'റെയിൽവേ ഗേറ്റ് അടച്ചുള്ള നിർമാണം അനുവദിക്കില്ല'

ബദൽ സംവിധാനം ഉറപ്പാക്കണം; ജനകീയ കമ്മിറ്റി രൂപവത്കരിച്ചു

പട്ടിക്കാട് : റെയിൽവേ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് റെയിൽവേ ഗേറ്റ് പൂർണമായി അടച്ച് ഗതാഗതം നിരോധിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു.

ഇതിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശാന്തപുരം ചുങ്കം യൂണിറ്റ് ബദൽ ഗതാഗത സംവിധാനങ്ങൾ ആലോചിക്കുന്നതിനായി യോഗം ചേർന്ന് ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. റോഡ് പൂർണമായി അടച്ചുകൊണ്ടുള്ള യാതൊരു നിർമ്മാണപ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും ജനങ്ങളുടെ യാത്രാസൗകര്യവും വ്യാപാരസ്ഥാപനങ്ങളുടെ നിലനിൽപ്പും ഉറപ്പാക്കുന്ന ബദൽ സംവിധാനം ഒരുക്കിയതിനുശേഷം മാത്രമേ നിർമാണപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാവൂ എന്നും യോഗം തീരുമാനിച്ചു. പി. അബ്ദുൾ ഹമീദ് ഉദ്ഘാടനംചെയ്തു. യൂണിറ്റ് സെക്രട്ടറി എ. മുബഷീർ അധ്യക്ഷതവഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ്, വെട്ടത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുലൈഖ കരിമ്പനക്കൽ, വൈസ് പ്രസിഡന്റ് മജീദ് കാര്യാവട്ടം, വാർഡംഗങ്ങളായ അത്തീഖ് ശാന്തപുരം, റാഫി പറമ്പൂർ, ഫിറോസ് കരിപ്പാലി, രാധ പുക്കൂത്ത്, മുനീറ മുള്ളിയാകുർശ്ശി, കുഞ്ഞിമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.