പ്രിയങ്കാഗാന്ധിയുടെ പ്രാദേശിക വികസന ഫണ്ട്; അഞ്ച് സ്കൂളുകൾക്ക് ബസ് അനുവദിച്ചു

വണ്ടൂർ : പ്രിയങ്കാ ഗാന്ധി എം.പി.യുടെ 2025–26 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി ജില്ലയിലെ അഞ്ച് വിദ്യാലയങ്ങൾക്ക് അനുവദിച്ച ബസുകളുടെ ഫ്ലാഗ്ഓഫ് കർമം വണ്ടൂർ കാരാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രിയങ്കാ ഗാന്ധി എം.പി. നിർവഹിച്ചു.
1.08 കോടി രൂപ ചെലവഴിച്ചാണ് ബസുകൾ അനുവദിച്ചത്.
കാപ്പിൽ ഗവ. ഹൈസ്കൂൾ (24 ലക്ഷം രൂപ), എടവണ്ണ കുണ്ടുതോട് ജി.എം.എൽ.പി. സ്കൂൾ (20 ലക്ഷം രൂപ), വഴിക്കടവ് മാമാങ്കര ജി.എൽ.പി. സ്കൂൾ (20 ലക്ഷം രൂപ), കരുവാരക്കുണ്ട് പഴയകടക്കൽ ഗവ. യു.പി. സ്കൂൾ (24 ലക്ഷം രൂപ), അമരമ്പലം പറമ്പ ഗവ. യു.പി. സ്കൂൾ (20 ലക്ഷം രൂപ) എന്നിവയ്ക്കാണ് ബസുകൾ ലഭിച്ചത്. മന്ത്രി എ.പി. അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ., ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ആലിപ്പറ്റ ജമീല, വണ്ടൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. അഫീഫ, പി. റംലത്ത്, കെ.ടി. ഷംസുദ്ദീൻ, ബ്ലോക്ക്പഞ്ചായത്തംഗം സിറാജുദ്ദീൻ, പഞ്ചായത്ത് അംഗങ്ങൾ, എസ്.എം.സി. ചെയർമാൻ ജ്യോതിഷ്കുമാർ, പ്രഥമാധ്യാപിക വി. രജനി തുടങ്ങിയവർ പങ്കെടുത്തു.
പ്രിയങ്കാ ഗാന്ധി മോഡൽ റെസിഡെൻഷ്യൽ സ്കൂൾ സന്ദർശിച്ചു
നിലമ്പൂർ : പ്രിയങ്കാ ഗാന്ധി എം.പി. നിലമ്പൂർ ഇന്ദിരാഗാന്ധി മോഡൽ റെസിഡെൻഷ്യൽ സ്കൂൾ സന്ദർശിച്ചു.
വെള്ളിയാഴ്ച ഉച്ചയ്കെത്തിയ പ്രിയങ്കാ ഗാന്ധിയെ മന്ത്രി എ.പി. അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ., കളക്ടർ വിനയ് ഗോയൽ, സബ് കളക്ടർ സാക്ഷി മോഹൻ, പ്രഥമാധ്യാപകൻ ഗോപകുമാർ, മാനേജർ മധു എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് അവർ സ്റ്റുഡന്റ് പോലീസ് കെഡേറ്റിന്റെ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ചു.
സ്കൂളിലെ സൗകര്യങ്ങളെക്കുറിച്ചും മറ്റും സ്കൂൾ അധികാരികളുമായി ചർച്ച നടത്തി. അധ്യാപകർക്കും കുട്ടികൾക്കുമൊപ്പം ഫോട്ടോ എടുത്തും അവരോട് സംവദിച്ചുമാണ് പ്രിയങ്കാ ഗാന്ധി മടങ്ങിയത്. സീനിയർ സൂപ്രണ്ട് അജീഷ് പ്രഭ, ഐ.ടി.ഡി.പി. ജില്ലാ പ്രോജക്ട് ഓഫീസർ ബിപിൻ, അധ്യാപകരായ ബിപിൻ, സത്യ ജോയ്, ടി. അഹൂജ്, സി. പ്രീത, ജിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.