'എം.ടി ഏകാകികളുടെ കഥാകാരന്‍, ഓരോ മലയാളിക്കും ഓരോ എം.ടിയുണ്ട്'-വൈശാഖന്‍

എം.ടി. സ്മൃതിസംഗമം എഴുത്തുകാരന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്യുന്നു | Photo: Mathrubhumi
എം.ടി. സ്മൃതിസംഗമം എഴുത്തുകാരന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്യുന്നു | Photo: Mathrubhumi

പാലക്കാട്: മലയാള സാഹിത്യലോകത്ത് ഏകാകികളുടെ കഥാകാരനാണ് എം.ടി. വാസുദേവന്‍ നായരെന്ന് എഴുത്തുകാരന്‍ വൈശാഖന്‍. ഓരോ മലയാളിക്കും ഓരോ എം.ടി.യുണ്ടെന്നും എം.ടി. സ്മൃതിസംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം, സ്വരലയ, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ജില്ലാ പബ്ലിക് ലൈബ്രറി, ഒ.വി. വിജയന്‍ സ്മാരകസമിതി, വനിതാസാഹിതി എന്നിവയാണ് ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പരിപാടി സംഘടിപ്പിച്ചത്.

എല്ലാ മലയാളികളുടെ ജീവിതത്തിലും എം.ടി.യുടെ ഒരു കഥാപാത്രമെങ്കിലും വായിക്കുമ്പോള്‍ അത് താനാണല്ലോയെന്ന് തോന്നുമെന്ന് വൈശാഖന്‍ പറഞ്ഞു. ജീവിതത്തില്‍ എപ്പോഴെങ്കിലും ഒറ്റപ്പെട്ടെന്ന് തോന്നുമ്പോള്‍ എം.ടി.യാണ് അവരുടെ കൈ പിടിക്കുന്നതെന്നും എം.ടി.യുമായുള്ള ഓര്‍മകള്‍ പങ്കുവെച്ച് അദ്ദേഹം പറഞ്ഞു.

സ്വരലയ പ്രസിഡന്റ് എന്‍.എന്‍. കൃഷ്ണദാസ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, മുണ്ടൂര്‍ സേതുമാധവന്‍, ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആര്‍. അജയന്‍, ടി.കെ. നാരായണദാസ്, ഡോ. പി. സരിന്‍, കണ്‍വീനര്‍ ആര്‍. ശാന്തകുമാരന്‍, പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റി പ്രസിഡന്റ് സി.പി. ചിത്രഭാനു തുടങ്ങിയവര്‍ സംസാരിച്ചു.

കെ.പി. മോഹനന്‍, ഇ.പി. രാജഗോപാലന്‍, മിനി പ്രസാദ്, മണമ്പൂര്‍ രാജന്‍ബാബു, ഫാറൂഖ് അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.

എം.ടി.യുടെ 'നാലുകെട്ട്' എന്ന നോവലിനെ ആസ്പദമാക്കി ഫോട്ടോപ്രദര്‍ശനം, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം, കേരളത്തിലെ പ്രധാനഛായാഗ്രാഹകര്‍ പകര്‍ത്തിയ എം.ടി. ചിത്രങ്ങളും അദ്ദേഹം തിരക്കഥയെഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത ചലച്ചിത്രങ്ങളും പോസ്റ്ററുകളും ഉള്‍ക്കൊള്ളിച്ച ചിത്രപ്രദര്‍ശനം എന്നിവയുണ്ടായിരുന്നു.
 

Content Highlights: writer vaisakhan about mt vasudevan nair