യു.എ. ഖാദർ കഥാപുരസ്കാരം അനൂപ് ചന്ദ്രൻറെ കടുവാപ്പാതിയ്ക്ക്

യു.എ. ഖാദർ കഥാപുരസ്കാരം അനൂപ് ചന്ദ്രന് (ഇടത്) കെ.വി. മോഹൻകുമാർ സമ്മാനിക്കുന്നു
യു.എ. ഖാദർ കഥാപുരസ്കാരം അനൂപ് ചന്ദ്രന് (ഇടത്) കെ.വി. മോഹൻകുമാർ സമ്മാനിക്കുന്നു

കോഴിക്കോട്: 2025ലെ യു.എ. ഖാദർ കഥാപുരസ്കാരം അനൂപ് ചന്ദ്രൻറെ കടുവാപ്പാതിയ്ക്ക്. മാതൃഭൂമി ന്യൂസിലെ അസിസ്റ്റൻറ് ന്യൂസ് എഡിറ്ററായ അനൂപ് ചന്ദ്രൻറെ ആദ്യകഥാസമാഹാരമാണ് കടുവാപ്പാതി. കോഴിക്കോട് നടന്ന ചടങ്ങിൽ കെ.വി. മോഹൻകുമാർ പുരസ്കാരം സമ്മാനിച്ചു.

കടുവാപ്പാതിയുടെ രണ്ടാം പതിപ്പിൻറെ പ്രകാശനവും ചടങ്ങിൽ നടന്നു. ഗാനരചയിതാവും കവിയുമായ കൈതപ്രം ഉദ്ഘാടകനായിരുന്നു. യു എ ഖാദർ നോവൽ പുരസ്കാരം കൈതപ്രം കെ വി മോഹൻ കുമാറിന് സമ്മാനിച്ചു. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഉല എന്ന നോവലിനാണ് പുരസ്കാരം. പേരക്ക ബുക്സ് ആണ് പുരസ്കാരങ്ങൾ നൽകുന്നത്. കുഞ്ഞുണ്ണി കവിത പുരസ്കാരം സലാം കരുവമ്പൊയിലിൻറെ വാക്കുകൊത്തും വാൾമുനകൾ എന്ന കൃതിക്ക് ലഭിച്ചു. പ്രദീപ് കുഞ്ചുവിന് കഥയിലും ശിബി മൃദലാലിന് കവിതയിലും യുവസാഹിതി പുരസ്കാരവും ലഭിച്ചു. മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി. ചന്ദ്രനും എഴുത്തുകാരായ യു.കെ. കുമാരൻ, പി.കെ. പാറക്കടവ്, പി.കെ. ഗോപി തുടങ്ങിയവരും മുഖ്യാതിഥികളായിരുന്നു.

Content Highlights: Anup Chandran`s debut story collection, Kaduvapathi, honored with the 2025 UAE Khader Story Award