വയലാര്‍ - ദേവരാജന്‍ സ്മാരക ഹാള്‍ കാടുകയറി നശിക്കുന്നു

നെടുമ്പാശ്ശേരി പോസ്റ്റ് ഓഫീസിനുസമീപം നിര്‍മിച്ച വയലാര്‍ - ദേവരാജന്‍ സ്മാരക സാംസ്‌കാരിക ഹാളിനുചുറ്റും കാടുകയറിയപ്പോള്‍ | ഫോട്ടോ: മാതൃഭൂമി
നെടുമ്പാശ്ശേരി പോസ്റ്റ് ഓഫീസിനുസമീപം നിര്‍മിച്ച വയലാര്‍ - ദേവരാജന്‍ സ്മാരക സാംസ്‌കാരിക ഹാളിനുചുറ്റും കാടുകയറിയപ്പോള്‍ | ഫോട്ടോ: മാതൃഭൂമി

നെടുമ്പാശ്ശേരി: മലയാളിക്ക് അനശ്വരഗാനങ്ങള്‍ സമ്മാനിച്ച വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടിന്റെ സ്മരണാര്‍ഥം നെടുമ്പാശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡ് 15-ല്‍ നെടുമ്പാശ്ശേരി പോസ്റ്റ് ഓഫീസിനുസമീപം നിര്‍മിച്ച വയലാര്‍-ദേവരാജന്‍ സ്മാരക സാംസ്‌കാരിക ഹാള്‍ കാടുകയറി നശിക്കുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് അന്നത്തെ വാര്‍ഡ് മെമ്പര്‍ സിദ്ധാര്‍ഥന്റെ ശ്രമഫലമായി 38 ലക്ഷം രൂപ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2019 നവംബറിലാണ് ഹാളിന്റെ പണി തുടങ്ങിയത്.

150 പേര്‍ക്ക് ഇരിക്കാവുന്ന ഹാളിന്റെ മിക്കവാറും പണി പൂര്‍ത്തിയായിട്ടും ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നില്ലന്നാണ് പരാതി. മുറ്റം ടൈലിടല്‍, വാട്ടര്‍ കണക്ഷന്‍, ഇലക്ട്രിക് കണക്ഷന്‍ നല്‍കല്‍, പെയിന്റിങ് എന്നീ പണികളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ഇതിന് അഞ്ചുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ടെങ്കിലും ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ തുക ഉള്‍പ്പെടുത്തിയിട്ടില്ലെന്നറിയുന്നു. അതിനാല്‍ നിര്‍മാണം നിലച്ചിരിക്കുകയാണ്. ഇതോടെ ഹാളിനുചുറ്റും കാട് കയറി. 

ഉദ്ഘാടനം നടത്താനായില്ലെങ്കിലും ചെറിയ പരിപാടികള്‍ക്ക് ഹാള്‍ തുറന്നുകൊടുത്താല്‍ ഹാളും പരിസരവും വൃത്തിയായി കിടക്കുമെന്ന് പൊതുപ്രവര്‍ത്തകരും നാട്ടുകാരും അഭിപ്രായപ്പെടുന്നു. ഇതിനായി പലവട്ടം സമീപിച്ചിട്ടും പഞ്ചായത്ത് അധികൃതര്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ തുക അനുവദിക്കാനോ ഹാള്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനോ തയ്യാറാകുന്നില്ലന്നാണ് ആക്ഷേപം. 

Content Highlights: Vayalar-Devarajan memorial hall, Nedumbassery grama panchayat, Ernakulam