ജിഡിപിയില്‍ മുന്നേറ്റം, പണപ്പെരുപ്പത്തില്‍ കുറവ്: ആര്‍ബിഐ വീണ്ടും നിരക്ക് കുറയ്ക്കുമോ?

ഈയാഴ്ച വരാനിരിക്കുന്ന പണനയ യോഗത്തില്‍ റിസര്‍വ് ബാങ്ക് നിരക്ക് കുറയ്ക്കുമോ? മികച്ച സാമ്പത്തിക വളര്‍ച്ച നേടാനായതും കുറയുന്ന പണപ്പെരുപ്പവും തീരുമാനമെടുക്കല്‍ സങ്കീര്‍ണമാക്കും.
നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ജിപിഡി കണക്കുകള്‍ പ്രേരണയാകുമ്പോള്‍ കുറയുന്ന പണപ്പെരുപ്പം മറിച്ചുള്ള തീരുമാനത്തെ ന്യായീകരിക്കുന്നു. ഈ സാഹചര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ക്കിടയിലും വ്യത്യസ്ത അഭിപ്രായമാണുള്ളത്. ജിഡിപിയിലെ മുന്നേറ്റവും പണപ്പെരുപ്പം താഴാനുള്ള സാധ്യതയും കണക്കിലെടുത്ത് ആര്‍ബിഐ നിരക്ക് വീണ്ടും കുറച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
വളര്‍ച്ചാ നിരക്ക്: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ (FY26) രണ്ടാം പാദത്തില്‍ സമ്പദ്വ്യവസ്ഥ 8.2% വളര്‍ച്ച നേടി. കഴിഞ്ഞ ആറ് പാദങ്ങളിലെ ഉയര്‍ന്ന നിരക്കാണിത്. ആര്‍ബിഐയുടെ പ്രവചനമായ 6.8% നെക്കാള്‍ വളരെ കൂടുതലുമാണ്.
പണപ്പെരുപ്പം: ഒക്ടോബറിലെ റീട്ടെയില്‍ പണപ്പെരുപ്പം 0.25% ആയി കുറഞ്ഞു. 2015-ല്‍ ഈരീതിയില്‍ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള താഴ്ന്ന നിരക്കാണിത്.
രണ്ടാം പാദത്തിലെ 8.2 ശതമാനം എന്ന അപ്രതീക്ഷിത വളര്‍ച്ച വിപണിയുടെയും ആര്‍ബിഐയുടെയും പ്രതീക്ഷകള്‍ മറികടക്കുന്നതായിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ കരുത്തിനെയാണ് ഇത് സൂചിപ്പിക്കുന്നത്. വളര്‍ച്ചാ കണക്കുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ബാര്‍ക്ലേയ്‌സ്, ഐസിആര്‍എ തുടങ്ങിയ ആഗോള റേറ്റിങ് ഏജന്‍സികള്‍ മുന്‍ അനുമാനങ്ങള്‍ തിരുത്തുകയും ചെയ്തു. നിരക്ക് കുറയ്ക്കുമെന്ന പ്രവചനത്തില്‍നിന്ന് മാറി തല്‍സ്ഥതി തുടരുമെന്നാണ് ഇപ്പോള്‍ ഇവര്‍ കരുതുന്നത്.
ഫെബ്രുവരി മുതല്‍ നിരക്കില്‍ 100 ബേസിസ് പോയിന്റ് (1 ശതമാനം) കുറവാണ് ആര്‍ബിഐ വരുത്തിയത്. ഓഗസ്റ്റിന് ശേഷം നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് നിലവില്‍ 5.50% ആണ്. വായ്പ, നിക്ഷേപ നിരക്കുകളില്‍ ഇതിന് ആനുപാതികമായി കുറവുണ്ടായിട്ടുണ്ട്. ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ചുവരെയാണ് ധനനയ സമിതി യോഗം ചേരുന്നത്.