മ്യൂച്വൽ ഫണ്ടുകളിൽ ക്ലെയിം ചെയ്യാതെ 3,811 കോടി: എങ്ങനെ പണം തിരികെ ലഭിക്കും?

#സീഡി
Photo: Gettyimages
Photo: Gettyimages

മ്യൂച്വൽ ഫണ്ടുകളിൽനിന്ന് പിൻവലിക്കാതെ കിടക്കുന്ന നിക്ഷേപത്തിൽ വൻ വർധന. മുൻ വർഷത്തെ 3,452 കോടി രൂപയിൽനിന്ന് 3,811 കോടിയായാണ് ഉയർന്നത്. ലാഭവീതവും പിൻവലിച്ച നിക്ഷേപ തുകയുമാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ മാറ്റം, കെവൈസി നിബന്ധനകൾ പാലിക്കാത്തത് എന്നിവമൂലമാണ് തുക നിക്ഷേപകരിലെത്താത്തത്.

2024-25

(കോടി

രൂപയിൽ)

2025-26

(കോടി

രൂപയിൽ)

മാറ്റം

(%)

ആകെ തുക

3,452

3,811

+10.4%

പിൻവലിക്കാത്ത

തുക (Redemption)

1,128

1,122

-0.5%

ലാഭവീതം

(Dividend)

2,324

2,689

+15.7%

പണം നിക്ഷേപകർക്ക് ലഭിക്കാത്തത് എന്തുകൊണ്ട്?

തിരികെയെടുക്കാൻ അപേക്ഷിച്ചാൽ നേരത്തേ രജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിക്കാണ് പണമിടുക. താഴെ പറയുന്ന കാരണങ്ങളാൽ തുക ലഭിക്കാതെ വരുന്നു.

ബാങ്ക് വിവരങ്ങളിലെ മാറ്റം: രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ട് മാറുകയും അക്കാര്യം ഫണ്ട് കമ്പനിയെ അറിയിക്കാതിരിക്കുകയും ചെയ്യുമ്പോൾ.

അപൂർണമായ വിവരങ്ങൾ: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൂർണമല്ലെങ്കിൽ. അക്കൗണ്ട് നമ്പർ, ഐഎഫ്എസി കോഡ് എന്നിവ നൽകിയിരിക്കണം.

ചെക്കുകൾ മാറാതിരിക്കുക: തുക ചെക്ക് വഴിയാണ് അയച്ചതെങ്കിൽ അത് ബാങ്കിൽ നൽകി പണമാക്കാതിരിക്കുന്ന സാഹചര്യമുണ്ടാകുമ്പോൾ.

വിലാസത്തിലെ മാറ്റം: നിക്ഷേപകന്റെ വിലാസം മാറിയിട്ടുണ്ടെങ്കിൽ അസറ്റ് മാനേജ്മെന്റ് കമ്പനിയെ അറിയിക്കണം. ചെക്കാണ് അയക്കുന്നതെങ്കിൽ അത് കിട്ടാതെവരും.

കെവൈസി പ്രശ്‌നങ്ങൾ: നിക്ഷേപകൻ കെ.വൈ.സി മാനദണ്ഡങ്ങൾ പൂർത്തിയാക്കാതിരിക്കുന്നാൽ ഇടപാടിന് തടസമുണ്ടാകും.

ക്ലെയിം ചെയ്യാത്തവ കണ്ടെത്താം

എഎംസി, ആർടിഎ വെബ്‌സൈറ്റുകൾ: ബന്ധപ്പെട്ട മ്യൂച്വൽ ഫണ്ട് ഹൗസിന്റെയോ രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റിന്റെയോ വെബ്‌സൈറ്റുകളിൽ വിവരങ്ങൾ ഉണ്ടാകും.

എംഎഫ് സെൻട്രൽ വഴി: എം.എഫ് സെൻട്രൽ പോർട്ടലിൽ ലോഗിൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി പരിശോധിക്കാം.

കോൺസോളിഡേറ്റഡ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് (CAS): നിക്ഷേപകർക്ക് ലഭിക്കുന്ന ഏകീകൃത അക്കൗണ്ട് സ്റ്റേറ്റ്മെന്റിലും ഇത്തരം വിവരങ്ങൾ ലഭ്യമാണ്.

