ലൈബ്രേറിയന്‍ യശോദ ഷേണായ് ;വയസ്സ് പതിമൂന്ന്!

ലൈബ്രറിയില്‍നിന്നെടുത്ത പുസ്തകം തിരികെനല്‍കാന്‍ വൈകിയതിന് പിഴയടയ്ക്കാന്‍ പറഞ്ഞപ്പോള്‍ യശോദയ്ക്ക് വലിയ സങ്കടമായി. വായിക്കണമെന്ന ആഗ്രഹത്തിലെടുത്ത പുസ്തകമാണ്. അതിന്റെപേരില്‍ പിഴയോ? മകളുടെ സങ്കടം അച്ഛന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അറിഞ്ഞവരെല്ലാം അവള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചു. പുസ്തകങ്ങള്‍ കൂമ്പാരമായപ്പോള്‍ വീട്ടില്‍ത്തന്നെ ഒരു ലൈബ്രറി തുടങ്ങിയാലോ എന്ന ചിന്തയിലായി യശോദ. മാതാപിതാക്കള്‍ വീടിന്റെ മുകള്‍നില വിട്ടുകൊടുത്തതോടെ യാഥാര്‍ഥ്യമായത് മനോഹരമായൊരു ലൈബ്രറി. ഇപ്പോള്‍ ആറായിരത്തിലേറെ പുസ്തകങ്ങളുള്ള 'യശോദ ലൈബ്രറി' നൂറുകണക്കിനു പുസ്തകപ്രേമികളുടെ സ്നേഹക്കൂടാണ്.
അംഗത്വം സൗജന്യം, മാസവരി കൊടുക്കേണ്ട, തിരികെയെത്തിക്കാന്‍ വൈകിയാല്‍ പിഴയൊടുക്കേണ്ട. മട്ടാഞ്ചേരി ടി.ഡി. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ യശോദ ഷേണായിയുടെ ലൈബ്രറിയുടെ വിശേഷണങ്ങള്‍ ഇതൊക്കെയാണ്.''അന്ന് എനിക്കു വലിയ സങ്കടം തോന്നി. പാവപ്പെട്ട ആളുകള്‍ എങ്ങനെയാണ് പിഴയടയ്ക്കുക? എന്റെ സങ്കടം എങ്ങനെയോ അറിഞ്ഞ് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍ ഫോണില്‍ വിളിച്ചിരുന്നു. തിരുവനന്തപുരത്തുചെന്ന എനിക്ക് 108 പുസ്തകങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. അച്ഛന്റെ സുഹൃത്തുക്കളും മറ്റും കുറേ പുസ്തകങ്ങള്‍ എത്തിച്ചു''- യശോദ പറഞ്ഞു.
മട്ടാഞ്ചേരി ക്ഷേത്രത്തിനു സമീപത്തെ ചെറിയ വീടിന്റെ മുകള്‍നിലയില്‍ ഇപ്പോള്‍ മലയാള സാഹിത്യത്തിലെ ഒട്ടുമിക്ക കൃതികളുമുണ്ട്. ആര്‍ട്ടിസ്റ്റായ അച്ഛന്‍ ദിനേശ് ഷേണായിയും അമ്മ ബ്രഹ്മജയും സഹോദരന്‍ അച്യുതും എന്തിനും യശോദയുടെ കൂടെയുണ്ട്. സ്‌കൂള്‍ വിട്ടുവന്നാല്‍ ലൈബ്രറിയിലിരുന്നാണ് എട്ടാം ക്ളാസുകാരി യശോദയുടെ പഠനം. ഇതിനിടയില്‍ വരുന്നവര്‍ക്കെല്ലാം പുസ്തകങ്ങള്‍ നല്‍കുകയും ചെയ്യും.
ലൈബ്രറി രണ്ടാം വര്‍ഷത്തിലേക്കു കടക്കുമ്പോഴാണ് കോവിഡ്കാലം വരുന്നത്. ഇപ്പോള്‍ ലൈബ്രറിയിലെത്തുന്നവരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ വീടിനുമുന്നില്‍ നിര്‍ത്തി സാനിറ്റൈസര്‍ പുരട്ടി യശോദ പുസ്തകങ്ങള്‍ കൊടുക്കും. തിരികെ കൊണ്ടുവരുന്ന പുസ്തകങ്ങള്‍ ഒരാഴ്ചയോളം പ്രത്യേക മുറിയില്‍ സൂക്ഷിച്ച് അണുവിമുക്തമാക്കിയ ശേഷമാണ് മറ്റുള്ളവര്‍ക്കു നല്‍കുന്നത്.
Content Highlights: Yasodha Shenoy, Home Library
Content Highlights: