വാൻ ഗോഗിന്റെ 'ദി സ്റ്റാറി നൈറ്റ്' കേവലം ഭാവനയല്ല; തിരിച്ചറിഞ്ഞ് ശാസ്ത്രലോകം

ലോകമെമ്പാടുമുള്ള കലാപ്രേമികളെ ഒരു നൂറ്റാണ്ടിലേറെയായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന വിൻസെന്റ് വാൻ ഗോഗിന്റെ ഇതിഹാസചിത്രമാണ് 'ദി സ്റ്റാറി നൈറ്റ്'. കടുംനീലയും ഇളംനീലയും പശ്ചാത്തലമൊരുക്കുന്ന ആകാശത്ത് മഞ്ഞയും സ്വർണ്ണനിറവും ചാലിച്ച് വരച്ച തിളങ്ങുന്ന നക്ഷത്രങ്ങളും ചന്ദ്രക്കലയും, ഒപ്പം തീജ്വാലപോലെ ഉയർന്നുനിൽക്കുന്ന കടുംപച്ച നിറത്തിലുള്ള സൈപ്രസ് മരവും ചിത്രകാരന്റെ ഭാവന മാത്രമല്ലെന്നാണ് പുതിയ കണ്ടെത്തൽ. മറിച്ച്, 1889 ജൂലൈ 22-ന് ഫ്രാൻസിലെ ആകാശത്ത് ദൃശ്യമായ ഒരു യഥാർത്ഥ ജ്യോതിശാസ്ത്ര പ്രതിഭാസമായിരുന്നു അതെന്ന് ഗവേഷകർ സ്ഥിരീകരിക്കുന്നു. ദക്ഷിണകൊറിയയിൽ നിന്നുള്ള ഒരു കൂട്ടം ജ്യോതിശാസ്ത്രജ്ഞരാണ് നൂതന സാങ്കേതികവിദ്യയുടെയും ആസ്ട്രോണമി സോഫ്റ്റ്വെയറുകളുടെയും സഹായത്തോടെ ഈ അപൂർവ്വ ആകാശക്കാഴ്ച പുനർനിർമ്മിച്ചത്.
1889-ലെ വേനൽക്കാലത്ത് ഫ്രാൻസിലെ സെന്റ് റെമി ഡി പ്രൊവിൻസിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു മുപ്പത്തിയാറുകാരനായ വാൻ ഗോഗ്. തന്റെ മുറിയുടെ ജാലകത്തിലൂടെ പ്രഭാതത്തിന് തൊട്ടുമുമ്പുള്ള ആകാശത്തേക്ക് നോക്കിയപ്പോഴാണ് അദ്ദേഹത്തിന്റെ മനസ്സിൽ ഈ അമൂല്യചിത്രം പിറവികൊണ്ടത്. ദക്ഷിണ കൊറിയയിലെ ക്യോങ് ഹീ സർവകലാശാലയിലെ ഗവേഷകനായ എലിജ ജോങ്-ഹ്യുൻ കിമ്മിന്റെ നേതൃത്വത്തിലുള്ള സംഘം പറയുന്നത്, 1889 ജൂലൈ 22-ന് പുലർച്ചെ വാൻ ഗോഗ് കണ്ടത് കിഴക്കൻ ആകാശത്ത് തിളങ്ങിനിന്ന ശുക്രനെയും അതിനു തൊട്ടുമുകളിലായുള്ള ഒരു നേർത്ത ചന്ദ്രക്കലയെയുമാണെന്നാണ്. ചിത്രത്തിൽ കാണുന്ന തിളക്കമുള്ള വസ്തുക്കൾ ഇവതന്നെയാണ്.
