ആ കവിതകളുടെ ആദ്യ വായനക്കാരി, എഴുത്ത് തിരുത്തിയ 'പ്രൂഫ് റീഡര്‍'; നവതിയുടെ നിറവില്‍ ശ്രീദേവി കക്കാട്

കോഴിക്കോട്: മലയാളകവിതയില്‍ ആധുനികതയുടെ പുതുവഴി വെട്ടിത്തുറന്നവരില്‍ പ്രമുഖനായിരുന്ന എന്‍.എന്‍. കക്കാടിന്റെ സഹധര്‍മിണി ശ്രീദേവി കക്കാട് നവതിയുടെ ധന്യതയില്‍. കസവുമുണ്ടുചുറ്റി, ചന്ദനക്കുറി ചാര്‍ത്തി, തേജസ്സുറ്റ മുഖവുമായി ചേവായൂരിലെ വീട്ടിലിരുന്ന് അവര്‍ പറയുന്നു:
''സഫലമാണ് ഈ യാത്ര. അദ്ദേഹത്തോടൊപ്പം ജീവിക്കാന്‍ കഴിഞ്ഞതിലും മക്കളോടൊപ്പം ഇപ്പോള്‍ ജീവിക്കാന്‍ കഴിയുന്നതിലും....''
എഴുത്തുകാരി എന്നതിനപ്പുറം നല്ലൊരു വായനക്കാരിയാണ് അവര്‍. ഇരിപ്പിടത്തിന്റെ ഓരത്ത് ഒരു പുസ്തകമെങ്കിലുമുണ്ടാകും. എന്‍.എന്‍. കക്കാടിന്റെ ജീവിതയാത്രയിലും സാഹിത്യയാത്രയിലും നിര്‍ണായക പങ്കുവഹിച്ച ഒരാള്‍. കക്കാടിന്റെ കവിതകളിലും അതിന്റെ പ്രതിഫലനമുണ്ടായിരുന്നു.
പാലക്കാട് ജില്ലയിലെ കാറല്‍മണ്ണയില്‍ കീഴെനരിപ്പറ്റ ശങ്കരനാരായണന്‍ നമ്പൂതിരിയുടെയും നങ്ങേലി അന്തര്‍ജനത്തിന്റെയും മകളായി 1935 മാര്‍ച്ച് ഒന്നിനാണ് ശ്രീദേവിയുടെ ജനനം. കാറല്‍മണ്ണയിലും ചെര്‍പ്പുളശ്ശേരിയിലുമായി സ്‌കൂള്‍വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. വിദ്യാഭ്യാസത്തെക്കുറിച്ച് ചോദിച്ചാല്‍ അച്ഛനെയാണ് ആദ്യം ശ്രീദേവി സ്മരിക്കുക: ''അച്ഛന്റെ കൂടി ആഗ്രഹമായിരുന്നു തുടര്‍ന്ന് പഠിക്കണമെന്നതും ഒരു ജോലി വാങ്ങണമെന്നതും. ആ നിര്‍ബന്ധബുദ്ധി എനിക്കും തോന്നിയിട്ടുണ്ട്...''
1955-ല്‍ 20-ാം വയസ്സിലാണ് എന്‍.എന്‍. കക്കാടിന്റെ പ്രിയപ്പെട്ട സഖിയായത്. ബാലുശ്ശേരിയിലെ അവിടനല്ലൂര്‍ വീട്ടില്‍ കുറച്ചുകാലം താമസിച്ചതിനുശേഷം കോഴിക്കോട് ഗോവിന്ദപുരത്തെ വാടകവീട്ടിലേക്ക് മാറി. പിന്നീട് മാങ്കാവിലും കോട്ടൂളിയിലുമായി മാറിത്താമസിച്ചു. കോട്ടൂളി വീട്ടിലായിരുന്നു ഏറെക്കാലവും. അവിടെയായിരുന്നു മക്കളുടെ ബാല്യവും കൗമാരവുമൊക്കെ.
വിവാഹം കഴിഞ്ഞതിനുശേഷവും ജോലിമോഹം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍ ആദ്യം ഒരു പത്രത്തില്‍ പ്രൂഫ് റീഡറായി ജോലിയില്‍ പ്രവേശിച്ചു. നാലുവര്‍ഷം ജോലിചെയ്തു. വി.എം. നായരുമായി അടുത്തബന്ധം ഉണ്ടായിരുന്നതിനാല്‍ പിന്നീട് മാതൃഭൂമിയുടെ പ്രൂഫ് റീഡിങ്ങിന്റെ ഭാഗമായി-25 വര്‍ഷം. ചീഫ് പ്രൂഫ് റീഡറായി 1995-ല്‍ വിരമിച്ചു.
''കവിതയെഴുത്തില്‍ ഒരിക്കലും പങ്കാളിത്തം പറ്റില്ലെന്നാണ് അഭിപ്രായം. എങ്കിലും അദ്ദേഹത്തിന്റെ ആദ്യ വായനക്കാരി ഞാനായിരുന്നു...''
