ക്ഷീരകർഷകരുടെ ആവശ്യങ്ങൾ നിയമസഭയിൽ ഉന്നയിക്കും -മഞ്ഞളാംകുഴി അലി

പെരിന്തൽമണ്ണ: കാലിത്തീറ്റയുടെ അനിയന്ത്രിത വിലക്കയറ്റമുൾപ്പെടെ ക്ഷീരകർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങളും അവരുടെ ആവശ്യങ്ങളും നിയമസഭയിൽ ഉന്നയിക്കുമെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ. പറഞ്ഞു. പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുലാമന്തോൾ പഞ്ചായത്തിലെ ചീരട്ടാമലയിൽ നടന്ന ‘ക്ഷീര സംഗമം 2026’ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക്പഞ്ചായത്തിന്റെ 'സ്നേഹിത' പദ്ധതിയിലൂടെ പുലാമന്തോൾ പഞ്ചായത്തിലെ ഒരു നിർധന കുടുംബത്തിന് കറവപ്പശുവിനെ നൽകി.
ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ അധ്യക്ഷയായി. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ഹാരിസ്, പുലാമന്തോൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുധ പൊട്ടിപ്പാറ, ഏലംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷെഹീനമോൾ, മേലാറ്റൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റംസീന മുജീബ്, പുലാമന്തോൾ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീബ് വളപുരം, സീനിയർ ക്ഷീര വികസന ഓഫീസർ അബ്ദുൽ മഹ്റൂഫ്, ക്ഷീരവികസന വകുപ്പ് മലപ്പുറം ഡെപ്യൂട്ടി ഡയറക്ടർ കോശി കെ. അലക്സ്, മലബാർ മിൽമ ഡയറക്ടർ സുഹൈൽ എന്നിവർ പ്രസംഗിച്ചു.
ക്ഷീരസംഗമത്തോടനുബന്ധിച്ച് കർഷകരുടെ തനത് ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനമേളയും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
Content Highlights: MLA Manjalamkuzhi Ali stated that the issues and demands of dairy farmers will be raised in the Kerala Assembly during the Perinthalmanna Dairy Meet.