'ഞാനൊരു തമാശ പറയാം' എന്ന് പറഞ്ഞുകൊണ്ടാണ് മാഷ് തമാശ തുടങ്ങുക; വാക്കിന്റെ തിരയിരമ്പത്തിന് 100 വയസ്സ്

കണ്ണൂര്‍: തന്റെ ദൃഷ്ടിയില്‍പ്പെടുന്ന നേരമ്പോക്കുകള്‍ ഒരു നോട്ടുപുസ്തകത്തില്‍ കുറിച്ചുവെക്കുന്ന ശീലമുണ്ടായിരുന്നു ഡോ. സുകുമാര്‍ അഴീക്കോടിന്. 'സരസാശയാവലി' എന്നായിരുന്നു ആ കുറിപ്പുകള്‍ക്കിട്ട പേര്. കേരളത്തില്‍ പല ജാതിക്കാരുടെയുമിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന തമാശകള്‍, തമാശപദ്യങ്ങള്‍ എല്ലാം ഇതിലുള്‍പ്പെട്ടിരുന്നു. ഗൗരവതരമായ പരാമര്‍ശങ്ങളും കാണും ഇത്തരം കുറിപ്പുകളില്‍. എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ദീനബന്ധു'വില്‍ ജോലിചെയ്തിരുന്ന കാലം. ഗാന്ധിജിയുടെ 'ഹരിജ'ന്റെ മലയാളപരിഭാഷയായ 'മലയാള ഹരിജന്‍' പ്രസിദ്ധീകരിച്ചിരുന്നത് 'ദീനബന്ധു'വാണ്.
ഗാന്ധിജിയുടെ ഇംഗ്ലീഷ് ലേഖനങ്ങള്‍ പരിഭാഷപ്പെടുത്തുന്ന ജോലിയായിരുന്നു മുഖ്യം. ഇക്കാലത്തുതന്നെ തുടങ്ങിയതാണ് ഈ കുറിച്ചുവെക്കല്‍ ശീലം. ഈ കുറിപ്പുകളില്‍ പലതും മാഷ് പിന്നീട് തന്റെ പ്രസംഗങ്ങളില്‍ ഭംഗിയായി വിളക്കിച്ചേര്‍ത്തിരുന്നു.
- മാഷിന്റെ കുറിപ്പുകളില്‍ ചിലത് ഒരാള്‍ സന്ന്യസിക്കാന്‍ പോയി. ആശ്രമത്തില്‍ എലികള്‍ കൂടിയതോടെ ഒരു പൂച്ചയെ വളര്‍ത്തി. പൂച്ചയ്ക്ക് പാലുകൊടുക്കാന്‍ ഒരു പശുവിനെ വളര്‍ത്തി. പശുവിനെ നോക്കാന്‍ ഒരു സ്ത്രീയെ കൊണ്ടുവന്നു, കുട്ടികളുമായി.
- മകന്‍: മേശപ്പുറത്തെ നാല് ഈച്ചകളില്‍ രണ്ടെണ്ണം ആണും രണ്ടെണ്ണം പെണ്ണുമാണ്. അച്ഛന്‍ അദ്ഭുതപ്പെട്ടു. കാരണം ചോദിച്ചു. രണ്ടെണ്ണം സിഗരറ്റ് ടിന്നിന്മേലും മറ്റ് രണ്ടെണ്ണം കണ്ണാടിമേലുമാണ് ഇരിക്കുന്നത്.
- കഷണ്ടിയായ ഒരാളോട് ബാര്‍ബര്‍ മൂന്നിരട്ടി കൂലിയെടുത്തു. മുടി കണ്ടുപിടിച്ച് മുറിക്കണമെന്നതായിരുന്നു കാരണം.
- പത്രപ്രവര്‍ത്തകന്‍ ദൈവത്തെ കാണാന്‍ചെന്നു. താന്‍ ഇല്ലെന്ന് പറഞ്ഞേക്കുമോ എന്നുകരുതി ഉടന്‍ ദൈവം അവനെ അകത്തേക്ക് കയറ്റിവിടാന്‍ അനുമതി നല്‍കി.
- യുവകവി ആപ്പീസില്‍ ചെന്നപ്പോള്‍ പ്യൂണ്‍ പറഞ്ഞു: പത്രാധിപര്‍ അവിടെയില്ലെന്ന്. യുവാവ്: അയാളെ ജനലരികില്‍ കണ്ടിരുന്നല്ലോ.
പ്യൂണ്‍: അതിനുമുന്‍പേ അദ്ദേഹം നിങ്ങളെ കണ്ടിരുന്നു.
തമാശ ഏറ്റവും പ്രിയപ്പെട്ടത്
പ്രസംഗം കത്തിക്കയറുന്നതിനിടെ സമകാലികമായ ഒരു തമാശ പുറത്തെടുക്കുകയെന്നത് മാഷിന്റെ ശീലമായിരുന്നു. ആ തമാശ പറഞ്ഞുകഴിയുമ്പോഴേക്കും നേരത്തേ പറഞ്ഞ വിഷയം മറന്നുപോയിട്ടുണ്ടാകും. അപ്പോള്‍ സദസ്സിന്റെ മുന്‍നിരയിലിരിക്കുന്നവരോട് 'എവിടെയാണ് ഞാന്‍ പറഞ്ഞുനിര്‍ത്തിയത്' എന്ന ചോദ്യമുയരും. മിക്കവരും ഉത്തരം പറയും, ചിലര്‍ പതറിപ്പോകും. എങ്കിലും സദസ്സില്‍നിന്നാരെങ്കിലും വിഷയം വിളിച്ചുപറയും. വീണ്ടും പ്രസംഗം പഴയ താളത്തിലാകും.
മാഷിന്റെ ആക്ഷേപഹാസ്യ വിരുത് പ്രഭാഷണത്തിലും എഴുത്തിലും വെട്ടിത്തിളങ്ങിയതാണ് -ഡോ. സുകുമാര്‍ അഴീക്കോടുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നയാളും കണ്ണൂര്‍ എസ്എന്‍ കോളേജിലെ റിട്ട. ഇംഗ്ലീഷ് അധ്യാപകനുമായ പ്രൊഫ. എം. മുഹമ്മദ് പറയുന്നു. തമാശ എന്ന എത്രയും ചെറിയ വാക്ക് മാഷിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. 'ഞാന്‍ ഒരു തമാശ പറയാം' എന്ന് പറഞ്ഞുകൊണ്ടാണ് മാഷ് തമാശ പറഞ്ഞുതുടങ്ങുക -അദ്ദേഹം പറയുന്നു.
Content Highlights: Sukumar azhikode centenary memories