ഓവുചാലുണ്ട്; സൂക്ഷിക്കുക !

ഓവുചാലിന് പലയിടത്തും സ്ലാബില്ല

പൊന്നാനി : പൊന്നാനി– പാലക്കാട് റോഡിൽ ചന്തപ്പടി തൃക്കാവ് ഭാഗത്ത് റോഡരികിലെ പുൽക്കാടുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. മാസങ്ങളായി വെട്ടിമാറ്റാതെ വളർന്നുനിൽക്കുന്ന പുല്ലുകൾ കാരണം ഇവിടെയുള്ള ഒാവുചാൽ കാണാൻകഴിയാത്ത സ്ഥിതിയാണ്. വാഹനയാത്രക്കാരുടെയും കാൽനടക്കാരുടെയും കാഴ്‌ച മറയ്ക്കുന്നതരത്തിൽ പുൽക്കാടുകൾ വളർന്നതോടെ ഈ ഭാഗത്തെ യാത്ര കൂടുതൽ അപകടസാധ്യതയുള്ളതായി മാറി.

പൊന്നാനി ഭാഗത്തേക്കു പോകുമ്പോൾ റോഡിന്റെ വലതുവശത്താണ് പ്രശ്നം രൂക്ഷം. റോഡ് പുനർനിർമാണം നടത്തിയെങ്കിലും ഓവുചാൽ റോഡിന്റെ നിരപ്പിനനുസരിച്ച് ഉയർത്തിയിട്ടില്ല.

വീതികുറഞ്ഞ ഈ ഭാഗത്ത് കാൽനടക്കാർക്ക് നടക്കാൻ മതിയായ ഇടവുമില്ല. ഒാവുചാൽ ചിലയിടത്തൊക്കെ തകർന്നിട്ടുമുണ്ട്. കാടുമൂടിയതിനാൽ ഓവുചാലിന്റെ യഥാർഥ സ്ഥിതി തിരിച്ചറിയാനും വയ്യ.

പകൽസമയത്തുതന്നെ കാഴ്‌ചമറയ്ക്കുന്ന പുൽക്കാടുകൾ രാത്രിയിൽ കാൽനടക്കാർക്ക് വലിയ ഭീഷണിയാണ്. റോഡരികിലെ തടസ്സങ്ങൾ മുൻകൂട്ടി കാണാൻകഴിയാത്തത് വാഹനയാത്രക്കാരെയും പ്രയാസത്തിലാക്കുന്നു.

ഓവുചാൽ പുനർനിർമിച്ച് സ്ലാബിടണമെന്ന് ആവശ്യം

പ്രശ്നത്തിന് താത്കാലിക പരിഹാരം എന്നനിലയിൽ പുൽക്കാടുകൾ വെട്ടിമാറ്റുന്നതിനൊപ്പം തകർന്ന ഓവുചാലുകൾ അറ്റകുറ്റപ്പണിനടത്തി സുരക്ഷിതമാക്കണം.

ഓവുചാൽ റോഡിന്റെ നിരപ്പിനനുസരിച്ച് ഉയർത്തി ആവശ്യമായ ഭാഗങ്ങളിൽ ഉറപ്പുള്ള സ്ലാബുകൾ സ്ഥാപിച്ച് കാൽനടക്കാർക്ക് നടക്കാനുള്ള സൗകര്യം ഒരുക്കുകയുംവേണം.

റോഡിന്റെ പുനർനിർമാണത്തോടൊപ്പം കാൽനടക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലും ശ്രദ്ധവേണം.

അപകടം സംഭവിച്ചശേഷം നടപടി സ്വീകരിക്കുന്നതിനുപകരം, അപകടസാധ്യത ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.