വായന ഒരര്‍ഥത്തില്‍ ജീവിതം തന്നെ; യുവതയോട് സംവദിച്ച് മേയറും കേണലും ടീച്ചറും

ഡോ. ബീന ഫിലിപ്, സോണിയ ചെറിയാന്‍, ആര്‍.രാജശ്രീ എന്നിവര്‍ യുവതയോട് സംവദിക്കുന്നു
ഡോ. ബീന ഫിലിപ്, സോണിയ ചെറിയാന്‍, ആര്‍.രാജശ്രീ എന്നിവര്‍ യുവതയോട് സംവദിക്കുന്നു

കോഴിക്കോട്: വായനയും അനുഭവങ്ങളും എഴുത്തും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന രീതികളെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും യുവാക്കളോട് സംവദിക്കാന്‍ കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, ലെഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്‍(റിട്ട) ആര്‍. രാജശ്രീ എന്നിവര്‍ മാതൃഭൂമി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ കെ.പി കേശവമേനോന്‍ ഹാളില്‍ ഒത്തുചേര്‍ന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ അമ്പത് ശതമാനം യുജനങ്ങളാണെന്നും നാളെ ലോകത്തിന്റെ വര്‍ക്ക് എന്‍ജിന്‍ ആവേണ്ടത് ഈ യുവതയാണെന്നും സോണിയ ചെറിയാന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം നല്‍കുന്ന വെളിച്ചമാണ് യുവതയെ മുന്നോട്ടുനയിക്കുന്നതെന്നും വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന സാമൂഹികാവബോധമാണ് പലപ്പോഴും ആളുകളെ സംഭവങ്ങളും അനുഭവങ്ങളും രേഖപ്പെടുത്തിവെക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അതാണ് പുസ്തകമായി രൂപാന്തരം പ്രാപിക്കുന്നതെന്നും സോണിയ പറഞ്ഞു. ജീവിതത്തിലെ ഏത് തടസ്സവും തരണം ചെയ്യാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ആര്‍മിയിലെ സേവനക്കാലത്തുകണ്ട മിടുക്കരായ യുവാക്കളെക്കുറിച്ചുപറഞ്ഞുകൊണ്ടാണ് സോണിയ ചര്‍ച്ചയാരംഭിച്ചത്. 

ഒരു നോവല്‍ മാത്രമെഴുതി എന്ന പഴി കേള്‍ക്കുകയും ഇന്നും കല്യാണിയുടെയും ദാക്ഷായണിയുടെയും പേരില്‍ അറിയപ്പെടുകയും ചെയ്യുന്ന എഴുത്തുകാരിയില്‍ നിന്നും ഗൃഹലക്ഷ്മിയുടെ കോളമിസ്റ്റായപ്പോള്‍ തനിക്കു വന്ന ഫോണ്‍കോളുകളെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ആര്‍. രാജശ്രീ ആരംഭിച്ചത്. 'ഈയടുത്ത കാലത്താണ് സംസാരം നിര്‍ത്തി മനുഷ്യരെ കേള്‍ക്കാന്‍ തുടങ്ങിയത്. ഓരോരുത്തരുടെയും ജീവിതാനുഭവങ്ങള്‍ മൗനമായി കേട്ടുകൊണ്ടിരിക്കുമ്പോള്‍ എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ പൊതുവായ കുറേ ഘടകങ്ങളും സംഭവങ്ങളും ഉണ്ടെന്ന് വീണ്ടും തിരിച്ചറിഞ്ഞു. ഗൃഹലക്ഷ്മിയിലെ ഓരോ ലക്കത്തിലെയും എഴുത്തുകള്‍ വായിച്ച് വിളിച്ചവര്‍ ഓര്‍മപ്പെടുത്തിയത് ആ കുറിപ്പില്‍ അവര്‍ ഓരോരുത്തരും ഉണ്ടായിരുന്നു എന്നാണ്. അവളവള്‍ എങ്ങനെയാണ് സ്വയം വാര്‍ക്കപ്പെട്ടത് എന്ന് പലപ്പോഴും ആലോചിച്ചുനോക്കിയിട്ടുണ്ട്. കുടുംബം എന്ന വ്യവസ്ഥ തീര്‍പ്പു കല്പിച്ചയിടങ്ങള്‍ പലര്‍ക്കും ഒരേപോലെയാണ്. അമര്‍ച്ചിത്രകഥകളെ ഇഷ്ടപ്പെട്ടിരുന്ന ഒരു പത്തുവയസ്സുകാരിയുടെ വായനയോടുള്ള അഭിനിവേശമാണ് ഇന്ന് ഇവിടെയിരിക്കാനുള്ള യോഗ്യതയായി മാറിയത്. കഥകള്‍ അവസാനിക്കാത്ത പുസ്തകങ്ങളോടായിരുന്നു പണ്ടുമുതല്‍ക്കേ പ്രിയം. പുരാണകഥകളിലെ സുന്ദരികളായ സ്ത്രീകളെപ്പോലെയാവാന്‍ അതിയായി മോഹിച്ചിരുന്ന കാലമുണ്ടായിരുന്നു. പിന്നീട് സ്ത്രീകളുടെ ത്യാഗത്തിന്റെ കഥകള്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ധാരണയുണ്ടായിരുന്നു, ത്യാഗം ചെയ്യാത്ത സ്ത്രീകളുടെ ജന്മം പാഴായിപ്പോവുമെന്ന തെറ്റിദ്ധാരണ. അങ്ങനെയൊരു പെണ്‍കുട്ടിക്കാലത്തിന്റെ പ്രതിനിധിയാണ് ഞാന്‍. അനുഭവങ്ങളെ നമുക്ക് നിര്‍വചിക്കാനാവില്ല. വായന ഒരര്‍ഥത്തില്‍ ജീവിതം തന്നെയാണ്. ഒരു പുസ്തകം വായിച്ചുകഴിഞ്ഞാല്‍ സമാനമായ പുസ്തകം തന്നെയാണ് വായനക്കാര്‍ ആ എഴുത്തുകാരില്‍ നിന്നും പ്രതീക്ഷിക്കുന്നത്.- ആര്‍. രാജശ്രീ പറഞ്ഞു.

