വെജ് താലി ഉണ്ടാക്കാനുള്ള ചെലവ് എട്ട് ശതമാനം കൂടിയതായി ക്രിസില്‍

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വെജ് താലി തയ്യാറാക്കാനുള്ള ചെലവില്‍ എട്ട് ശതമാനം വര്‍ധനവുണ്ടായതായി പ്രമുഖ റേറ്റിങ് ഏജന്‍സിയായ ക്രിസില്‍. ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കൂടിയതാണ് ചെലവ് 25.4 രൂപയില്‍നിന്ന് 27.4 രൂപയായി വര്‍ധിക്കാനിടയായതെന്ന് ക്രിസിലിന്റെ ' റൊട്ടി റൈസ് റേറ്റ്' റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇറച്ചിക്കോഴിയുടെ വില കുറഞ്ഞതിനാല്‍ നോണ്‍ വെജ് താലിക്കുള്ള ചെലവ് 58.9 രൂപയില്‍നിന്ന് 56.3 രൂപയായി കുറയുകയും ചെയ്തു.
റൊട്ടി, ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, അരി, പരിപ്പ്, തൈര്, സാലഡ് എന്നിവയാണ് വെജിറ്റേറിയന്‍ താലിയിലുള്ളത്. നോണ്‍ വെജ് താലിയില്‍ ഇവയുണ്ടെങ്കിലും പരിപ്പിന് പകരം 'ചിക്കന്‍' ആണെന്ന് ക്രിസിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ വിവിധയിടങ്ങളിലെ വിലക്കയറ്റം അടിസ്ഥാനമാക്കിയാണ് വീട്ടില്‍ പാചകം ചെയ്യുന്ന താലിയുടെ ശരാശരി വില ക്രിസില്‍ കണക്കാക്കിയിട്ടുള്ളത്. റാബി കൃഷിയില്‍ കുറവുണ്ടായതും പശ്ചിമ ബംഗാളില്‍ ഉരുളക്കിഴങ് വിള നശിച്ചതും ഉള്ളിയുടെ വരവ് കുറഞ്ഞതുമാണ് ചെലവ് കൂടാനിടയാക്കിയത്.
അരിയുടെയും പയറുവര്‍ഗങ്ങളുടെയും വില യഥാക്രമം 14 ശതമാനവും 20 ശതമാനവും വര്‍ധിച്ചു. ജീരകം, മുളക്, പാചക എണ്ണ എന്നിവയുടെ വിലയില്‍ കുറവുമുണ്ടായി. വെജ് താലിയുടെ വിലയില്‍ വലിയ വര്ധനവുണ്ടാകാതിരിക്കാന് ഇത് കാരണമായി. ബ്രോയ്ലര്‍ ചിക്കന്റെ വിലയില്‍ 12 ശതമാനം കുറവുണ്ടായതാണ് നോണ്‍ വെജ് താലിയുടെ ചെലവ് കുറയാന്‍ ഇടയാക്കിയതെന്നും ക്രിസിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2023 നവംബര്‍ മുതല്‍ സസ്യാഹാരത്തിന്റെയും മാംസാഹാരത്തിന്റെയും വിലയില്‍ കാര്യമായ വ്യത്യാസമുണ്ടെന്ന് ക്രിസില്‍ മാര്‍ക്കറ്റിങ് ആന്‍ഡ് അനലിറ്റിക്സിലെ റിസര്‍ച്ച് ഡയറക്ടര്‍ പുഷന് ശര്‍മ പറയുന്നു. വെജ് താലിക്ക് വര്‍ഷംതോറും ചെലവ് കൂടുന്നു. നോണ്‍ വെജ് താലിക്കാകട്ടെ ചെലവ് കുറയുകയുംചെയ്യുന്നു. ഇറച്ചിക്കോഴി വില കുറയുന്നതാണ് അതിന് കാരണമെന്നും സമീപഭാവിയില്‍ വില ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍ വെജ് താലിയുടെ ചെലവ് കൂടുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
Content Highlights: A veg thali cost 8% more in April this year than a year ago: CRISIL