സൂപ്പർ ലീഗ് കേരള തുടരാൻ മലപ്പുറം,തിരിച്ചുവരാൻ കണ്ണൂർ

മലപ്പുറം : സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഹോം ഗ്രൗണ്ടിലെ വിജയം തുടരാൻ മലപ്പുറം എഫ്.സി.യും വിജയവഴിയിലേക്ക് തിരിച്ചു വരാൻ കണ്ണൂർ വാരിയേഴ്സ് എഫ്.സി.യും തിങ്കളാഴ്ച ഏറ്റുമുട്ടും. വൈകീട്ട് 7.30-ന് പയ്യനാട് സ്റ്റേഡിയത്തിലാണ് കളി.
സൂപ്പർ ലീഗ് കേരളയിൽ അഞ്ചാം മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ആദ്യ മൂന്നു കളികളിലും പരാജയപ്പെട്ട മലപ്പുറം ഹോം മൈതാനത്തെത്തിയപ്പോൾ തൃശ്ശൂർ മാജിക് എഫ്.സി.യെ എതിരില്ലാത്ത നാലു ഗോളിനാണ് പരാജയപ്പെടുത്തിയത്. പത്തുപേരായി ചുരുങ്ങിയിട്ടും വൻജയം നേടിയത് ടീമിനാകെ ഉണർവുണ്ടാക്കിയിട്ടുണ്ട്. മൊറോക്കൻ പരിശീലകൻ കരീം ബെഞ്ചറിഫയുടെ കീഴിൽ വിജയത്തുടർച്ച നിലനിർത്തി കണ്ണൂരിനെതിരെ ചരിത്രത്തിലെ ആദ്യ വിജയം സ്വന്തമാക്കാനാണ് ടീമിന്റെ ലക്ഷ്യം.
സി.കെ. റാഷിദ്, മുഹമ്മദ് മഹ്ദി, അമദു സൊകൂന, എൽഫോർസി, അബ്ദുൽ ഹക്കു, ബിലാൽ തുടങ്ങിയ താരങ്ങളിൽനിന്ന് വീണ്ടും മികച്ച പ്രകടനമാണ് മലപ്പുറത്തിന്റെ ആരാധകരായ അൾട്രാസ് പ്രതീക്ഷിക്കുന്നത്.
അവസാന മത്സരത്തിൽ കാലിക്കറ്റ് എഫ്.സി. യോട് തോറ്റ കണ്ണൂർ വാരിയേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള ലക്ഷ്യത്തോടെയാണ് മലപ്പുറത്തെത്തിയത്. കാലിക്കറ്റിനെതിരായ മത്സരത്തിൽ ആദ്യ പകുതിയിൽത്തന്നെ എതിരാളികൾ ചുവപ്പുകാർഡ് കണ്ട് പത്തുപേരായി ചുരുങ്ങിയെങ്കിലും മുതലെടുക്കാൻ കണ്ണൂരിന് കഴിഞ്ഞിരുന്നില്ല. അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും അവ ഗോളാക്കി മാറ്റാൻ കഴിയാത്തതാണ് ടീമിന്റെ പ്രധാന പോരായ്മ. പരിചയസമ്പന്നനായ സ്ട്രൈക്കർ ജെറാർഡ് ആർട്ടിഗാസ് ടീം വിട്ടതും ക്യാപ്റ്റൻ ഏണസ്റ്റീൻ ലവ്സാംബ, പ്രതിരോധതാരം മനോജ് എന്നിവരുടെ പരിക്കും കണ്ണൂരിന് തിരിച്ചടിയാണ്. സൂപ്പർതാരം അസിയർ ഗോമസിനും സ്ട്രൈക്കർ ബോഗ്ദാൻ സ്റ്റമൻകോവിച്ചിനും താളം കണ്ടെത്താൻ കഴിയാത്തതും ടീമിന്റെ മുന്നേറ്റത്തെ ബാധിക്കുന്നുണ്ട്.
സ്വന്തം ആരാധകരുടെ പിന്തുണയുടെ കരുത്തിൽ ഇറങ്ങുന്ന മലപ്പുറവും വിജയത്തിനായി പൊരുതുന്ന കണ്ണൂരും നേർക്കുനേർ വരുമ്പോൾ കടുത്ത പോരാട്ടത്തിനാവും പയ്യനാട് സ്റ്റേഡിയം സാക്ഷിയാവുക.