നാം സ്വപ്നം കാണുന്നത് അഗ്‌നിപര്‍വതത്തിന്റെ മുകളിലിരുന്ന് - വൈശാഖന്‍

പാലക്കാട്: ശാസ്ത്രബോധം ഇല്ലാതാക്കിയും മതവിദ്വേഷം വളര്‍ത്തിയും ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന സാമൂഹികാവസ്ഥയില്‍ കഴിഞ്ഞുകൊണ്ടാണ് നാം ജീവിതസ്വപ്നങ്ങള്‍ കാണുന്നതെന്ന് കഥാകാരന്‍ വൈശാഖന്‍.
മതരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പോക്ക് അത്രമേല്‍ അഗ്‌നിപര്‍വത ഭീതിയുയര്‍ത്തുന്നതാണ്. പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റി പാലക്കാട് മോയന്‍ എല്‍.പി. സ്‌കൂളില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു മതരാഷ്ട്രത്തിലും ജനങ്ങള്‍ക്ക് സമാധാന ജീവിതമില്ല. രണ്ട് ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടതിന്റെ മൂന്നിരട്ടി പേര്‍ മതലഹളയില്‍ ലോകത്ത് മരിച്ചിട്ടുണ്ട്. എന്നിട്ടും രാജ്യം നീങ്ങുന്നത് മതരാഷ്ട്രത്തിലേക്കാണ്. മതചിഹ്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അവരവര്‍ക്കുതന്നെ അപകടകരമാവുന്ന കാലം വിദൂരമല്ല. മതേതരത്വവും ബഹുസ്വരതയും ഇല്ലാതാക്കി ജനാധിപത്യത്തെ തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ശാസ്ത്രബോധത്തെ ഇല്ലാതാക്കുന്നു. പാഠ്യപദ്ധതി തകിടം മറിക്കുന്നു. നീതിന്യായ വ്യവസ്ഥയില്‍ ഇടപെടുന്നു. രാജ്യത്തെ സാംസ്‌കാരിക രംഗമാകെ മലിനീകരിക്കപ്പെട്ടുവെന്ന് വൈശാഖന്‍ പറഞ്ഞു.
സാംസ്‌കാരികരംഗത്തെ മോശം പ്രവണതകളെ വിമര്‍ശിച്ചതിന്റെ പേരില്‍ വിമര്‍ശനം നേരിടേണ്ടിവന്ന ചലച്ചിത്ര അഭിനേത്രി ഗായത്രി വര്‍ഷയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്, 'വെളിച്ചത്തെ ചേര്‍ത്തുനിര്‍ത്താം' എന്ന സന്ദേശവുമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംഘം ജില്ലാ പ്രസിഡന്റ് സി.പി. ചിത്രഭാനു അധ്യക്ഷനായി.
പ്രണവം ശശിയുടെ ഗാനവും ഉണ്ണിക്കൃഷ്ണന്‍ അലനല്ലൂരിന്റെ കവിതയും ലതാ മോഹന്റെ ഏകപാത്രനാടകവും സമ്മേളനത്തിന്റെ തുടക്കമായി അരങ്ങേറി. ടി.ആര്‍. അജയന്‍, സി.പി. ചിത്ര, സുമംഗല, എം.എന്‍. ലതാദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Content Highlights: Vysakhan, Mathrubhumi, Purogamana Kala Sahithya Sangam