കൂടാതെ, കാൻവാസിലെ പ്രത്യേക നക്ഷത്രക്കൂട്ടം ഇടവം രാശിയിലെ (Taurus) 'V' ആകൃതിയിലുള്ള 'ഹയാഡെസ്' (Hyades) എന്ന അഞ്ച് നക്ഷത്രങ്ങളുടെ കൂട്ടമാണെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. മേടം രാശിയിലെ (Aries) നക്ഷത്രങ്ങളാണെന്ന മുൻകാല ഗവേഷകരുടെ തെറ്റിദ്ധാരണ തിരുത്തുന്നതാണ് പുതിയ കണ്ടെത്തൽ. ഈ ഖഗോള വസ്തുക്കളെയെല്ലാം വ്യക്തമായി കാണാൻ സാധിക്കുന്ന വിധത്തിൽ മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമായിരുന്നു അന്നത്തേതെന്ന് കാലാവസ്ഥാ വിവരങ്ങൾ വ്യക്തമാക്കുന്നു.
വാൻ ഗോഗ് ഈ ചിത്രം വരച്ചതെന്നാണെന്ന കാര്യത്തിൽ കലാചരിത്രകാരന്മാർക്കിടയിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. 1889 ജൂൺ മാസത്തിലാണ് വാൻ ഗോഗ് ഇത് വരച്ചതെന്നായിരുന്നു പൊതുവായ വിശ്വാസം. സഹോദരനായ തിയോക്ക് എഴുതിയ കത്തിൽ 'സൂര്യോദയത്തിന് മുമ്പ് വലിയൊരു പ്രഭാതനക്ഷത്രത്തെ കണ്ടു' എന്ന് അദ്ദേഹം കുറിച്ചിരുന്നു. എന്നാൽ ജൂൺ പകുതിയോടെ ആകാശത്ത് നേർത്ത ചന്ദ്രക്കല ദൃശ്യമായിരുന്നില്ല. ചിത്രത്തിന്റെ യഥാർത്ഥ പ്രചോദനം ജൂൺ മാസത്തിലെ ആകാശമല്ല, മറിച്ച് ജൂലൈ 22-ലെ പ്രഭാതമാണെന്ന് പുതിയ പഠനം അടിവരയിടുന്നു.
വാൻ ഗോഗ് കേവലം ഒരു സാങ്കൽപ്പിക ആകാശമല്ല വരച്ചത്, പ്രകൃതിയിലെ പ്രതിഭാസങ്ങളെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് പകർത്തിയതാണെന്ന് മെക്സിക്കോയിലെ നാഷണൽ ഓട്ടോണമസ് യൂണിവേഴ്സിറ്റിയിലെ ഭൗതികശാസ്ത്രജ്ഞനായ ജോസ് ലൂയിസ് അരഗോൺ ചൂണ്ടിക്കാട്ടുന്നു. അതേസമയം, വാൻ ഗോഗ് തന്റെ സ്റ്റുഡിയോയിലിരുന്ന് ഓർമ്മകളിൽ നിന്നും പഴയ സ്കെച്ചുകളിൽ നിന്നുമാണ് ചിത്രം പൂർത്തിയാക്കിയതെന്നും, അതിനാൽ ഇത് പല രാത്രികളിലെ കാഴ്ചകളുടെ ഒരു സമന്വയമാകാം എന്നുമാണ് ആംസ്റ്റർഡാമിലെ വാൻ ഗോഗ് മ്യൂസിയം അധികൃതരുടെ അഭിപ്രായം.
ഇന്ന് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ (MoMA) സൂക്ഷിച്ചിരിക്കുന്ന ഈ വിഖ്യാത ചിത്രം പ്രകൃതിയും ശാസ്ത്രവും കലയും തമ്മിലുള്ള അപൂർവ്വവും സുന്ദരവുമായ ബന്ധത്തിന്റെ നേർസാക്ഷ്യമാണ്. വാൻ ഗോഗിന്റെ കാൻവാസിലെ നക്ഷത്രച്ചുഴികൾക്ക് പിന്നിൽ, 135 വർഷങ്ങൾക്ക് മുമ്പ് ഫ്രഞ്ച് ആകാശത്ത് വിരിഞ്ഞ യഥാർത്ഥ ജ്യോതിശാസ്ത്ര സംഭവമായിരുന്നുവെന്ന കണ്ടെത്തൽ ശാസ്ത്രലോകത്തിനും കലാപ്രേമികൾക്കും ഒരുപോലെ കൗതുകം പകരുന്നതാണ്.