്യാപകമായി ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം. ഒമ്പത് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്(UFBU) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ജനുവരി 24 മുതൽ 26വരെയുള്ള അവധിക്ക് പിന്നാലെ നടത്തുന്ന പിണമുടക്ക് സേവനങ്ങളെ കാര്യമായി ബാധിക്കും. ജീവനക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് പണിമുടക്കിലേക്ക് നയിച്ചത്.
ആവശ്യങ്ങൾ
അഞ്ച് പ്രവർത്തി ദിനങ്ങൾ: എല്ലാ ശനിയാഴ്ചകളും അവധിയായി പ്രഖ്യാപിച്ചുകൊണ്ട് ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിവസങ്ങൾ എന്ന രീതി നടപ്പിലാക്കണമെന്ന് യൂണിയനുകൾ ആവശ്യപ്പെടുന്നു.
നോട്ടിഫിക്കേഷൻ വൈകുന്നത്: 2024 മാർച്ചിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (IBA) ഒപ്പിട്ട 12-ാം ഉഭയകക്ഷി കരാറിൽ ശനിയാഴ്ച അവധി സംബന്ധിച്ച് ധാരണയായിരുന്നു. എന്നാൽ ഇതിന്റെ ഔദ്യോഗിക സർക്കാർ വിജ്ഞാപനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
ചർച്ചകളുടെ പരാജയം: പണിമുടക്ക് ഒഴിവാക്കുന്നതിനായി ജനുവരി 23-ന് ചീഫ് ലേബർ കമ്മീഷണറുമായി നടത്തിയ അനുരഞ്ജന ചർച്ചകൾ ഫലപ്രദമാകാത്തതിനെ തുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ UFBU തീരുമാനിച്ചത്.
പണിമുടക്ക് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തെയാണ് പ്രധാനമായും ബാധിക്കുക. സ്വകാര്യ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കും. അതേസമയം എച്ച്ഡിഎഫ്സി ബാങ്ക് , ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകളിലെ ജീവനക്കാർ പണിമുടക്കിന്റെ ഭാഗമല്ലാത്തതിനാൽ ഇവ സാധാരണനിലയിൽ പ്രവർത്തിക്കും.
തടസ്സപ്പെടാനിടയുള്ള സേവനങ്ങൾ
സേവനം | ആഘാതം |
|---|---|
ശാഖാ സേവനങ്ങൾ | നേരിട്ടുള്ള പണമിടപാടുകൾ, നിക്ഷേപങ്ങൾ, പിൻവലിക്കലുകൾ എന്നിവ തടസ്സപ്പെടും. |
ചെക്ക് ക്ലിയറൻസ് | ചെക്കുകളുടെ ക്ലിയറൻസ് വൈകാൻ സാധ്യതയുണ്ട്. |
അഡ്മിനിസ്ട്രേറ്റീവ് ജോലികൾ | ബാങ്കുകളിലെ ഭരണപരമായ പ്രവർത്തനങ്ങൾ പൂർണ്ണമായും തടസ്സപ്പെടും. |
എടിഎം സേവനങ്ങൾ | എടിഎമ്മുകളിൽ പണം ലഭ്യമാക്കുന്നതിൽ പ്രാദേശികമായി തടസ്സങ്ങൾ നേരിട്ടേക്കാം. |
ഡിജിറ്റൽ ബാങ്കിംഗ് | യുപിഐ (UPI), ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കും. |
Content Highlights: Nationwide bank strike on Tuesday may disrupt services. Learn which banking operations will be impacted and why. Get updates on the strike details.