'മിത്ര' വഴി അറിയാം

ഏത് മ്യൂച്വൽ ഫണ്ടിലാണ് നിക്ഷേപിച്ചതെന്ന് ഓർമ്മയില്ലെങ്കിൽ എം.എഫ് സെൻട്രൽ വെബ്‌സൈറ്റിലെ MITRA (Mutual Fund Investment Tracing and Retrieval Assistant) എന്ന സൗകര്യം ഉപയോഗിക്കാം. 10 വർഷമായി ഇടപാടുകളൊന്നും നടക്കാത്തതും എന്നാൽ ബാലൻസ് ഉള്ളതുമായ 'ഇൻആക്ടീവ് ഫോളിയോകൾ' കണ്ടെത്താൻ ഇതിലൂടെ കഴിയും.

എങ്ങനെ പണം തിരികെക്കിട്ടും?

  • ബന്ധപ്പെട്ട മ്യൂച്വൽ ഫണ്ട് കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് ക്ലെയിം ഫോം ഡൗൺലോഡ് ചെയ്യുക.
  • പൂരിപ്പിച്ച ഫോം ഒപ്പിട്ട് എഎംസിയിലോ കാംസ്, കാർവി പോലുള്ള ആർടിഎകളുടെ ഓഫീസിലോ നൽകുക.
  • നിക്ഷേപകന്റെ വിവരങ്ങളും ഒപ്പും പരിശോധിച്ച് ഉറപ്പുവരുത്തും.
  • രേഖകൾ ശരിയാണെങ്കിൽ, 'അൺക്ലെയിംഡ് ഡിവിഡന്റ്/റിഡംപ്ഷൻ സ്‌കീമിൽ' (UDRS) നിന്നും തുക നിക്ഷേപകന് നൽകും. അപേക്ഷ നൽകുന്ന ദിവസത്തെ എൻ.എ.വി (NAV) അടിസ്ഥാനമാക്കിയായിരിക്കും തുക കണക്കാക്കുക.
  • ക്ലെയിം അംഗീകരിച്ചാൽ രണ്ടു മുതൽ അഞ്ച് ദിവസത്തിനുള്ളിൽ തുക ലഭിക്കും.

പരാതി പരിഹാരം: ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ നിക്ഷേപകർക്ക് എഎംസിയെ സമീപിക്കാം. അവിടെ നിന്നും പരിഹാരമുണ്ടായില്ലെങ്കിൽ സെബിയുടെ SCORES പ്ലാറ്റ്ഫോം വഴി പരാതി നൽകാം.

ക്ലെയിം ചെയ്യാത്ത തുക

ക്ലെയിം ചെയ്യാത്ത തുക മ്യൂച്വൽ ഫണ്ട് കമ്പനികൾ ലിക്വിഡ് ഫണ്ട് പോലുള്ള ഹ്രസ്വകാല പദ്ധതികളിൽ നിക്ഷേപിക്കുകയാണ് ചെയ്യുക.

ക്ലെയിം ചെയ്യാത്ത തീയതി മുതൽ മൂന്ന് വർഷം വരെ ആ നിക്ഷേപത്തിൽ നിന്നുള്ള മൂല്യവർധന നിക്ഷേപകന് ലഭിക്കും.

മൂന്ന് വർഷത്തിന് ശേഷം ക്ലെയിം ചെയ്യുകയാണെങ്കിൽ, ആ കാലയളവ് അവസാനിച്ചപ്പോളുള്ള മൂല്യം മാത്രമേ ലഭിക്കൂ. അതിനുശേഷം ലഭിക്കുന്ന അധിക വരുമാനം 'ഇൻവെസ്റ്റർ എഡ്യൂക്കേഷൻ ഫണ്ടിലേക്ക്' (Investor Education Fund) മാറ്റും.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

  • പാൻ (PAN), കെ.വൈ.സി (KYC), വിലാസം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യുക.
  • നിക്ഷേപം പിൻവലിക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ട് പരിശോധിക്കുക.
  • ഇലക്ട്രോണിക് പേയ്മെന്റ് ലഭിച്ചില്ലെങ്കിൽ മൂന്ന് ദിവസത്തിന് ശേഷവും ചെക്ക് ആണെങ്കിൽ ഏഴ് ദിവസത്തിനുശേഷം മ്യൂച്വൽ ഫണ്ട് കമ്പനികളെയോ ഉപദേഷ്ടാവിനെയോ ബന്ധപ്പെടുക.

Content Highlights: Unclaimed mutual fund amounts rose to Rs 3,811 crore due to outdated bank details and KYC issues., Investors can find inactive folios using MF Central and the MITRA portal., Submit claim forms along with KYC and bank proofs to the AMC or RTA to get funds back within 2-5 days.