മനുഷ്യാവകാശ കമ്മിഷനും പരാതി

കിഴക്കേത്തല–കൽക്കുണ്ട് റോഡ് തകർച്ച

കരുവാരക്കുണ്ട് : വർഷങ്ങളായി തകർന്നുകിടക്കുന്ന കിഴക്കേത്തല–കൽക്കുണ്ട് റോഡിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് ഒ.പി. ഇസ്‌മായിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി.

കരുവാരക്കുണ്ട് പഞ്ചായത്തിലെ അഞ്ചു വാർഡുകളിലെ ജനങ്ങൾക്ക് കരുവാരക്കുണ്ട് ഭാഗത്തേക്കുള്ള പ്രധാന ഗതാഗതമാർഗമാണിത്. ജില്ലയുടെ പ്രധാന കാർഷികമേഖലകളിലൊന്നായ കൽക്കുണ്ടിലെ കർഷകർ കാർഷികോത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനും റോഡിനെയാണ് ആശ്രയിക്കുന്നത്. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രധാന വഴിയായതിനാൽ റോഡിലൂടെ വിനോദസഞ്ചാരികളുടെ തിരക്കും കൂടുതലാണ്. റോഡിൽ പലഭാഗത്തും രൂപപ്പെട്ട വലിയ കുഴികൾ യാത്ര ദുഷ്‌കരമാക്കിയിട്ടുണ്ട്.

ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക്‌ അപകടസാധ്യത വർധിക്കുന്ന സാഹചര്യമാണ്. കാൽനടപോലും പ്രയാസമാണ്. ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി പോകുന്നവർ ഏറെ ബുദ്ധിമുട്ടുന്നു. ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കും റോഡിന്റെ തകർച്ച തടസ്സമാകുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വർഷങ്ങളായി റോഡിന്റെ ദുരവസ്ഥ തുടരുമ്പോഴും സ്ഥിരമായ പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് പരാതി. റോഡിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തുകയും ബന്ധപ്പെട്ട അധികാരികളുടെ ഇടപെടലുകൾ പരിശോധിക്കുകയും വേണമെന്നാണ് ആവശ്യം.

റോഡ് അടിയന്തരമായി അറ്റകുറ്റപ്പണിനടത്തി ഗതാഗതയോഗ്യമാക്കുന്നതിനൊപ്പം ദീർഘകാല പരിഹാരത്തിനുള്ള നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.