പ്രിയപ്പെട്ട ഗുൽമുഹമ്മദ് ഇത് വായിച്ചെങ്കിൽ, നോവും ഓർമയിൽ കഥാകാരൻ

കണ്ണൂർ: 'ഗുൽ മുഹമ്മദ്, പ്രിയപ്പെട്ടവനെ നീ എവിടെയാണ്? നീ മലയാളം പഠിച്ചുവോ? മുറിവുകളുടെ ആ ബാല്യം മറന്ന്, പ്രസന്നമായ ഒരു ലോകത്ത് പ്രത്യാശനിറഞ്ഞ ചിരിയുമായി നീ ജീവിച്ചിരിപ്പുണ്ടാകുമെന്ന് ഞാൻ കരുതുന്നു.' ഇങ്ങനെ തന്റെ കഥാപാത്രത്തെ അന്വേഷിക്കുന്നത് മറ്റാരുമല്ല, കഥയുടെ കുലപതി ടി. പത്മനാഭനാണ്.
താഹ മാടായി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പത്മനാഭന്റെ ജീവചരിത്രമായ 'ടി. പത്മനാഭൻ ജീവിത കഥ'യിലാണ് അത്യന്തം ഹൃദയസ്പർശിയായ ഈ ഓർമ്മയുള്ളത്.
കുട്ടികൾ ഉൾപ്പെടെ നിത്യജീവിതത്തിലെ പലരെയും പത്മനാഭൻ കഥാപാത്രങ്ങളാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ കഥാസമാഹാരം കഥാപാത്രങ്ങൾക്ക് നൽകിയാണ് കഥാകൃത്ത് പ്രകാശനം ചെയ്തത്. ഈ പുസ്തകത്തിലാണ് പത്മനാഭൻ സ്വന്തം കഥാപാത്രത്തെ തേടുന്നത്.
വർഷങ്ങൾക്ക് മുൻപ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എവിടെനിന്നോ വന്നിറങ്ങിയ കുട്ടിയെക്കുറിച്ചുള്ള വാർത്തയാണ് ഗുൽ മുഹമ്മദിലേക്കും കഥയിലേക്കും പത്മനാഭനെ എത്തിച്ചത്. ശരീരത്തിൽ മുറിപ്പാടുകളുമായി വഴിതെറ്റിയെത്തിയ പന്ത്രണ്ടുവയസ്സുകാരന് ഉറുദു മാത്രമാണ് അറിയാമായിരുന്നത്. ഭക്ഷണവും വെള്ളവും നൽകി പോലീസുകാർ അവനെ കണ്ണൂർ ദീനുൽ ഇസ്‌ലാം സഭ യതീംഖാനയിലാക്കി. മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദായിരുന്നു ആ യത്തീംഖാനയുടെ അന്നത്തെ ചെയർമാൻ. കുട്ടികൾ വേദനിക്കുമ്പോൾ, അത് ആരുടെ ഹൃദയത്തിലാണ് സങ്കടം തീർക്കാതിരിക്കുകയെന്ന് പത്മനാഭൻ ചോദിക്കുന്നു.
വാർത്ത വന്ന് ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം യത്തീംഖാനയിൽ ചെന്നു.
ആ കുഞ്ഞുജീവിതത്തിലെ നോവുകൾ കേട്ടറിഞ്ഞു. യതീംഖാനയുടെ അന്തരീക്ഷം കണ്ടപ്പോൾ കാരുണ്യവാനായ പ്രവാചകനെയാണ് തനിക്ക് ഓർമ്മവന്നതെന്ന് പത്മനാഭൻ. പിന്നീടത് 'മാതൃഭൂമി'യിൽ കഥയായി. ഏറെ വായിക്കപ്പെട്ട ഗുൽ മുഹമ്മദ് എന്ന കഥ.
വർഷങ്ങൾക്കിപ്പുറം തന്റെ ജീവചരിത്രത്തിലൂടെ അത്യന്തം ഹൃദയസ്പർശിയായ ആ ഓർമ്മ പങ്കുവെക്കുകയാണ് പത്മനാഭൻ. ഒപ്പം ഒരാഗ്രഹവും, പ്രിയപ്പെട്ട ഗുൽമുഹമ്മദ് ഇത് വായിച്ചെങ്കിൽ.
Content Highlights: Renowned writer T. Padmanabhan searches for his beloved character Gul Mohammed in his biography.