കാല്‍ ശതമാനം കുറച്ചു: റിപ്പോ 6 ശതമാനമായി, പലിശ നിരക്കുകള്‍ കുറയും

വീണ്ടും നിരക്ക് കുറച്ച് സാമ്പത്തിക വര്‍ഷത്തെ ആദ്യ പണനയം ആര്‍ബിഐ പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് ആറ് ശതമാനമായി.പണപ്പെരുപ്പം കുറയുന്ന സാഹചര്യവും അനിവാര്യമായ വളര്‍ച്ചയും കണക്കിലെടുത്താണ് തുടര്‍ച്ചയായി രണ്ടാം തവണയും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.70 ശതമാനത്തില്‍നിന്ന് 6.50 ശതമാനമായി കുറയ്ക്കുകയും ചെയ്തു. നിക്ഷ്പക്ഷം(ന്യൂട്രല്‍) എന്നതില്‍നിന്ന് ഉള്‍ക്കൊള്ളാവുന്നത്(അക്കമോഡേറ്റീവ്) എന്നതിലേയ്ക്ക് ആര്‍ബിഐ നയം മാറ്റിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
ട്രംപിന്റെ താരിഫ് നയം മൂലം ആഗോള തലത്തില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക ദുര്‍ബലാവസ്ഥകൂടി കണക്കിലെടുത്താണ് തീരുമാനം. യുഎസിന്റെ 26 ശതമാനം തീരുവ ബാധിക്കാനിടയുള്ളതിനാല്‍ അടിസ്ഥാന നിരക്ക് കുറച്ച് വളര്‍ച്ചയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയെന്ന നയമാണ് റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. സമ്പദ്ഘടനയ്ക്ക് കരുത്തുപകരാന്‍ പണലഭ്യത വര്‍ധിപ്പിക്കാനുള്ള നടപടികളുമായി ആര്‍ബിഐ മുന്നോട്ടുപോകുകയുമാണ്.
Also Read| കാല്‍ ശതമാനം പലിശ ലാഭിക്കാം: വായ്പ തിരിച്ചടവ് തുകയില്‍ എത്ര കുറവുണ്ടാകും?
രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിര്‍ത്തുകയെന്ന ലക്ഷ്യം കൈവരിച്ചതും ആര്‍ബിഐയ്ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ 3.61 ശതമാനമായിരുന്നു പണപ്പെരുപ്പം.
Content Highlights: RBI announces a 0.25% repo rate cut, citing easing inflation and global economic uncertainties.