ആർ.ബി.ഐ.യുടെ ഇടപെടൽ ഫലം കണ്ടു: രൂപയുടെ മൂല്യത്തിൽ കുതിപ്പ്, ഒരു ശതമാനം ഉയർന്നു

റിസർവ് ബാങ്കിന്റെ ഇടപെടൽ ഫലം കണ്ടു. തിങ്കളാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഒരു ശതമാനം വർധനയുണ്ടായി. രാവിലെ 95.83 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.
എണ്ണ ഇറക്കുമതി കമ്പനികൾക്ക് ഡോളർ ആവശ്യങ്ങൾക്കായി സ്പോട്ട് വിപണിയെ ആശ്രയിക്കാതെ ആർ.ബി.ഐ.യിൽനിന്ന് നേരിട്ട് ഡോളർ വാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തിയതും വിപണിയിലെ അധിക പണലഭ്യത കുറയ്ക്കുന്നതിനായി 25,000 കോടി രൂപയുടെ സർക്കാർ കടപ്പത്രങ്ങൾ പുറത്തിറക്കിയതുമാണ് രൂപയ്ക്ക് കരുത്തായത്. ബാങ്കുകൾ പ്രതിദിനം സൂക്ഷിക്കേണ്ട ക്യാഷ് റിസർവ് റേഷ്യോ 90 ശതമാനത്തിൽനിന്ന് 99 ശതമാനമായി ഉയർത്തിയതും രൂപ നേട്ടമാക്കി.
രൂപയുടെ പ്രകടനം
വെള്ളിയാഴ്ചയിലെ ക്ലോസിങ് നിരക്കായ 96.78-ൽനിന്ന് ഒരു ശതമാനം വർധിച്ച് 95.83 നിലവാരത്തിലേക്ക് രൂപയുടെ മൂല്യമുയർന്നു. അഞ്ചു വ്യാപാര ദിനങ്ങളിലായി ഡോളറിനെതിരെയുള്ള മൂല്യവർധന ഇതോടെ 0.5 ശതമാനമായി. ആറു മാസത്തെ കണക്കെടുത്താലാകട്ടെ, മൂല്യത്തിൽ മൂന്നു ശതമാനമാണ് ഇടിവ്. ഒരുവർഷത്തെ നിലവാരമാകട്ടെ, 6.5 ശതമാനം തകർച്ചയുമാണ്. എന്നിരുന്നാലും ആർ.ബി.ഐ.യുടെ വിപണി ഇടപെടൽ മൂലം അതിവേഗത്തിലാണ് ഒരു ശതമാനമെങ്കിലും തിരിച്ചുപിടിക്കാനായത്.
ആർ.ബി.ഐ.യുടെ ഇടപെടൽ ഹ്രസ്വകാലയളവിൽ രൂപയ്ക്ക് മികച്ച പിന്തുണ നൽകും. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും രൂപയുടെ മൂല്യം 95 എന്ന നിലവാരത്തിലേക്ക് മെച്ചപ്പെടാൻ ഇതിടയാക്കും. വിദേശ കറൻസി ഒഴുക്കും അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുമായിരിക്കും വരും ആഴ്ചകളിൽ രൂപയുടെ ഗതി പ്രധാനമായും നിർണയിക്കുക.
Content Highlights: Rupee value surged by 1 percent against the US dollar following RBI intervention., RBI allowed oil importers to buy dollars directly, reducing spot market pressure., Government bonds worth Rs 25,000 crore issued to reduce surplus liquidity., Cash Reserve Ratio (CRR) for banks increased from 90% to 99%.