കെ.വൈ.സി: 1.3 കോടി മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുകളില്‍ ഇടപാട് സാധ്യമാവില്ല, എങ്ങനെ അറിയാം?

Photo: Gettyimages
Photo: Gettyimages

പുതിയ വ്യവസ്ഥ പ്രകാരമുള്ള കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിക്കാത്ത 1.3 കോടി മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുകളില്‍ ഇടപാട് നടത്താനാവില്ല. ആധാറോ ഔദ്യോഗികമായി അംഗീകരിച്ച മറ്റ് രേഖകളോ നല്‍കാത്ത അക്കൗണ്ടുകളാണ് 'ഓണ്‍ ഹോള്‍ഡ്' നിലയിലേക്ക് മാറ്റിയത്. 

സെബിയുടെ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തിലായ വ്യവസ്ഥകള്‍ പ്രകാരം ഓണ്‍ ഹോള്‍ഡ്-കെ.വൈ.സി സ്റ്റാറ്റസ് ഉള്ള നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളില്‍ ഇടപാട് നടത്താനാവില്ല. അതായത് കൂടുതല്‍ നിക്ഷേപം നടത്താനോ നിക്ഷേപം തിരികെയെടുക്കാനോ കഴിയില്ല. പാന്‍ ആധാറുമായി ബന്ധിപ്പിക്കാത്തതും ഇരു രേഖകളിലെയും പേര് ഉള്‍പ്പടെയുള്ളവ ഒരേപോലെ അല്ലാത്തതും നിക്ഷേപത്തിന് തടസ്സമായിട്ടുണ്ട്. 

'കെ.വൈ.സി വാലിഡേറ്റഡ്' അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം മരവിപ്പിച്ചേക്കാം Read more

യൂട്ടിലിറ്റി ബില്ലുകള്‍, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റുമെന്റ് തുടങ്ങിയവ ഉപയോഗിച്ച് കെ.വൈ.സി ചെയ്തവരെല്ലാം ആധാറും പാനും നല്‍കി പുതുക്കേണ്ട സാഹചര്യമാണുള്ളത്. കെ.വൈ.സി പാലിക്കുന്നതിനുള്ള സാധുവായ രേഖകളായി ഇവ സെബി അംഗീകരിക്കുന്നില്ല. 

11 കോടിയോളം വരുന്ന നിക്ഷേപകരില്‍ 7.9 കോടി പേര്‍ക്ക് (73%)സാധുതയുള്ള കെ.വൈ.സി ഉണ്ട്. 1.6 കോടി പേരുടെ കെ.വൈ.സികള്‍ 'രജിസ്‌ട്രേഡ്' നിലയിലാണ്. ഇത്തരക്കാര്‍ക്ക് നിലവില്‍ നിക്ഷേപമുള്ള ഫണ്ട് ഹൗസുകളുടെ സ്‌കീമുകളില്‍ നിക്ഷേപിക്കാം. നിക്ഷേപം പിന്‍വലിക്കാനും അനുവദിക്കും. 12 ശതമാനത്തോളം പേരുടെ കെ.വൈ.സിയാണ് 'ഓണ്‍ ഹോള്‍ഡ്' നിലയിലുള്ളത്. ഇവര്‍ക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനോ ഓഹരി വിപണിയില്‍ ഇടപാട് നടത്താനോ കഴിയില്ല. 

കെ.വൈ.സി പ്രതിസന്ധി: പരിഹാരം തേടി ഫണ്ട് കമ്പനികളും ആംഫിയും Read more

അതുകൊണ്ടുതന്നെ മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് കെ.വൈ.സി സ്റ്റാറ്റസ് പരിശോധിക്കേണ്ടതുണ്ട്. അതിനായി കെ.വൈ.സി ലിങ്കില്‍ ക്ലിക്ക് ചെയ്ത് സ്റ്റാറ്റസ് പരിശോധിക്കാം. 

  • കെആര്‍എ രജിസ്‌ട്രേഷന്‍ ഏജന്‍സിയുടെ വെബ്‌സറ്റ് സന്ദര്‍ശിക്കുക(cvlkra, camskra, karvykra etc.)
  • ഉദാഹരണത്തിന് സി.വി.എല്‍.കെ.ആര്‍.എ-യുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 'കെ.വൈ.സി എന്‍ക്വയറി' -യില്‍ ക്ലിക്ക് ചെയ്യുക. 
  • പാന്‍ നമ്പര്‍ നല്‍കി സബ്മിറ്റ് ചെയ്യുക. 
  • പാന്‍ അടിസ്ഥാനമാക്കിയുള്ള കെ.വൈ.സി സ്റ്റാറ്റസ് അപ്പോള്‍ കാണാന്‍ കഴിയും. വാലിഡേറ്റഡ്, രജിസ്‌ട്രേഡ്, ഓണ്‍ ഹോള്‍ഡ് എന്നിങ്ങനെ മൂന്ന് തരത്തിലായിരിക്കും ഉണ്ടായിരിക്കുക.   

വാലിഡേറ്റഡ് ആണെങ്കില്‍ തടസ്സമില്ലാതെ തുടര്‍ന്നും നിക്ഷേപം നടത്താം. രജിസ്‌ട്രേഡ് ആണെങ്കില്‍ രേഖകള്‍ നല്‍കി കെ.വൈ.സി പുതുക്കേണ്ടതുണ്ട്. ഓണ്‍ ഹോള്‍ഡ് ആണെങ്കിലും പുതിയതായി കെ.വൈ.സി നല്‍കണം. 

Content Highlights: KYC Crisis: 1.3 Crore Mutual Fund Accounts Inoperative