പല വിഷയങ്ങളിലും തൊട്ടുപോവുകമാത്രം ചെയ്തു, അഴീക്കോട് വിളിച്ചുപറയാത്ത സത്യങ്ങളും ഏറെ- ടി. പത്മനാഭന്‍

ടി. പത്മനാഭന്‍ | ഫോട്ടോ:  മധുരാജ്‌
ടി. പത്മനാഭന്‍ | ഫോട്ടോ: മധുരാജ്‌

തിരുവനന്തപുരം: ആളുകള്‍ പറയാന്‍ മടിച്ചിരുന്ന ഒട്ടേറെ കാര്യങ്ങള്‍ തുറന്നുപറഞ്ഞിട്ടുള്ള സുകുമാര്‍ അഴീക്കോട് വിയോജിപ്പ് കാരണം ഒരുപാട് സത്യങ്ങളും വിളിച്ചുപറയാതെ പോയിട്ടുണ്ടെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. ഡോ. സുകുമാര്‍ അഴീക്കോട് സ്മാരക ട്രസ്റ്റിന്റെ അഴീക്കോട് സ്മാരക അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴീക്കോട് വിളിച്ചുപറഞ്ഞിരുന്നെങ്കില്‍ കേരളത്തില്‍ കാറ്റും കോളുമുണ്ടാകുമായിരുന്നു. പല വിഷയങ്ങളിലും അദ്ദേഹം തൊട്ടുപോവുക മാത്രമായിരുന്നു. ജാതിചിന്ത തൊട്ടുതീണ്ടിയിട്ടില്ലാത്ത മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. പേര് സുകുമാര്‍ അഴീക്കോട് എന്നാക്കിയിട്ടും താന്‍ ദേഷ്യം പിടിപ്പിക്കാനായി ആള്‍ക്കാരുടെ മുന്നില്‍വെച്ച് 'സുകുമാരാ' എന്ന് നീട്ടിവിളിക്കുമായിരുന്നു. 

അങ്ങനെ ഇണങ്ങിയും പിണങ്ങിയുമാണ് കഴിഞ്ഞിരുന്നത്. ഒരു കോണ്‍ഗ്രസുകാരനായിരുന്നിട്ടും തന്നോട് ആത്മബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു കമ്യൂണിസ്റ്റ് ആചാര്യന്‍ പി. ഗോവിന്ദപ്പിള്ളയെന്നും പത്മനാഭന്‍ പറഞ്ഞു. കമ്യൂണിസ്റ്റുകാരനാണെങ്കിലും സ്വതന്ത്രചിന്തയുള്ള ആളായിരുന്നു പി.ജി.യെന്നും അദ്ദേഹം പറഞ്ഞു.

എണ്ണത്തില്‍ കുറവാണെങ്കിലും എഴുതിയതെല്ലാം മികച്ചവയാണ് എന്നതാണ് ടി. പത്മനാഭന്റെ മഹിമയെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. എഴുത്തിനൊപ്പം മൂര്‍ച്ചയുള്ള വ്യക്തിത്വവുമാണ്.

ഡോ. സുകുമാര്‍ അഴീക്കോട് സ്മാരക ദേശീയട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം മന്ത്രി ശിവന്‍കുട്ടിയില്‍ നിന്ന് ടി. പത്മനാഭന്‍ സ്വീകരിക്കുന്നു. 

അദ്ദേഹം ആര്‍ക്കുവേണ്ടിയും മുഖംമൂടി അണിഞ്ഞിട്ടില്ല. സുകുമാര്‍ അഴീക്കോടും അതുപോലെ ഏതു വിഷയത്തിലും നിര്‍ഭയമായും കൃത്യമായും പ്രതികരിച്ചിരുന്നു. മലയാളത്തില്‍ സത്യസന്ധതയുടെ പ്രവാചകനായിരുന്നു സുകുമാര്‍ അഴീക്കോടെന്നും മന്ത്രി പറഞ്ഞു. 

ടി. പത്മനാഭന് മന്ത്രി ശിവന്‍കുട്ടി അവാര്‍ഡ് സമ്മാനിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ശാസ്താന്തല സഹദേവന്‍ അധ്യക്ഷനായി. ചെയര്‍മാന്‍ ഡോ. കെ.സുധാകരന്‍, ജനറല്‍ സെക്രട്ടറി പനവിള രാജശേഖരന്‍, ഭാരവാഹികളായ ഡോ. വി.ആര്‍. ജയറാം, ശിവദാസന്‍ കുളത്തൂര്‍, കവി ഡോ. ഇന്ദ്രബാബു തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: T. Padmanabhan receives azhikode memorial award