ജില്ലാ ശാസ്ത്രോത്സവത്തിന്റെ പാചകപ്പുര ഒരുങ്ങി

കോട്ടയ്ക്കൽ : റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് വിരുന്നൊരുക്കാൻ പാചകപ്പുര ഉണർന്നു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി എടരിക്കോട് പി.കെ.എം.എം. ഹയർസെക്കൻഡറി സ്കൂൾ, ജി.യു.പി. സ്കൂൾ ക്ലാരി എന്നിവിടങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിൽ ദിവസവും 4,500 നും 5,000 ത്തിനും ഇടയിൽ ആളുകൾക്ക് ഭക്ഷണമൊരുക്കണം. പായസത്തോടുകൂടിയ വിഭവസമൃദ്ധമായ ഭക്ഷണമാണ് ഓരോ ദിവസവും വിളമ്പുന്നത്.
കോങ്ങാട് വിനോദ് സ്വാമിയുടെ നേതൃത്വത്തിലാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. പാലുകാച്ചൽച്ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗവും ഭക്ഷണക്കമ്മിറ്റി ചെയർമാനുമായ വി.ടി. സുബൈർ തങ്ങൾ, എടരിക്കോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ടി. സമദ്, ഡി.ഡി.ഇ. സലാവുദ്ദീൻ, പി.കെ.എം.എം. ഹയർസെക്കൻഡറി സ്കൂൾ മാനേജർ ബഷീർ പൂഴിക്കൽ, കോഡൂർ സർവീസ് സഹ. ബാങ്ക് പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ, എടരിക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുധീഷ് പള്ളിപ്പുറത്ത്, ജലീൽ മണമ്മിൽ, ജുബൈരിയ, എം.കെ. സുരേഷ് ബാബു, പി.എം.എസ്.എ.വി.എച്ച്.എസ്.എസ്. മാനേജർ ജഹ്ഫർ സാദിഖ് എന്നിവർ പങ്കെടുത്തു.
സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഫത്താഹ്, പ്രഥമാധ്യാപകൻ പ്രമോദ് വാഴങ്കര, ഭക്ഷണ കമ്മിറ്റി വൈസ് ചെയർമാൻ ഡോ. പി.എം. ആശിഷ്, എം. വിനോദ്, ഭക്ഷണ കമ്മിറ്റി കൺവീനർ സി.കെ. പത്മരാജ്, മീഡിയ കമ്മിറ്റി കൺവീനർ ഹരീഷ് എന്നിവർ സംസാരിച്ചു.