സ്വർണ വിലയിൽ അസാധാരണ ഇടിവ്: 3,760 രൂപ കുറഞ്ഞ് പവന് 92,080 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ അസാധാരണ ഇടിവ്. പവന്റെ വിലയിൽ 3,760 രൂപയാണ് കുറവുണ്ടായത്. ഇതോടെ പവന് 92,080 രൂപയായി. ഗ്രാമിന് 11,510 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില. ഇതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ പവന്റെ വിലയിൽ 15,000 രൂപയുടെ ഇടിവാണുണ്ടായത്.
യു.എസ്. കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കുമെന്ന സൂചനകളാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സമ്മർദത്തിലാക്കിയത്. പലിശനിരക്ക് ഉയരാനുള്ള സാധ്യതയിൽ ഡോളർ ശക്തിപ്പെടുകയും ട്രഷറി ആദായം കൂടുകയും ചെയ്തതോടെ സ്വർണത്തിന്റെ ഡിമാൻഡ് ഇടിഞ്ഞു. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 3,534 ഡോളറിലാണ് വ്യാപാരം.
വെള്ളിയുടെ വിലയിലും സമാനമായി ഇടിവ് തുടരുകയാണ്.2026-ന്റെ തുടക്കത്തിൽ 70 ശതമാനമാണ് വെള്ളിവില കുതിച്ചുയർന്നത്. 2025 ഡിസംബർ 31-ന് ഒരു ഗ്രാം വെള്ളിയുടെ നിരക്ക് 243 രൂപയായിരുന്നു. ഇവിടെനിന്നാണ് ജനുവരി 29-ന് 410 രൂപയിലേക്ക് കുതിച്ചത്.
ജനുവരി അവസാനത്തോടെ പെട്ടെന്നുണ്ടായ നേട്ടങ്ങൾ കൈവിട്ടുകൊണ്ട് വില ഇടിഞ്ഞുതുടങ്ങി. ഈ വർഷം ആദ്യമായി ഒക്ടോബറിൽ അന്താരാഷ്ട്രവില ഔൺസിന് 50 ഡോളറിന് താഴെയുമെത്തി. 121 ഡോളർ എന്ന ഉയർന്ന നിലയിലെത്തിയശേഷമാണ് വിലയിടിഞ്ഞത്. നിലവിൽ 44.96 ഡോളറിനാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണവിലയെ സ്വാധീനിച്ച ഘടകങ്ങൾക്കൊപ്പം വ്യാവസായിക ആവശ്യകതയിലുള്ള പ്രതിസന്ധികളും വെള്ളിവിലയുടെ ഇടിവിലേക്ക് നയിച്ചു. അസംസ്കൃത വസ്തു എന്ന നിലയിലെ ഉയർന്ന വില മൂലം സോളാർ പാനലുകളിലെ വെള്ളിയുടെ ആവശ്യകത ഈ വർഷം 21 ശതമാനംവരെ ഇടിയുമെന്നാണ് കണക്കാക്കുന്നത്.
Content Highlights: Kerala gold price fell by Rs 3,760 to Rs 92,080 per sovereign., Gold price per gram is recorded at Rs 11,510., US Federal Reserve interest rate hike expectations pressured global gold prices., Silver prices also witnessed a significant slump due to industrial demand issues.