നിലമ്പൂർ ബൈപ്പാസ് വേഗത്തിൽ പൂർത്തിയാക്കും-മുഖ്യമന്ത്രി

നിലമ്പൂർ ബൈപ്പാസ് പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കുന്നു
നിലമ്പൂർ ബൈപ്പാസ് പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കുന്നു

നിലമ്പൂർ: നിലമ്പൂർ ബൈപ്പാസിന്റെ രണ്ടാംഘട്ട നിർമാണത്തിന് ആവശ്യമായ തുക യഥാസമയം അനുവദിക്കുമെന്നും പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നിലമ്പൂരിന്റെ സ്വപ്നപദ്ധതിയായ നിലമ്പൂർ ബൈപ്പാസിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ആര്യാടൻ മുഹമ്മദിന്റെ വലിയൊരു സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. കേവലം ഒരുമാസംകൊണ്ട് ശബരിമല റോഡ് പദ്ധതി പൂർത്തിയാക്കിയ ആളാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെന്ന് പി.കെ. ബഷീറിനെ നോക്കി മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് കാലത്ത് വോട്ടുകിട്ടാൻ വേണ്ടിയാണ് പോത്തുകല്ല് മേപ്പാടി റോഡ് പൂർത്തിയാക്കുമെന്ന് പറഞ്ഞതെങ്കിലും വാക്ക് പാലിക്കാനുള്ളതാണന്നും ഈ സർക്കാർ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

ആറുമാസത്തിനുള്ളിൽ നിലമ്പൂരിൽ ആറ് പ്രധാന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. നിലമ്പൂർ സർക്കാർ കോളേജിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കും. ഇതിനായി 25 കോടി രൂപ ബജറ്റിൽ വകയിരുത്തി. ബൈപ്പാസിന് പുറമേ 6.75 കോടി രൂപയുടെയും 7.5 കോടി രൂപയുടെയും പുഞ്ചക്കൊല്ലി, കുമ്പളപ്പാറ പാലങ്ങൾ, 43 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് ടെൻഡർ നടപടികളിലേക്ക് കടക്കുന്ന മലയോര ഹൈവേ, 20 കോടി രൂപ അനുവദിച്ച കെ.എൻ.ജി റോഡ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലമ്പൂർ ബൈപ്പാസ് രണ്ടാംഘട്ട നിർമാണം ഡിസംബറിൽ ആരംഭിക്കുമെന്ന് അധ്യക്ഷനായ മന്ത്രി പി.കെ. ബഷീർ പറഞ്ഞു. പത്തുവർഷമായി മുടങ്ങിക്കിടന്ന നാടുകാണിച്ചുരം-പരപ്പനങ്ങാടി റോഡിന്റെ നവീകരണത്തിനായി സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ ജനുവരിയിൽ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് വികസനത്തിൽ പിന്നാക്കംനിൽക്കുന്ന പ്രദേശങ്ങൾക്ക് മുൻഗണന നൽകി 350 പുതിയ പാലങ്ങൾ നിർമ്മിക്കാനും 16,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ഘട്ടംഘട്ടമായി നവീകരിക്കാനും തീരുമാനിച്ചു. നിലമ്പൂർ മുനിസിപ്പാലിറ്റിയെയും ചാലിയാറിനെയും എടവണ്ണയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പി.‌കെ. ബഷീർ കൂട്ടിച്ചേർത്തു.

ഓരോ പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യാതിഥിയായ റവന​്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ വിഭാഗം) ചീഫ് എൻജിനിയർ എം. അൻസാർ റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി. അബ്ദുൾ വഹാബ് എം.പി., ആര്യാടൻ ഷൗക്കത്ത് എം.എൽ.എ., കളക്ടർ ഡോ. വിനയ് ഗോയൽ, നിലമ്പൂർ നഗരസഭാധ്യക്ഷ പദ്‌മിനി ഗോപിനാഥ്, ഉപാധ്യക്ഷൻ ഷൗക്കത്തലി കൂമഞ്ചേരി, നഗരസഭാ കൗൺസിലർമാർ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ വിഭാഗം) നോർത്ത് സർക്കിൾ സൂപ്രണ്ടിങ് എൻജിനിയർ പി.കെ. മിനി നന്ദി പറഞ്ഞു.

ഒന്നാംഘട്ടം 2.46 കിലോമീറ്റർ

ജ്യോതിപ്പടി മുതൽ ചക്കാലക്കുത്ത് വരെയുള്ള 2.46 കിലോമീറ്റർ ബൈപ്പാസിന്റെ ഒന്നാംഘട്ട നിർമാണോദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ റോഡിൽ (സംസ്ഥാനപാത-28) ജ്യോതിപ്പടിയിൽനിന്ന് ആരംഭിച്ച് വെളിയംതോട് അവസാനിക്കുന്ന വിധത്തിൽ രണ്ടുഘട്ടങ്ങളിലായി ആറുകിലോമീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലുമാണ് ബൈപ്പാസ് നിർമിക്കുന്നത്. പദ്ധതിക്കായി 44.48 ഏക്കർ ഭൂമി ഏറ്റെടുത്തു. 2011-ൽ പരിഗണനയിൽ വന്ന പദ്ധതിക്കായി 2013-ൽ ഭൂമിയേറ്റെടുക്കലിന് 35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 2016-ൽ ആദ്യഘട്ടത്തിൽ 1,860 മീറ്റർ റോഡിന്റെ നിർമാണപ്രവൃത്തി പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഭൂമി ഏറ്റെടുക്കലിലെ വിലവ്യത്യാസം ഉൾപ്പെടുത്തി 2023 മേയ് 20-ന് 227.18 കോടി രൂപയുടെ സമഗ്ര അടങ്കലിന് അംഗീകാരം ലഭിച്ചു.

മലബാർ ടെക് കമ്പനിയാണ് ആദ്യ റീച്ചിന്റെ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. 18 മാസമാണ് പൂർത്തീകരണ കാലാവധി. നാലുവരിപ്പാതയായി വിഭാവനം ചെയ്തിരിക്കുന്ന ബൈപ്പാസ് റോഡിൽ ഇരുഭാഗങ്ങളിലുമായി ഒൻപത് മീറ്റർ കാര്യേജ് വേ, രണ്ടുമീറ്റർ വീതിയിൽ സൈക്കിൾ ട്രാക്ക്, കാൽനടക്കാർക്ക് നടപ്പാത, മൂന്നുമീറ്റർ വീതിയിൽ മീഡിയൻ തുടങ്ങിയവ ഉൾപ്പെടുത്തി. ബൈപ്പാസ് യാഥാർഥ്യമാകുന്നതോടെ നിലമ്പൂർ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ദീർഘദൂര യാത്രക്കാർക്കും ഭാരവാഹനങ്ങൾക്കും നഗരത്തിൽ പ്രവേശിക്കാതെ ലക്ഷ്യസ്ഥാനത്തേക്ക് പോകാനും നിലമ്പൂർ റെയിൽവേസ്റ്റേഷൻ, പെരിന്തൽമണ്ണ, പട്ടാമ്പി, വണ്ടൂർ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും.

Content Highlights: Construction work for the first phase of the long-awaited Nilambur bypass has been officially inaugurated, promising relief from local traffic bottlenecks.