മ്യൂച്വൽ ഫണ്ടുകൾ ഗോൾഡ് ഫണ്ട് ഓഫ് ഫണ്ട്സിലേക്കുള്ള നിക്ഷേപം നിർത്തുന്നു: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

#Money Desk
Image:Freepik
Image:Freepik

ഗോൾഡ് ഫണ്ട് ഓഫ് ഫണ്ട്സിലേക്കുള്ള നിക്ഷേപം താത്കാലികമായി നിർത്തിവെച്ച് മ്യൂച്വൽ ഫണ്ട് ഹൗസുകൾ. ഉത്സവ സീസണിൽ സ്വർണത്തിന്റെ ആവശ്യകത കൂടിയതിനെത്തുടർന്നാണ് നടപടി. രൂപയുടെ മൂല്യത്തിലുണ്ടായ തകർച്ച, സ്വർണ ഇറക്കുമതി തീരുവയിലെ വർധന, ഇടിഎഫുകളിലേക്ക് വൻതോതിൽ നിക്ഷേപം ഒഴുകിയെത്തിയത് എന്നിവയാണ് ഈ തീരുമാനത്തിനു പിന്നിൽ.

എന്നിരുന്നാലും മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ള എസ്ഐപികൾക്കും സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴിയുള്ള ഇടപാടുകൾക്കും നിയന്ത്രണം ബാധകമാവില്ല. നിക്ഷേപം പിൻവലിക്കുന്നതിനും തടസ്സമില്ല.

നിലവിലെ

സ്ഥിതി

വിശദാംശങ്ങൾ

ഒറ്റത്തവണ നിക്ഷേപം

(Lump-sum)

നിർത്തി

സ്വീകരിക്കില്ല.

സ്വിച്ച്-ഇൻ

നിർത്തി

മറ്റ് സ്കീമുകളിൽ

നിന്ന് ഗോൾഡ്

ഫണ്ടുകളിലേക്ക് പണം

മാറ്റാനാകില്ല.

പുതിയ SIP / STP

നിർത്തി

പുതിയ എസ്‌ഐപി,

എസ്‌ടിപി

രജിസ്ട്രേഷനുകൾ

സാധ്യമല്ല.

SIP ടോപ്പ്-അപ്പുകൾ

നിർത്തി

ചില ഫണ്ട് ഹൗസുകളിൽ

എസ്‌ഐപി തുക 

കൂട്ടുന്നത് നിർത്തി.

നിലവിലുള്ള SIP / STP

തുടരും

കട്ട്-ഓഫ് തീയതിക്ക്

മുമ്പ് രജിസ്റ്റർ ചെയ്തവ

തുടരും.

തിരികെയെടുക്കൽ

തുടരും

പണം പിൻവലിക്കലിനെ

ബാധിക്കില്ല.

സ്വിച്ച്-ഔട്ട് / SWP

തുടരും

മറ്റ് സ്കീമുകളിലേക്ക്

മാറ്റുന്നതിനോ SWP

വഴിയുള്ള

പിൻവലിക്കലിനോ

തടസ്സമില്ല.

എക്‌സ്‌ചേഞ്ച് വഴി

തുടരും

ഡിമാറ്റ് അക്കൗണ്ട് വഴി

സ്റ്റോക്ക് എക്സ്ചേഞ്ചിൽ

നേരിട്ട് വാങ്ങാം.

താത്കാലികമായി നിർത്തിവെക്കുന്നുവെന്ന് മാത്രമാണ് ഫണ്ട് ഹൗസുകളുടെ അറിയിപ്പുകളിലുള്ളത്. എങ്കിലും വിപണിയിലെ സാഹചര്യം കണക്കിലെടുത്താണ് ഈ നീക്കമെന്ന് വ്യക്തമാണ്.

രൂപയുടെ മൂല്യമിടിവ്: ക്രൂഡ് ഓയിൽ വില ഉയർന്നതും ഓഹരികളിൽനിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നതും കാരണം രൂപയുടെ മൂല്യത്തിൽ ഈവർഷം ഏഴു ശതമാനത്തോളം ഇടിവുണ്ടായി.

ഇറക്കുമതി തീരുവ വർധന: രാജ്യത്ത് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നവയിലൊന്നാണ് സ്വർണം. കേന്ദ്ര സർക്കാർ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറു ശതമാനത്തിൽനിന്ന് 15 ശതമാനമായി ഉയർത്തിയിരുന്നു.

നിക്ഷേപ വരവ്

അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്കനുസരിച്ച് സെപ്റ്റംബറിൽ മാത്രം ഗോൾഡ് ഇടിഎഫുകളിലേക്ക് 4,450.61 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. ഓഗസ്റ്റിലെ (2,596.70 കോടി രൂപ) നിക്ഷേപത്തെ അപേക്ഷിച്ച് 71 ശതമാനമാണ് വർധന.

2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒൻപതു മാസത്തിനിടെ 45,925 കോടി രൂപയുടെ നിക്ഷേപമാണ് ഗോൾഡ് ഇടിഎഫുകളിലെത്തിയത്. കഴിഞ്ഞ വർഷത്തെ നിക്ഷേപത്തേക്കാൾ (42,961 കോടി രൂപ) കൂടുതലാണിത്.

നിയന്ത്രണം ഏർപ്പെടുത്തിയ ഫണ്ട് ഹൗസുകൾ

  • ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്
  • കൊട്ടക് മ്യൂച്വൽ ഫണ്ട്
  • ആക്സിസ് മ്യൂച്വൽ ഫണ്ട്
  • ടാറ്റ മ്യൂച്വൽ ഫണ്ട്
  • ആദിത്യ ബിർള സൺ ലൈഫ്
  • ഡിഎസ്പി
  • ഇൻവെസ്കോ ഇന്ത്യ

നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിലവിൽ ഗോൾഡ് ഫണ്ട് ഓഫ് ഫണ്ടുകളിൽ എസ്ഐപി വഴി നിക്ഷേപിക്കുന്നവർ ആശങ്കപ്പെടേണ്ടതില്ല. നിശ്ചിത തീയതികളിൽ പഴയതുപോലെ തുടരാം.

മ്യൂച്വൽ ഫണ്ട് വഴി നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് ഡിമാറ്റ് അക്കൗണ്ട് ഉപയോഗിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽനിന്ന് നേരിട്ട് ഗോൾഡ് ഇടിഎഫുകൾ വാങ്ങാം.

ശ്രദ്ധിക്കേണ്ട കാര്യം: നിക്ഷേപകർ എക്സ്ചേഞ്ചിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുള്ളതിനാൽ ഇടിഎഫ് യൂണിറ്റുകൾ യഥാർത്ഥ മൂല്യത്തേക്കാൾ ഉയർന്ന പ്രീമിയത്തിൽ ട്രേഡ് ചെയ്യപ്പെടാൻ കാരണമായേക്കാം. അതിനാൽ വാങ്ങുന്നതിനു മുൻപ് അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ വെബ്സൈറ്റിലോ എക്സ്ചേഞ്ചിലോ നൽകിയിട്ടുള്ള യൂണിറ്റ് വില (എൻഎവി) പരിശോധിച്ച് ഉറപ്പുവരുത്തുക.

Content Highlights: Mutual fund houses have temporarily suspended fresh investments in Gold Fund of Funds., Reasons include rupee depreciation, hiked import duty on gold, and massive inflows into gold ETFs., Existing SIPs and stock exchange transactions remain unaffected by the new restrictions., Investors should check NAV before buying Gold ETFs directly from stock exchanges to avoid paying high premiums.