പരപ്പനങ്ങാടി ബസ്സ്റ്റാൻഡ് നിർമ്മാണം; വില്ലേജോഫീസ് പൊളിച്ചുമാറ്റാൻ വ്യവസ്ഥകളോടെ അനുമതി

വില്ലേജോഫീസിനായി ബദൽകെട്ടിടം നഗരസഭ കണ്ടെത്തണം
പരപ്പനങ്ങാടി : നഗരസഭാ ബസ്സ്റ്റാൻഡ് നിർമാണത്തിനായി നിലവിലുള്ള വില്ലേജോഫീസ് കെട്ടിടം പൊളിച്ചുമാറ്റാൻ വ്യവസ്ഥകളോടെ അനുമതിയായി.
ലാൻഡ് റവന്യൂ കമ്മിഷണറുടെയും കളക്ടറുടെയും കത്തുകളുടെയും 2024 ഒക്ടോബർ 22-ലെ സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് നടപടി.
ഇതുമായി ബന്ധപ്പെട്ട് വ്യവസ്ഥകൾ ഉൾപ്പെടുത്തി പരപ്പനങ്ങാടി നഗരസഭാ സെക്രട്ടറിയും തിരൂരങ്ങാടി തഹസിൽദാരും കരാറിൽ ഏർപ്പെട്ട് തുടർനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി തഹസിൽദാർ മുനിസിപ്പൽ സെക്രട്ടറിക്ക് കഴിഞ്ഞദിവസം കത്ത് നൽകിയിരുന്നു. പുതുതായി നിർമിക്കുന്ന നഗരസഭാ ബസ്സ്റ്റാൻഡിലേക്ക് റോഡ് നിർമിക്കണമെങ്കിൽ വില്ലേജോഫീസ് കെട്ടിടം പൊളിച്ചുമാറ്റണം. എന്നാൽ നിലവിലുള്ള വില്ലേജോഫീസ് കെട്ടിടം പൊളിച്ചുമാറ്റുന്നതിനുമുൻപ് വില്ലേജോഫീസിന് പ്രവർത്തിക്കാൻ അനുയോജ്യമായ ബദൽകെട്ടിടം നഗരസഭ ലഭ്യമാക്കണം.
ബദൽകെട്ടിടത്തിന് വാടകനൽകേണ്ടി വന്നാൽ അതിന്റെ മുഴുവൻ ചെലവും നഗരസഭ വഹിക്കണം. ബദൽ കെട്ടിടത്തിലേക്ക് വില്ലേജോഫീസ് മാറ്റിയശേഷം മാത്രമേ സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾപാലിച്ച് പഴയ കെട്ടിടം പൊളിച്ചുമാറ്റാനാകൂ. കരാർ തീയതി മുതൽ 18 മാസത്തിനകം നഗരസഭ നിർദ്ദേശിക്കുന്ന സ്ഥലത്ത് പുതിയ സ്മാർട്ട് വില്ലേജോഫീസ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കണം, തുടർന്ന് നിർദ്ദിഷ്ട ഭൂമിയും കെട്ടിടവും നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ച് കൈമാറണം എന്നീ വ്യവസ്ഥകളോടെയാണ് കരാർ.