വൻ കുതിപ്പ്: വ്യാഴാഴ്ച കൂടിയത് 8,640 രൂപ, സ്വർണം പവന് 1,31,160 രൂപയായി

വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് പവന്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച് 16,395 രൂപയുമായി.
ആഗോള-ആഭ്യന്തര വിപണികളിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 9,954 രൂപയാണ് കൂടിയത്. ഇതോടെ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 1,75,869 രൂപയായി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 5,591 ഡോളറിലെത്തുകയും ചെയ്തു. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. സമാനമായ വർധന വെള്ളിയുടെ വിലയിലുമുണ്ടായി. ചരിത്രത്തിലാദ്യമായി വെള്ളിയുടെ വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്തെത്തി.
പ്രധാന കാരണങ്ങൾ
ഭൗമരാഷ്ട്രീയ സംഘർഷം
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ നടത്തിയ മുന്നറിയിപ്പുകൾ ആഗോള വിപണിയിൽ ആശങ്ക വർധിപ്പിച്ചു. പേർഷ്യൻ ഗൾഫിലേക്ക് യുഎസ് സൈനിക വ്യൂഹത്തെ അയച്ചത് യുദ്ധഭീതിക്കിടയാക്കി. അനിശ്ചിതത്വങ്ങൾക്കിടയിൽ സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുകയും ചെയ്തു.
യുഎസ് ഡോളറിന്റെ തകർച്ച
ഡോളറിന്റെ മൂല്യം നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. ഡോളറും സ്വർണ വിലയും തമ്മിലുള്ള വിപരീത അനുപാതം സ്വർണത്തിന് ഗുണകരമായി. ഡോളർ ദുർബലമാകുമ്പോൾ സ്വാഭാവികമായും സ്വർണ്ണവില വർധിക്കുന്ന പ്രവണതയാണിവിടെ പ്രതിഫലിക്കുന്നത്.
വൈറ്റ് ഹൗസിന്റെ നിലപാടുകൾ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ വിപണിയിൽ വലിയ ചലനമുണ്ടാക്കി. ഭാവിയിൽ ഡോളറിന്റെ മൂല്യം കുറച്ചു നിർത്താൻ വൈറ്റ് ഹൗസിനുള്ളിൽ ധാരണയുണ്ടെന്ന സൂചനകൾ പുറത്തുവന്നത് ഡോളർ വിറ്റഴിക്കലിന് കാരണമായി. പുതിയ ഫെഡറൽ റിസർവ് മേധാവിയെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ചുമതലയേൽക്കുന്നതോടെ പലിശനിരക്ക് കുറയുമെന്നുമുള്ള ട്രംപിന്റെ പ്രവചനവും വിപണിയെ സ്വാധീനിച്ചു.
ഇടിയുന്ന ആത്മവിശ്വാസം
യുഎസിലെ ഉപഭോക്തൃ ആത്മവിശ്വാസം കഴിഞ്ഞ 11 വർഷത്തിനിടയിലെ താഴ്ന്നനിലയിലെത്തി.തൊഴിൽ വിപണിയിലെ മാന്ദ്യവും ഉയർന്ന വിലനിലവാരവുമാണ് ഇതിന് കാരണമായത്.
ഇനിയും കൂടുമോ?
കേന്ദ്ര ബാങ്കുകളും വ്യക്തിഗത നിക്ഷേപകരും ഡോളറിതര ആസ്തികളിലും സ്വർണം പോലുള്ള ഭൗതിക ആസ്തികളിലും നിക്ഷേപം കൂട്ടുമെന്നാണ് വിലയിരുത്തൽ. 2026-ഓടെ സ്വർണ്ണവില ഔൺസിന് 6,000 ഡോളർ വരെ ഉയർന്നേക്കാമെന്ന് ഡോയ്ചെ ബാങ്ക് പ്രവചിക്കുന്നു.
ഡോളറിന്റെ മൂല്യത്തകർച്ചയും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും നിലനിൽക്കുന്നിടത്തോളം സ്വർണത്തിന്റെ മുന്നേറ്റം തുടരാനാണ് സാധ്യത. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനുള്ള സ്വീകാര്യത വർധിക്കുന്നതിനാൽ സമീപകാലയളവിൽ വില ഇനിയും ഉയർന്നേക്കാം.
Content Highlights: Gold prices hit record highs today! Pavan rate crosses ₹1,31,160. Find out the latest gold and silver prices and the factors driving this surge.