ഇതെന്താ 'റഫറൽ' ആശുപത്രിയോ ?

മലപ്പുറം : കോട്ടപ്പടി താലൂക്ക് ഹെഡ്ക്വാർട്ടോഴ്സ് ആശുപത്രി ഇപ്പോൾ ‘റഫർ’ ചെയ്യാനുള്ള കേന്ദ്രമായിരിക്കുകയാണ്. മുൻപ് ദിവസവും അ‍ഞ്ച്, ആറ് വീതം പ്രസവങ്ങൾ നടന്നിടത്ത് ഇപ്പോൾ രണ്ടോ മൂന്നോ പ്രസവം നടക്കും.

പ്രസവത്തിനുശേഷം അടിയന്തര പരിചരണംവേണ്ട കുഞ്ഞുങ്ങളെ മ‍ഞ്ചേരി മെഡിക്കൽ കോളേജിലേക്കോ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്കോ ‘റഫർ’ ചെയ്യേണ്ട അപകടാവസ്ഥയാണ് ഇപ്പോൾ. പഴയ കെട്ടിടം പൊളിച്ചതോടെ നവജാതശിശു തീവ്രപരിചരണകേന്ദ്രം (എൻ.ഇൻ.സി.യു.) പ്രവർത്തനം നിർത്തി.

ആശുപത്രി സൂപ്രണ്ടും ഒരു വനിതാ ഡോക്ടറും കണ്ണ് സർജൻമാരായിട്ടുണ്ടെങ്കിലും രണ്ടരവർഷത്തിലേറെയായി കണ്ണ് ശസ്ത്രക്രിയാവിഭാഗം തുറന്നുപ്രവർത്തിച്ചിട്ട്. കണ്ണ് ഓപ്പറേഷനും മറ്റും അടിസ്ഥാനസൗകര്യങ്ങളും മുൻപുണ്ടായിരുന്നു. ഇതിനകത്തുള്ള ഉപകരണങ്ങളും ഉപയോഗശൂന്യമായിക്കിടക്കുകയാണ്. നിലവിൽ കിടത്തിച്ചികിത്സപോലും പരിമിതമാണ്. ഓപ്പറേഷനും മറ്റുമായി എത്തുന്നവരെയെല്ലാം മറ്റേതെങ്കിലും ആശുപത്രിയിലേക്ക് ‘റഫർ’ ചെയ്യണം.

ആകെയുള്ളത് 41 കിടക്കകൾ

നേരത്തേ കിടത്തിച്ചികിത്സയ്ക്ക് 116 കിടക്കകൾ ഉണ്ടായിരുന്നു. ആ സ്ഥാനത്ത് ഇപ്പോൾ 41 എണ്ണമാണുള്ളത്. മുൻ ഭരണസമിതിയുടെ നേതൃത്വത്തിൽ മലപ്പുറം അബ്ദുറഹിമാൻ സ്‌മാരക കേന്ദ്രത്തിലേക്ക് ഒ.പി. സൗകര്യം മാറ്റാനും മരുന്നുസംഭരണം മലപ്പുറം ടൗൺഹാളിലേക്കു മാറ്റാനുമുള്ള തീരുമാനം എച്ച്.എം.സി. യോഗത്തിൽ എടുത്തിരുന്നു.

നഗരസഭയുടെ വിവിധ കൗൺസിലും ഇതുമായി ബന്ധപ്പെട്ടുള്ള തീരുമാനമെടുത്തിരുന്നെങ്കിലും എല്ലാം വാക്കിൽമാത്രമായൊതുങ്ങി.

തത്കാലം 'ആശുപത്രിതന്നെ ആശ്രയം'

നഗരസഭയിലെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നെച്ചിക്കുറ്റിയിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷെൽട്ടർ ഹോമിലേക്കു മാറ്റാൻ തീരുമാനിച്ചിരുന്നു.

കിടത്തിച്ചികിത്സാ സൗകര്യം മാറ്റണമെന്നും ഇതിലേക്ക് കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വി. മുളരീധരന് നഗരസഭാധ്യക്ഷ അഡ്വ. വി. റിനിഷ നിവേദനവും നൽകിയിരുന്നു. സ്ഥലം എം.എൽ.എ.യും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇതേ ആവശ്യം ആരോഗ്യമന്ത്രിക്കു മുൻപാകെ അവതരിപ്പിക്കുകയും ചെയ്തിരുന്നു

ജൂലായ് രണ്ടിനാണ് മന്ത്രിക്ക്‌ നിവേദനം നൽകിയത്. ഷെൽട്ടർ ഹോമിലേക്കു മാറ്റാനുള്ള അനുമതിക്ക്‌ ആരോഗ്യവകുപ്പ് പച്ചക്കൊടി കാട്ടിയില്ല. ഇതോടെ തത്കാലത്തേക്ക് ആശുപത്രിയിൽ തന്നെ കിടത്തിച്ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നഗരസഭ നിർബന്ധിതരായി. ഇതിന്റെ ഭാഗമായി നിലവിലുള്ള 26 ബെഡുകൾക്കൊപ്പം 15 ബെഡുകൾകൂടി സജ്ജീകരിച്ച് ആശുപത്രിയെത്തന്നെ സൗകര്യത്തിനായി 'ആശ്രയിച്ചു’.

നിലവിലുള്ള ഓപ്പറേഷൻ തിയേറ്ററിനു മുകളിലായാണ് ബെഡുകൾ ക്രമീകരിച്ചിരിക്കുന്നത്.

തയ്യാറാക്കിയത്: അപർണ വിശ്വനാഥ്‌