ചെറുപ്പംമുതലേ പുസ്തകവായനയോട് കമ്പമുള്ള ശ്രീദേവിക്ക് കക്കാടിന്റെ കവിതയെഴുത്തുകളില്‍ ചില തിരുത്തലുകളും നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. അത് വലിയ ഭാഗ്യമായാണ് അവര്‍ കാണുന്നത്.
''അദ്ദേഹത്തിന്റെയും കൂട്ടരുടെയും 'കോലായ' ചര്‍ച്ചകള്‍ കണ്ട് ഞാനും എന്റെ സുഹൃത്തുകളും ചര്‍ച്ചകള്‍ നടത്തുമായിരുന്നു. എന്നാല്‍ അതത്ര വിജയിച്ചതൊന്നുമില്ല,ട്ടോ...''-പൊട്ടിച്ചിരിയില്‍ മുങ്ങി, വാക്കുകള്‍.
''കക്കാടിനൊപ്പം ചേര്‍ന്നുനില്‍ക്കുന്നവരെല്ലാം എന്റെയും സുഹൃത്തുക്കളായിരുന്നു. പി.എം. നാരായണന്‍, എന്‍.പി. മുഹമ്മദ്, തിക്കോടിയന്‍, അക്കിത്തം, ഉറൂബ്, ആര്‍ട്ടിസ്റ്റ് നമ്പൂതിരി തുടങ്ങിയവരൊക്കെയും നല്ല സുഹൃത്തുക്കളായിരുന്നു.''
1969-ല്‍ ദേശപോഷിണി മഹിളാസമാജം രൂപവത്കരിച്ച കാലത്ത് വൈസ് പ്രസിഡന്റായി. മഹിളാസമാജത്തിന്റെ പ്രസിഡന്റായും സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. വായനശാലയുടെ പ്രവര്‍ത്തകസമിതിയില്‍ അംഗമായും പ്രവര്‍ത്തിച്ചു. ഒരിക്കല്‍ വായനശാല പ്രസിഡന്റ് രാജിവെച്ചതോടെ ആ സ്ഥാനത്തും ഒരുവര്‍ഷം പ്രവര്‍ത്തിച്ചു. അത് നല്ലൊരു അനുഭവമായി ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്.
''അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം ആകാശവാണി ഒരുതവണ സ്റ്റേജില്‍ അവതരിപ്പിച്ച അവസരത്തില്‍ നാടകത്തിലെ പ്രധാന നടിയായി എന്നെ പരിഗണിച്ചു. എന്റെ പങ്കാളിയായി അദ്ദേഹത്തെയും. അങ്ങനെ വരനും വധുവുമാകുന്ന രംഗത്ത് ഞങ്ങള്‍ ഒരിക്കല്‍ക്കൂടി വിവാഹംകഴിച്ച തമാശയും ഉണ്ടായി...''.
കക്കാടുമൊത്തുള്ള ജീവിതം ആവിഷ്‌കരിച്ച 'ആര്‍ദ്രമീ ധനുമാസരാവില്‍...' എന്ന കൃതി 2015-ല്‍ പ്രസിദ്ധീകരിച്ചു. അതിന്റെ രണ്ടും മൂന്നും പതിപ്പുകളും പുറത്തിറങ്ങി. ജീവിതത്തിലെ യാത്രകളെല്ലാം അതിലുണ്ട്. ആദ്യം എഴുതിയ പുസ്തകമാണ് 2011-ല്‍ പ്രസിദ്ധീകരിച്ച 'വാമപക്ഷത്ത് ഒരാള്‍'. സ്വന്തം അമ്മാവനെക്കുറിച്ചുള്ള പുസ്തകമാണത്. 'ഓര്‍മ്മകളുണ്ടായിരിക്കണം' എന്നതാണ് മൂന്നാമത്തെ പുസ്തകം. 2016-ലാണ് പ്രസിദ്ധീകരിച്ചത്. കുടുംബചരിത്രമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം.
അഞ്ചുവര്‍ഷംമുന്‍പ് കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് 'മുക്കുറ്റി' എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ മാസിക തുടങ്ങിയപ്പോള്‍ അതിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൂത്തമകന്‍ ശ്രീകുമാര്‍ ദൂരദര്‍ശനില്‍ പ്രൊഡ്യൂസറായി വിരമിച്ചു. കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ മകള്‍ അപര്‍ണയാണ് ഭാര്യ. തൃശ്ശൂര്‍ കേന്ദ്രീയവിദ്യാലയത്തില്‍ സംഗീതാധ്യാപികയാണ്. രണ്ടാമത്തെ മകന്‍ ശ്യാംകുമാര്‍ മാതൃഭൂമിയില്‍ ഫോട്ടോ കമ്പോസിങ്ങില്‍ ജോലിചെയ്യുന്നു. ഭാര്യ പ്രിയ, കോവൂര്‍ മെഡിക്കല്‍ കോളേജ് കാംപസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപികയാണ്.
Content Highlights: Sreedevi Kakkad woman of writer N.N. Kakkad 90th birth anniversary