ആനറക്കുളം തകർച്ച; സമഗ്ര അന്വേഷണത്തിന് ഡെപ്യൂട്ടി കളക്ടർ എത്തി

എരമംഗലം : ഏറെ കൊട്ടിഘോഷിച്ചു നിർമാണവും ഉദ്ഘാടനവും നടത്തിയ പെരുമ്പടപ്പ് പഞ്ചായത്തിലെ കോടത്തൂർ ആനറക്കുളം തകർന്ന സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഡെപ്യൂട്ടി കളക്ടർ എത്തി. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. വത്സലകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തെത്തുടർന്നാണ് അന്വേഷണം. ജില്ലാ ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച കോടത്തൂർ ആനറക്കുളത്തിൽ എത്തിയത്.
പരാതിക്കാരിൽനിന്നും കർഷകരിൽനിന്നും സമീപവാസികളിൽനിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷമാണ് കളക്ടർ മടങ്ങിയത്. പൊതുമരാമത്ത്, ഇറിഗേഷൻ, റവന്യൂ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തിയിരുന്നു. ആനറക്കുളം സന്ദർശനത്തിനുശേഷം പെരുമ്പടപ്പ് വില്ലേജ് ഓഫീസിൽ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരുമായും ഡെപ്യൂട്ടി കളക്ടർ ചർച്ച നടത്തി. ഹരിത കേരളം മിഷൻ പദ്ധതിപ്രകാരം 60 ലക്ഷം രൂപ ചെലവിട്ടാണ് ആനറക്കുളം നവീകരിച്ചത്. കുളം നവീകരണത്തിന് ഹരിത കേരളം മിഷൻ 75 ലക്ഷം രൂപ അനുവദിച്ചുവെങ്കിലും ടെൻഡർ എടുത്തത് 60 ലക്ഷം രൂപയ്ക്കാണ്. പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂർ കുട്ടാടംപാടത്തെ മുണ്ടൻകൃഷി ചെയ്യുന്ന കർഷകർക്ക് കൃഷി ആവശ്യത്തിനു വെള്ളം എടുക്കുന്നതിനും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് നീന്തൽ പരിശീലനവും നൽകാമെന്ന ലക്ഷ്യത്തിലായിരുന്നു കുളം നവീകരിച്ചത്. 2022 ഡിസംബറിൽ കുളം ഉദ്ഘാടനംചെയ്തു. കുളം നവീകരണത്തിൽ എൻജിനിയറിങ് വിഭാഗത്തിൽനിന്ന് വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്നും പൈലിങ് പോലും നടത്താതെയാണ് നവീകരണം നടത്തിയതെന്നും അന്നേ ആരോപണം ഉയർന്നിരുന്നു.
ഏഴുമാസംമുൻപ് കുളം തകർന്നു. കുളത്തിന്റെ സംരക്ഷണഭിത്തികൾ പകുതിയും ഇടിഞ്ഞുതകർന്നു. ഏഴുമാസമായിട്ടും കരാറുകാരനും നിർമാണത്തിന് നേതൃത്വംനൽകിയ ഇറിഗേഷൻ ഉദ്യോഗസ്ഥരും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചില്ല. ഇതേത്തുടർന്നാണ് നിർമാണത്തിലെ അഴിമതിയും, ഗുണനിലവാരക്കുറവും, സാങ്കേതികമായ വീഴ്ചകളും, ഉദ്യോഗസ്ഥതലത്തിലെ മേൽനോട്ടക്കുറവുകളും സമഗ്രമായും നിഷ്പക്ഷമായും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ഡോ. വിനോയ് ഗോയലിന് കോൺഗ്രസ് നേതാക്കളായ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. വത്സലകുമാർ, യു.ഡി.എഫ്. കൺവീനർ ഫൈസൽ ബാബു, യൂത്ത് കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം പ്രസിഡന്റ് ദിൻഷാദ്, പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ ഷാജഹാൻ എന്നിവർ ചേർന്നു നിവേദനം നൽകിയത്. ഇറിഗേഷൻ വകുപ്പിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിക്കുന്ന മുറപ്രകാരം അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ പറഞ്ഞു.