ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 840 കോടി രൂപ ലാഭം

കൊച്ചി: ബാങ്ക് ഓഫ് മഹാരാഷ്ട്ര കഴിഞ്ഞ സാമ്പത്തിക വർഷം (2022-23) നാലാം പാദത്തിൽ 840 കോടി രൂപയുടെ അറ്റാദായം നേടി. 125.96 ശതമാനമാണ് വർധന. മുൻ വർഷം ഇതേ പാദത്തിൽ 355 കോടി രൂപയായിരുന്നു ലാഭം. പലിശ - പലിശേതര വരുമാനത്തിലെ കുതിപ്പാണ് ലാഭത്തിലെ നേട്ടത്തിന് കാരണമെന്ന് ബാങ്ക് എം.ഡി.യും സി.ഇ.ഒ.യുമായ എ.എസ്. രാജീവ് അറിയിച്ചു.
ബാങ്കിന്റെ മൊത്തം ബിസിനസ് 21.23 ശതമാനം ഉയർന്ന് 4,09,202 കോടി രൂപയിലെത്തി.
ഓഹരി ഒന്നിന് 1.30 രൂപ വീതം ലാഭവീതം നൽകാനും ബാങ്ക് തീരുമാനിച്ചു. നടപ്പു സാമ്പത്തിക വർഷം ജൂണിൽ അവസാനിക്കുന്ന പാദത്തിൽ 1,000 കോടി രൂപ ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കാൻ ബാങ്കിന് പദ്ധതിയുണ്ട്. ഇതുകൂടാതെ ഫോളോ ഓൺ പബ്ലിക് ഓഫർ (എഫ്.പി.ഒ.) വഴിയോ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (ക്യു.ഐ.പി.) വഴിയോ മറ്റൊരു 1,000 കോടി രൂപയും ബാങ്ക് സമാഹരിക്കും.
ഈ സാമ്പത്തിക വർഷം ബാങ്ക് അഞ്ചുലക്ഷം കോടിയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്. വായ്പയിൽ 22 ശതമാനവും നിക്ഷേപത്തിൽ 16 ശതമാനവും വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Bank of Maharashtra March quarter net rises 136% to Rs 840 Cr