ഇതൊരു റോഡാണോ?

അങ്ങാടിപ്പുറം മേൽപ്പാലത്തിനടിയിലെ അനുബന്ധറോഡിലെ യാത്ര ദുഷ്‌കരം
അങ്ങാടിപ്പുറം : മഴക്കാലമെന്നോ വേനൽക്കാലമെന്നോ വ്യത്യാസമില്ലാതെ അങ്ങാടിപ്പുറം ദേശീയപാതയിലെ മേൽപ്പാലത്തിനടിയിലെ അനുബന്ധറോഡിലൂടെയുള്ള യാത്ര അതിദയനീയമാണ്.
തകർന്ന് തരിപ്പണമായ റോഡിലൂടെ കാൽനടയാത്രപോലും ദുഷ്‍കരമാണ്. മഴക്കാലത്ത് വെള്ളക്കെട്ട്, വേനൽക്കാലത്ത് പൊടിശല്യം; ഇതിനൊപ്പം റോഡിലെ കുഴികളിൽ വീണ് നടുവൊടിഞ്ഞുള്ള യാത്രയും.
മേൽപ്പാലം നവീകരണത്തിന്റെ ഭാഗമായി അനുബന്ധറോഡിലെ കുഴികൾ അടച്ച് ടാർ ഇളക്കിമാറ്റി മെറ്റൽ വിതറി. ടാർചെയ്ത് നവീകരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ടാറിങ് നടക്കാതായതോടെ റോഡിലൂടെയുള്ള യാത്ര കൂടുതൽ ദുരിതമായി.
റോഡിന്റെ അവസ്ഥ നാട്ടുകാർ പലതവണ അധികൃതരെ അറിയിച്ചു. മാതൃഭൂമിയടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. റോഡിലെ പൊടിമൂലം കൂടുതൽ പ്രയാസമനുഭവിക്കുന്നത് പ്രദേശവാസികളാണ്.
ഈ റോഡിനോടുചേർന്ന് പോളിക്ലിനിക്കും മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ ചികിത്സാകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട ഭീമഹർജി കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. ട്രെയിൻയാത്രികരും ഈ വഴിയിലൂടെയാണ് അങ്ങാടിപ്പുറം ടൗണിൽ പ്രവേശിക്കുന്നത്. കോൺക്രീറ്റുചെയ്‌തോ ടാർചെയ്‌തോ റോഡിന്റെ നവീകരണം പൂർത്തിയാക്കി ഇതിലൂടെയുള്ള യാത്ര സുഗമമാക്കണമെന്നും പ്രദേശവാസികളുടെ ആരോഗ്യം സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.