റെക്കോഡ് ഉയരത്തിൽനിന്ന് തിരിച്ചിറക്കം; വെള്ളി വലയിൽ ഇടിവ്

തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ എക്കാലത്തെയും ഉയരം കുറിച്ച വെള്ളി വിലയിൽ പിന്നീട് കനത്ത ഇടിവ് നേരിട്ടു. ഫ്യൂച്ചേഴ്സ് വിപണിയിൽ കിലോഗ്രാമിന് 2.50 ലക്ഷം രൂപയെന്ന നിർണായക നിലവാരം ഭേദിച്ചശേഷമാണ് തിരിച്ചിറക്കം. 21,000 രൂപ ഇടിഞ്ഞ് 2,33,120 നിലവാരത്തിലെത്തി.
വൻകുതിപ്പ് രേഖപ്പെടുത്തിയതിനു പിന്നാലെയുള്ള ഇടിവാണ് വിപണിയിൽ പ്രകടമായത്. കനത്ത ലാഭമെടുപ്പും വില്പന സമ്മർദവും വിപണിയിൽ രൂപപ്പെട്ടു.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ മാർച്ച് ഫ്യൂച്ചേഴ്സ് കരാർ പ്രകാരം വെള്ളിയുടെ വില ഉച്ചകഴിഞ്ഞ് 2,33,120 രൂപയാണ് രേഖപ്പെടുത്തിയത്. കിലോഗ്രാമിന് 2,39,787 നിലവാരത്തിലായിരുന്നു വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
ആഗോളതലത്തിൽ അനിശ്ചിതത്വങ്ങൾ തുടരുന്നതാണ് സ്വർണം, വെള്ളി തുടങ്ങിയ മൂല്യമേറിയ ലോഹങ്ങളുടെ കുതിപ്പിന് പിന്നിൽ. താരതമ്യേന റിസ്‌ക് കുറഞ്ഞ ആസ്തികളിലേക്ക് നിക്ഷേപകർ കൂട്ടത്തോടെ കൂടുമാറുന്നതാണ് കാരണം. തുടർച്ചയായി അഞ്ചാമത്തെ ആഴ്ചയും ഡോളർ സൂചിക ഇടിയുന്നതും വില വർധനവിന് കാരണമായി. ഡോളർ ദുർബലമാകുമ്പോൾ മറ്റ് കറൻസികളുള്ള നിക്ഷേപകർക്ക് ഡോളറിൽ വില നിശ്ചയിക്കുന്ന സ്വർണവും വെള്ളിയും കുറഞ്ഞ വിലക്ക് വാങ്ങാൻ കഴിയും. അതാണ് ഈ ലോഹങ്ങളുടെ ആകർഷണീയത വർധിപ്പിക്കുന്നത്.
യുഎസ് ഫെഡ് വീണ്ടും നിരക്ക് കുറച്ചേക്കുമെന്ന സൂചനകളും വിപണി നേട്ടമാക്കി. 2026 ജനുവരി മുതൽ ചൈന നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കയറ്റുമതി നിയന്ത്രണം വെള്ളി വിലയിൽ കുതിപ്പുണ്ടാക്കുമെന്ന് വിലയിരുത്തലുണ്ട്. യുഎസും വെനസ്വേലയും തമ്മിലുണ്ടായ സംഘർഷങ്ങളും വിലവർധനവിന് കാരണമായി.
Content Highlights: Silver prices surge to record highs, breaching ₹2.5 lakh per kg on futures markets. Global markets see price climb above $80/ounce. Discover reasons behind the rally.