ടോണി മോറിസണിന്റെ 'ദ ബ്ലൂവസ്റ്റ് ഐ 'എന്ന നോവലിലെ പെക്കോളയെന്ന നായികയെപ്പറ്റി പറഞ്ഞുകൊണ്ടാണ് മേയര്‍ ഡോ. ബീന ഫിലിപ് തന്റെ വീക്ഷണങ്ങള്‍ പങ്കുവെച്ചത്. വായന തന്നെ അനുഭവമാണെന്നും ആ അനുഭവത്തിന്റെ അപ്പുറവും ഇപ്പുറവുമുള്ളതാണ് ജീവിതമെന്നും അവര്‍ പറഞ്ഞു. 'ജീവിതാനുഭവങ്ങളില്‍ വായനയുടെ സ്വാധീനം വളരെ വലുതാണ്. നമുക്കുചുറ്റുമുള്ള ബന്ധങ്ങളെ അഡ്ജസ്റ്റ് ചെയ്യുന്നതില്‍, നമ്മെ പക്വതപ്പെടുത്തുന്നതില്‍ വായനയ്ക്ക് നല്ല പങ്കുണ്ട്. എല്ലാ വായനക്കാരും നല്ല എഴുത്തുകാരായിരിക്കണമെന്നില്ല. എല്ലാ എഴുത്തുകാരും നല്ല വായനക്കാരുമായിക്കൊള്ളണമെന്നില്ല. 

പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലും ടോള്‍സ്‌റ്റോയിയുടെ അന്ന കരിനീനയും തന്ന വായനാനുഭവം മറക്കാന്‍ കഴിയുന്നതല്ല. ഇരുപതുകാരിയായ ഞാന്‍ വായിച്ച അന്നയെയല്ല മുപ്പത്തിയഞ്ചിലെത്തിയപ്പോള്‍ ഞാന്‍ കണ്ടത്. ഈ പ്രായത്തില്‍ അന്നയെ ഞാന്‍ വായിക്കുകയാണെങ്കില്‍ എനിക്ക് ആ കഥാപാത്രത്തോട് മാതൃസ്‌നേഹമായിരിക്കും ഉണ്ടാവുക. വായന എന്റെ ജീവിതാനുഭവങ്ങളെ വളരെ പോസിറ്റീവായിട്ടാണ് സ്വാധീനിച്ചിട്ടുള്ളത്. അധികാരശ്രേണിയിലെ വിവിധ പടവുകളില്‍ കണ്ടുമുട്ടുന്നവരോട് ചിരിക്കേണ്ടത് എത്തരത്തിലാണെന്നത് ഹൈറാര്‍ക്കി നിശ്ചയിക്കുന്നിടത്ത് വായന നമ്മെ പ്രേരിപ്പിക്കുന്നത് മനുഷ്യരായിട്ട് പുഞ്ചിരിക്കാനാണ്. അല്ലാത്തവര്‍ക്ക് മുകളിലുള്ളയാളോട് ചിരിക്കുന്ന ചിരിയല്ല താഴെയുള്ളവര്‍ക്ക് കൊടുക്കാന്‍ കഴിയുക. ചിലര്‍ എഴുതിവെച്ചിരിക്കുന്ന ജീവിതവും എഴുതിയ ആളുടെ ജീവിതവും രണ്ടും രണ്ടാണെന്ന് പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്റെ സ്‌കൂള്‍ ലൈബ്രറിയില്‍ ഞാന്‍ വായിക്കാത്ത പുസ്തകങ്ങള്‍ ഇല്ലായിരുന്നു. ഇനിയും വായിക്കാന്‍ കഴിയണേ എന്നാണ് ആഗ്രഹം'- ബീന ഫിലിപ് പറഞ്ഞു.

Content Highlights: sonia cheriyan r rajasree beena philip discussion on reading life and writing