'എന്തിനാ പഠിക്കുന്നത്?, നന്നായി പഠിച്ചാല്‍ നല്ല പഠിച്ച പെണ്ണിനെ കിട്ടും';ബഷീറിന്റെ ചോദ്യവും ഉത്തരവും

യൗവനത്തില്‍, ഞങ്ങള്‍ രണ്ടു കൂട്ടുകാര്‍ വൈക്കം മുഹമ്മദ് ബഷീറിനെ കാണാന്‍ ബേപ്പൂര്‍ വൈലാലില്‍ വീട്ടില്‍ പോയി. ബഷീര്‍ ആ 'പ്രശസ്തമായ' കിടപ്പില്‍, തലയണയില്നിന്ന് അല്പമൊന്ന് ശിരസ്സ് ചെരിച്ച് ഞങ്ങളെ നോക്കി, വീണ്ടും തലയണയിലേക്ക് മുഖമമര്‍ത്തി. ശ്വാസമെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഒരു ഇളംനീല പാന്റ്സും ഷര്‍ട്ടുമിട്ട് ചെറുബാല്യക്കാരനായ അനീസ് ബഷീറും പുനലൂര്‍ രാജനുമുണ്ട്. ബഷീറിന്റെ അസുഖംതന്നെയാണ് അവര്‍ പങ്കുവെക്കുന്നത്.
ഇടയ്ക്ക് ഫാബി ബഷീര്‍ വന്ന് ഞങ്ങളോട് ചോദിച്ചു:
''എവ്ട്ന്നാ വര്ന്നത്?''
''കണ്ണൂര്‍ മാടായീന്ന്''
ഫാബി ബഷീര്‍, അത് അല്പം ഉറക്കെ ആവര്‍ത്തിച്ചു: ''കണ്ണൂര്‍ന്നാ!''
ബഷീര്‍ കിടപ്പില്‍ നിന്നു പിന്നേം തിരിഞ്ഞുനോക്കി.
''എന്തിനാ പഠിക്കുന്നേ?''-ബഷീര്‍ ചോദിച്ചു.
പ്രീഡിഗ്രി കാലമാണ്.. ക്ലാസ് കട്ട് ചെയ്താണ് വരുന്നത് എന്നു ബഷീറിനോട് പറയണോ?
ഞങ്ങളെക്കൂടാതെ, നേരത്തേ വന്നുചേര്‍ന്ന ഏതോ സ്കൂളിലെ ഒരധ്യാപകനും രണ്ടു മൂന്നു ആണ്‍കുട്ടികളും അവിടെയുണ്ടായിരുന്നു. അവരും ബഷീറിനെ കൗതുകത്തോടെ നോക്കിനില്‍ക്കുകയാണ്. തലമുറകള്‍ക്കതീതമായി ഇത്ര നോട്ടംപതിഞ്ഞ മറ്റൊരെഴുത്തുകാരനും മലയാളത്തിലില്ല.
എന്നാല്‍, എന്തെങ്കിലും തിരിച്ചുപറയും മുമ്പേ ബഷീര്‍ ക്ലേശത്തോടെ ശ്വാസമെടുത്തുകൊണ്ടുപറഞ്ഞു: ''എന്തിനാ പഠിക്കുന്നേ? ഭാവിയില്‍ നല്ല പെണ്ണിനെ കിട്ടാന്‍... മനസ്സിലായോ? നന്നായിപ്പഠിച്ചാല് നല്ല പഠിച്ച പെണ്ണിനെ കിട്ടും... എല്ലാവരും പോയ്ക്കോ... മംഗളം.''
ഫാബി ബഷീര്‍ അത് കേട്ട് ചിരിച്ചു.
ഈ കാലത്ത് ആ മറുപടിക്ക് ഏറെ മുഴക്കമുണ്ട്. വിദ്യാഭ്യാസത്തിലൂടെ കിട്ടുന്ന സ്ത്രീയുണര്വുകളെക്കുറിച്ചാണ് ബഷീറിന്റെ പ്രധാനപ്പെട്ട കൃതികള്‍ സംസാരിക്കുന്നത്. ഈ വര്‍ഷം എണ്‍പതാം വാര്‍ഷികം പിന്നിടുന്ന 'ബാല്യകാല സഖി'യിലും സ്നേഹത്തിന്റെ അടിയടരുകളില്‍ ജ്ഞാനം ജിജ്ഞാസയോടെ നിറഞ്ഞുനില്ക്കുന്നതു കാണാം. ''എന്റെ, റബ്ബേ, എന്റെ കണക്കുകളെല്ലാം ശരിയാക്കിത്തരണേ!'' എന്നതായിരുന്നു മജീദിന്റെ ആദ്യത്തെ പ്രാര്‍ഥന. കണക്കില്‍ മിടുക്കിയായിട്ടും സുഹ്റായുടെ, ജീവിതവുമായി ബന്ധപ്പെട്ട കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിപ്പോവുകയും ചെയ്തു. ക്ലാസ് മുറികള്‍ക്കപ്പുറം ആകസ്മികമായ വിധികള്‍ പൂരിപ്പിക്കുന്ന അനുഭവങ്ങളുടെ ഗണിതക്രിയയാണ് ജീവിതം എന്നാണ് 'ബാല്യകാലസഖി'യിലൂടെ ബഷീര്‍ പറയുന്നത്.
'നമുക്ക് ആ സുഹ്റായെയും പഠിപ്പിച്ചാലെന്താ?' എന്നാണ് മജീദിന്റെ ആഗ്രഹം. ജ്ഞാനം, സ്നേഹം, പാരിസ്ഥിതികമായ അവബോധം ഇവയെല്ലാം ചേരുംപടി ചേര്ന്നുനില്ക്കുന്നു, 'ബാല്യകാലസഖി'യില്‍. മജീദിന്റെ വീട്ടുമുറ്റത്തെ ചെടി നനയ്ക്കുന്നത് അയല്‍ക്കാരിയായ സുഹ്റയാണ്.
യാഥാസ്ഥിതികനായ മജീദിന്റെ ഉപ്പ ആ ചെടികളില്‍ കാറിത്തുപ്പുകയും ചെയ്യുന്നു. പ്രണയത്തിന്റെ അടയാളമായി ചെടികള്‍ നടുന്നതും നനയ്ക്കുന്നതും തളിര്‍ക്കുന്നതും ബഷീറിന്റെ നോവലുകളില്‍ കാണാം. മിക്കവാറും എല്ലാ ചെടികളും തളിര്‍ത്തിട്ടുമുണ്ട്. ജീവിതം പിന്നെപ്പിന്നെ വാടിയ 'ബാല്യകാല സഖി'യിലും പ്രണയച്ചെടിക്ക് വാട്ടം സംഭവിക്കുന്നില്ല.
എന്തിനാ പഠിക്കുന്നേ, നല്ല പെണ്ണിനെ കിട്ടാന്‍ എന്ന് ബഷീര്‍ പറഞ്ഞ ആ തമാശയുടെ അര്‍ഥവത്തായ മുഴക്കം ഈ കാലത്ത് മാട്രിമോണിയല്‍ പരസ്യം കണ്ടാല്‍തന്നെ ബോധ്യമാകും. പെണ്‍കുട്ടികള്‍ ഉഗ്രന്‍, ഉഗ്രന്‍ ജ്ഞാന ബോധ്യങ്ങളുമായി മുന്നോട്ടുപോവുകയാണ്.
Content Highlights: Author Thaha Madayi shares memory of Vaikkom Muhammed Basheer