വേര്‍പാടിന് എട്ടുവയസ്സാകുന്നു; സ്ഥലനാമത്തില്‍ ഒതുങ്ങി അക്ബര്‍ കക്കട്ടില്‍ സ്മാരകം

അക്ബര്‍ കക്കട്ടില്‍ | ഫോട്ടോ: ജയേഷ് പി.
അക്ബര്‍ കക്കട്ടില്‍ | ഫോട്ടോ: ജയേഷ് പി.

കോഴിക്കോട്‌: എഴുത്തുകാരനും കേരള സാഹിത്യ അക്കാദമിയുടെ ഉപാധ്യക്ഷനുമായിരുന്ന അക്ബര്‍ കക്കട്ടിലിന് ജന്മനാട്ടില്‍ സ്മാരകമൊരുക്കാനുള്ള ശ്രമങ്ങള്‍ എട്ടുവര്‍ഷമായിട്ടും ലക്ഷ്യംകണ്ടില്ല. സാംസ്‌കാരികവകുപ്പ് സ്മാരകനിര്‍മാണത്തിനായി അരക്കോടി രൂപ അനുവദിച്ചിരുന്നെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ കഴിയാതെ നഷ്ടമാവുകയായിരുന്നു.

അമ്പലക്കുളങ്ങര അക്ബര്‍ കക്കട്ടില്‍ സ്മാരക ഗ്രന്ഥാലയവും അദ്ദേഹം പ്രവര്‍ത്തിച്ച വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും വട്ടോളി സഹൃദയ സാംസ്‌കാരികസമിതിയും എല്ലാവര്‍ഷവും ചരമദിനത്തോടനുബന്ധിച്ച് അനുസ്മരണപരിപാടികള്‍ നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് ഇതിലപ്പുറം ഒന്നും നടക്കുന്നില്ല. അദ്ദേഹത്തിന്റെ പേരില്‍ നിലവിലുള്ള അനുസ്മരണസമിതിയുടെ അനുസ്മരണവും അവാര്‍ഡുദാനവും വിവിധ സ്ഥലങ്ങളിലാണ് ഓരോ വര്‍ഷവും നടക്കാറുള്ളത്. ഈ വര്‍ഷം കുറ്റ്യാടിയിലാണ് അവാര്‍ഡുദാനവും അനുസ്മരണവും. സാഹിത്യരചനകളിലൂടെ കക്കട്ടിലിന്റെയും കടത്തനാടിന്റെയും ഗ്രാമ്യഭാഷയുടെ തനിമ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന എഴുത്തുകാരനാണ് അക്ബര്‍ കക്കട്ടില്‍. ജീവിതത്തിലും എഴുത്തിലും നര്‍മമധുരമായ ശൈലി കാത്തുസൂക്ഷിച്ച അദ്ദേഹത്തിന് വിപുലമായ ശിഷ്യസമ്പത്തും സൗഹൃദവലയവും ഇവിടെയുണ്ട്. വിദേശത്തും സ്വദേശത്തുമുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ശിഷ്യരെയും കൂട്ടിയിണക്കിയാല്‍ സ്മാരകം നിര്‍മിക്കാനുള്ള സ്ഥലം വിലയ്‌ക്കെടുക്കാന്‍ കഴിയും.

നോവല്‍, ചെറുകഥ, ഉപന്യാസം, നാടകം എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ രചനകളുടെ ഉടമകൂടിയാണ് അദ്ദേഹം. രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (സ്‌കൂള്‍ ഡയറി, വടക്ക് നിന്നൊരു കുടുംബ വൃത്താന്തം) മുണ്ടശ്ശേരി അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം എന്നിവയ്ക്കും അദ്ദേഹം അര്‍ഹനായി. 1954 ജൂലായ് ഏഴിന് കക്കട്ടിലെ പറമ്പത്ത് അബ്ദുള്ളയുടെയും സി.കെ. കുഞ്ഞാമിനയുടെയും മകനായി ജനിച്ച അക്ബര്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പുറമേ, കുറ്റ്യാടി ഗവ. ഹൈസ്‌കൂള്‍, കൂത്താളി ഹൈസ്‌കൂള്‍, കോട്ടയം ജില്ലാ നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. അധ്യാപക കഥാപ്രസ്ഥാനത്തിനും നേതൃത്വം കൊടുത്ത അദ്ദേഹത്തിന്റെ പാഠം മുപ്പത് മലയാളത്തിലെ ആദ്യ സര്‍വീസ് സ്റ്റോറിയായി പരിഗണിക്കുന്ന കൃതിയാണ്. 2016 ഫെബ്രുവരി 17-ന് അറുപത്തിരണ്ടാമത്തെ വയസ്സിലാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ ഉചിതമായ സ്മാരകം കക്കട്ടില്‍ത്തന്നെ ഉയരണമെന്നാണ് വായനക്കാരുടെ ആവശ്യം.

Content Highlights: Writer Akbar Kakkattil memorial, Kozhikode