സാര്‍വദേശീയ സാഹിത്യോത്സവം; ഡിവൈഎഫ്‌ഐ നേതാവ് ഷിജു ഖാനെ ഒഴിവാക്കി, പരിപാടി റദ്ദു ചെയ്തു

#സ്വന്തം ലേഖകൻ
ഷിജു ഖാന്‍
ഷിജു ഖാന്‍

തൃശ്ശൂര്‍: സാര്‍വദേശീയ സാഹിത്യോത്സവത്തില്‍ നിന്ന് ഡിവൈഎഫ്‌ഐ നേതാവ് ഷിജു ഖാനെ ഒഴിവാക്കി. ശിശുക്ഷേമ സമിതിയുടെ ചുമതലയിലിരിക്കെ അനുപമ വിഷയത്തില്‍ സ്വീകരിച്ച വിവാദ നിലപാടുകളെ തുടര്‍ന്നാണ് തീരുമാനം.

പാനലിസ്റ്റായി ഉണ്ടായിരുന്ന അഡ്വക്കേറ്റ് കുക്കൂ ദേവകി ഷിജുഖാന്‍ ഉള്ളതിനാല്‍ പിന്മാറിയിരുന്നു. സാഹിത്യോത്സവത്തില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് തീരുമാനം. ഷിജു ഖാന്‍ പങ്കെടുക്കുന്ന സെഷന്‍ തന്നെ ഒഴിവാക്കിയിട്ടുണ്ട്.

ഷിജുഖാന്‍ പങ്കെടുത്താല്‍ വിട്ടുനില്‍ക്കുമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകരും സാഹിത്യ അക്കാദമി നേതൃത്വത്തെ അറിയിച്ചു. ഈ മാസം 20-ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് കുട്ടികളും പൗരരാണ് എന്ന വിഷയത്തിന്റെ ചര്‍ച്ചയില്‍ അധ്യക്ഷനായിരുന്നു ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗമായ ഷിജു ഖാന്‍. 

പലവിധത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഷിജു ഖാന്‍ പങ്കെടുക്കുന്ന പരിപാടി റദ്ദു ചെയ്തത്. ഒരാളെ മാത്രം ഒഴിവാക്കുന്നത് ശരിയല്ല എന്നതിനാല്‍ പരിപാടി തന്നെ റദ്ദ് ചെയ്തുവെന്ന് അക്കാദമി പ്രസിഡൻഡ് സച്ചിദാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: DYFI leader Shiju Khan removed from the International Literature Festival of Kerala