സി.എച്ച്. മുഹമ്മദ് കോയ ദേശീയ സെമിനാർ; സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും

#ന്യൂസ് ഡെസ്ക്

മലപ്പുറം: സിഎച്ച് മുഹമ്മദ് കോയ ചെയർ ഫോർ സ്റ്റഡീസ് ഓൺ ഡെവലപ്പിങ് സൊസൈറ്റീസ് സംഘടിപ്പിക്കുന്ന മൂന്നാമത് സിഎച്ച് മുഹമ്മദ് കോയ ദേശീയ സെമിനാർ ഈമാസം 26, 27 തീയ്യതികളിൽ നടക്കും. 'ജനാധിപത്യവും വികസനവും വെല്ലുവിളികളും സാധ്യതകളും' എന്ന പ്രമേയത്തിൽ കാലിക്കറ്റ് സർവകലാശാല സെമിനാർഹാളിലാണ് പരിപാടി.

26-ാം തീയതി രാവിലെ 10-ന് സി എച്ച് ചെയർ ഡോണർ സംഘടനയായ ഗ്രെയ്സ് എജ്യുക്കേഷൻ അസോസിയേഷൻ ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
കേരളം വ്യവസായ-എ.ഐ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, കേരളം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും. സംഘാടകസമിതി ചെയർമാൻ ഡോ. എം.കെ. മുനീർ, ടി.വി. ഇബ്രാഹിം എം.എൽ.എ, പ്രോ.വൈസ് ചാൻസലർ ഡോ. പി. റഷീദ് അഹ്‌മദ്, എം.സി. വടകര, പി.എ. റഷീദ് എന്നിവർ സംബന്ധിക്കും.

സിഎച്ച് ചെയർ വിസിറ്റിങ് പ്രൊഫസർ മുൻ കേന്ദ്ര നിയമ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹൻ ഗോപാൽ മുഖ്യപ്രമേയം വിശദീകരിച്ചു സംസാരിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിൽ ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. അമീർ അലി, ഡോ. ഹരീഷ് വാങ്കഡേ, ഡോ. അദീല അബ്ദുല്ല ഐ.എ.എസ്, പോളണ്ടിലെ യാഗ്യലോണിയൻ സർവകലാശാലയിലെ കമ്പാററ്റീവ് സ്റ്റഡീസ് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫ. അഭിലാഷ് മലയിൽ, പ്രമുഖ എഴുത്തുകാരിയും ചരിത്രകാരിയുമായ ജെ. ദേവിക, ഡൽഹി ജാമിയ മില്ലിയ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫ. യൂസുഫ് അലി, ബാംഗ്ലൂരിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിബറൽ ആർട്സ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആർദ്ര നീലകണ്ഠൻ ഗിരിജ, രാഷ്ട്രീയ നിരീക്ഷകൻ ഡോ. ജിന്റോ ജോൺ, രാഷ്ട്രീയ-നയരൂപീകരണ വിദഗ്ധനായ ഡോ. നൗഷാദ് തൂമ്പത്ത്‌, ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ബദ്രിയാ ബീഗം, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ട്രൈബൽ സ്റ്റഡീസ് അസിസ്റ്റന്റ് ഡോ. നാരായണൻ എം. ശങ്കരൻ എന്നിവർ സംസാരിക്കും.

തിരൂർ തുഞ്ചൻ സർവകലാശാല സ്കൂൾ ഓഫ് ഡവലപ്മെന്റ്സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫ. ഷംസീർ കേളോത്ത്‌, രാഷ്ട്രീയ നിരീക്ഷകൻ എ. മുഹമ്മദ്‌ ഹനീഫ, ഡോ. ആബിദാ ഫാറൂഖി, ഡോ. എ.കെ ഷാഹിന മോൾ, എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ശരീഫ് സാഗർ, അഡ്വ. തൊഹാനി എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരാവും.

കേരള മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, സ്പീക്കർ, ആഭ്യന്തര-വിദ്യാഭ്യാസ-പൊതുമരാമത്ത് വകുപ്പു മന്ത്രി, പാർലമെന്റംഗം തുടങ്ങിയ ഒട്ടേറെ പദവികൾ വഹിച്ച സിഎച്ച് മുഹമ്മദ് കോയയുടെ നൂറാം ജന്മശതാബ്ദി വർഷമാണ് 2026-ലേത്. സിഎച്ച് ചെയർ ഇതുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളവും ഡൽഹിയിലും ഒരു വർഷം നീളുന്ന വിവിധ പരിപാടികൾ നടത്താനുദ്ദേശിക്കുന്നതായും സംഘാടകർ അറിയിച്ചു.

250 രൂപയാണ് ദ്വിദിന സെമിനാറിന്റെ പ്രവേശന ഫീസ്. താമസം ആവശ്യമുള്ളവർ 250 രൂപ കൂടി അധികമടയ്ക്കണം. ഓൺലൈനായി സെമിനാറിൽ രജിസ്റ്റർചെയ്യാം.

സെമിനാർ സംഘാടക സമിതി ജനറൽ കൺവീനറും സി.എച്ച്. ചെയർ ഡയറക്ടറുമായ ഖാദർ പാലാഴി, സംഘാടക സമിതി വൈസ് ചെയർമാൻ ഡോ. വി.പി അബ്ദുൽ ഹമീദ് മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അശ്റഫ്‌ തൂണേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: The 3rd CH Muhammed Koya National Seminar takes place on the 26th and 27th of this month at Calicut University Seminar Hall., The central theme of the seminar is 'Democracy, Development, Challenges, and Opportunities'., Panakkad Sadiqali Shihab Thangal will inaugurate the event, which marks the centenary birth year of CH Muhammed Koya in 2026., Eminent academicians, ministers, and researchers from various universities will participate across multiple sessions.