മാക്സി ധരിച്ച് മോഷ്ടാവിന്റെ വേഷംമാറ്റം ; പരപ്പനങ്ങാടിയിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് കവർച്ച

ചെട്ടിപ്പടി തട്ടാൻകണ്ടി അയ്യപ്പക്ഷേത്രത്തിൽ മാക്സി ധരിച്ച് എത്തിയ മോഷ്ടാവ്  ഭണ്ഡാരങ്ങൾ കുത്തിത്തുറക്കുന്ന സി.സി.ടി.വി. ദൃശ്യം.
ചെട്ടിപ്പടി തട്ടാൻകണ്ടി അയ്യപ്പക്ഷേത്രത്തിൽ മാക്സി ധരിച്ച് എത്തിയ മോഷ്ടാവ് ഭണ്ഡാരങ്ങൾ കുത്തിത്തുറക്കുന്ന സി.സി.ടി.വി. ദൃശ്യം.

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപമുള്ള തട്ടാൻകണ്ടി അയ്യപ്പക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.

സമീപത്തെ വീട്ടിൽ ഉണങ്ങാനിട്ടിരുന്ന വീട്ടമ്മയുടെ മാക്സിയെടുത്ത് ധരിച്ച ശേഷമാണ് മോഷ്ടാവ് ക്ഷേത്രപരിസരത്ത് എത്തിയത്. ആളെ തിരിച്ചറിയാതിരിക്കാൻ ചുരിദാർ ഷാൾ ഉപയോഗിച്ച് മുഖം മറയ്ക്കുകയും ചെയ്തിരുന്നു.

ക്ഷേത്രത്തിലെത്തിയ മോഷ്ടാവ് സി.സി.ടി.വി ദൃശ്യങ്ങളിൽ കുടുങ്ങാതിരിക്കാൻ ഒരു ക്യാമറ മുകളിലേക്ക് തിരിച്ചു വെച്ചു. തുടർന്ന് രണ്ട് ക്ഷേത്രങ്ങളുടെയും മുന്നിലുണ്ടായിരുന്ന സ്റ്റീൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം അപഹരിക്കുകയായിരുന്നു.

മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം ക്ഷേത്രം കാരണവർ വി.ടി. ബാബുരാജ് പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Content Highlights: A disguised thief wearing a maxi stole money from the donation boxes of the Thattankandi Ayyappa Temple near Parappanangadi.