മക്കള്‍ക്ക് കത്തെഴുതൂ; ലോകമെമ്പാടുമുള്ള അച്ഛന്മാരോട് ആഹ്വാനവുമായി 'അഡോളസെന്‍സ്' താരം; ലക്ഷ്യം പുസ്തകം

ലോകമെമ്പാടുമുള്ള പിതാക്കന്മാരോട് തങ്ങളുടെ മക്കള്‍ക്ക് കത്തെഴുതാന്‍ ആവശ്യപ്പെടുന്ന ആഗോള പദ്ധതിയുമായി അഡോളസെന്‍സ് സീരീസ് താരം സ്റ്റീഫന്‍ ഗ്രഹാം.
പ്രശസ്ത സൈക്കോളജിസ്റ്റും അധ്യാപികയുമായ ഓര്‍ലി ക്ലൈനുമായി ചേര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട കത്തുകളെല്ലാം സമാഹരിച്ച്, പുരുഷത്വത്തെയും വര്‍ത്തമാനകാലത്തെ ആണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളെയും സംബന്ധിച്ചുള്ള ഒരു പുസ്തകം തയ്യാറാക്കുക എന്നതാണ് സ്റ്റീഫന്‍ ഗ്രഹാം ലക്ഷ്യമിടുന്നത്.
പുരുഷനായിരിക്കുക എന്നാല്‍ എന്താണെന്നതിനോടൊപ്പം തന്നെ തങ്ങളുടെ പിതൃത്വാനുഭവങ്ങളെക്കുറിച്ചും മക്കള്‍ക്ക് വിശദീകരിച്ച് എഴുതുവാനാണ് ലോകത്തെ പിതാക്കന്മാരോട് താരത്തിന്റെ ആഹ്വാനം. കത്തുകള്‍ തികച്ചും വ്യക്തിപരമായിരിക്കണമെന്നും 'നമ്മുടെ മക്കള്‍ക്കുള്ള കത്തുകള്‍' എന്ന പേരില്‍ പുസ്തകമാക്കാനാണ് പദ്ധതിയെന്നും ഗ്രഹാം തുറന്നുപറയുന്നു. 2026-ല്‍ ബ്ലൂംസ്‌ബെറിയാണ് പുസ്തകം പ്രസിദ്ധീകരിക്കുക.
''മുമ്പെങ്ങുമില്ലാത്ത വിധം അച്ഛന്മാരും മക്കളും തമ്മില്‍ വലിയൊരു അകല്‍ച്ചയുണ്ടെന്ന് പറയാം,'' ഗ്രഹാം പറഞ്ഞു. 'എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരില്‍ നിന്നും ഞങ്ങള്‍ കേള്‍ക്കാനാഗ്രഹിക്കുന്നു; ആദ്യമായി അച്ഛനായവര്‍, കൂടെയില്ലാത്ത അച്ഛന്മാര്‍, കൂടെയുണ്ടായിട്ടും യഥാര്‍ത്ഥത്തില്‍ കൂടെയില്ലാതിരുന്നവര്‍, മക്കളെ നഷ്ടപ്പെട്ടവര്‍, അതുപോലെ 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്ന് പറയാന്‍ ഒരു വഴി തേടുന്നവര്‍, തങ്ങളുടെ മക്കള്‍ അവര്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടവരാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നവര്‍, ഒരു പുരുഷനായിരിക്കുക എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് തുറന്നു സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍... ഇവരില്‍ നിന്നെല്ലാം ഞങ്ങള്‍ക്ക് കേള്‍ക്കണം.'- ഗ്രഹാം തന്റെ ആശയം വിശദമാക്കുന്നു.
ഒക്ടോബര്‍ 15 ബുധനാഴ്ച മുതല്‍ 2026 ജനുവരി 12 വരെ ലോകമെമ്പാടുമുള്ള പിതാക്കന്മാര്‍ക്ക് പദ്ധതിയുടെ വെബ്‌സൈറ്റ് വഴി തങ്ങളുടെ കത്തുകള്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുത്ത കത്തുകള്‍, ഗ്രഹാമിന്റെയും മറ്റ് പ്രമുഖ വ്യക്തികളുടെയും എഴുത്തുകള്‍ക്കൊപ്പം പ്രസിദ്ധീകരിക്കും.
ഇന്നത്തെ കാലത്ത് ഒരു പുരുഷനായിരിക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് തുറന്നു സംസാരിക്കാന്‍ അച്ഛന്മാര്‍ക്കും മക്കള്‍ക്കും എത്ര കുറഞ്ഞ അവസരങ്ങളാണുള്ളതെന്ന് ഞാന്‍ 'അഡോളസെന്‍സി'നു ശേഷം തിരിച്ചറിഞ്ഞുവെന്നും താരം പറഞ്ഞു.
യു.കെയിലും പുറത്തുള്ള രാജ്യങ്ങളിലും പിതാക്കന്മാരുടെ പങ്കിനെക്കുറിച്ചും പുരുഷ മാതൃകകളെക്കുറിച്ചും, അനോരോഗ്യകരമായ ഓണ്‍ലൈന്‍ സ്വാധീനങ്ങളെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട സീരീസായിരുന്നു അഡോളസെന്‍സ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളെ ചെറുക്കാനും അവബോധം സൃഷ്ടിക്കാനും ഈ സീരീസ് സഹായിക്കുമെന്ന് വാദിച്ച് എംപിയായ അന്നലീസ് മിഡ്ഗ്ലി, പാര്‍ലമെന്റിലും സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചിരുന്നു. കൗമാരക്കാരായ തന്റെ മക്കള്‍ക്കൊപ്പം ഈ സീരീസ് കണ്ടത് 'ഹൃദയത്തില്‍ തട്ടി' എന്ന് അദ്ദേഹം പറഞ്ഞു. 2026 മാര്‍ച്ച് 31-ന്, ഈ പരമ്പര യുകെയിലെ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു.
ഇങ്ങനെയൊരു പുസ്തകത്തെക്കുറിച്ചുള്ള ആശയം ഓര്‍ലി ക്ലൈന്‍ സ്വയം നടപ്പാക്കിയ ഒരു പരീക്ഷണത്തില്‍ നിന്നാണ് ഉടലെടുത്തത്. സ്വന്തം മകന് 13 വയസ്സായപ്പോള്‍, പ്രായപൂര്‍ത്തിയാകുന്നതിനെക്കുറിച്ചുള്ള ഉപദേശങ്ങള്‍ നല്‍കി കത്തെഴുതാന്‍ അവര്‍ തന്റെ പുരുഷ സുഹൃത്തുക്കളോട് ആവശ്യപ്പെടുകയായിരുന്നു. ഇതേക്കുറിച്ച് അവര്‍ ഗ്രഹാമിന്റെ ഒരു പൊതുസുഹൃത്തിനോട് സംസാരിച്ചപ്പോഴാണ് 'പുസ്തകം എന്ന ആശയത്തിലേക്കെത്തിച്ചേരുന്നത്. പൊതുസുഹൃത്താണ് അവരെ ഗ്രഹാമിനെയും ക്ലൈനിനേയും തമ്മില്‍ ബന്ധപ്പെടുത്തിയത്.