പ്രകാശനത്തിനെത്തിയത് അഞ്ഞൂറിലേറെ മലയാള പുസ്തകങ്ങള്‍; ഷാര്‍ജയിലെ അക്ഷരവസന്തം ഒരുനാള്‍കൂടി

ഷാര്‍ജ: അതിരില്ലാത്ത എഴുത്തിന്റെ, വായനയുടെ, പുസ്തകങ്ങളുടെ ലോകം തുറന്നുവെച്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും. മരുഭൂമിയില്‍ അക്ഷരവസന്തം പൂത്തുലയുന്ന പുസ്തകോത്സവത്തിന് ഇത്തവണ പതിവിലേറെ തിളക്കമുണ്ട്, വന്‍ജനക്കൂട്ടം അതിന്റെ സാക്ഷ്യം.
മേള നടക്കുന്ന ഷാര്‍ജ എക്‌സ്‌പോസെന്ററിലെ ഏഴാംനമ്പര്‍ ഹാളിലാണ് റൈറ്റേഴ്‌സ് ഫോറം എന്ന കൊച്ചുസമ്മേളനമുറി. നൂറ്റമ്പതോളംപേര്‍ക്ക് കഷ്ടിച്ച് ഇരിക്കാം. എന്നാല്‍, ഈ ഹാളിലേക്ക് കടക്കാന്‍ മിക്കപ്പോഴും കഷ്ടപ്പെടും. മലയാളത്തിലെ മിക്ക പ്രസാധകരും അവരുടെ എഴുത്തുകാരെയും പുതിയ പുസ്തകങ്ങളെയും അവരിപ്പിക്കുന്നത് ഈ ഹാളിലാണ്.
ഒരു പുസ്തക പ്രകാശനത്തിനോ പ്രഭാഷണത്തിനോ കിട്ടുന്ന സമയം 25 മിനിറ്റാണ്. മിക്കദിവസങ്ങളിലും 11 മുതല്‍ 11 വരെ ഇവിടെ പരിപാടികളുണ്ടാകും. 90 ശതമാനവും മലയാളികളുടേത്. സൗജന്യമാണ് എല്ലാ സംവിധാനവും. പക്ഷെ അവിടത്തെ ഒരു അരമണിക്കൂര്‍ കിട്ടാന്‍തന്നെ പ്രയാസം. ഒട്ടും അവസരം കിട്ടാത്തവര്‍ പ്രസാധകരുടെ സ്റ്റാളുകളില്‍വെച്ച് പ്രകാശനങ്ങള്‍ നടത്തി സംതൃപ്തിയടയുന്നു. ഇത്തവണ അഞ്ഞൂറിലേറെ മലയാള പുസ്തകങ്ങളാണ് ഇവിടെ പ്രകാശനത്തിനായി എത്തിയത്. സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി ക്ഷണിച്ചുവരുത്തുന്ന മുഖ്യാതിഥികളുടെ പ്രഭാഷണങ്ങള്‍ വലിയ ഹാളുകളിലാണ്. അവിടെ കയറിപ്പറ്റാന്‍ ആളുകള്‍ ക്യൂനില്‍ക്കേണ്ട അവസ്ഥയാണ് ചിലപ്പോള്‍.
യു.എ.ഇ. സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ആശയമാണ് ഷാര്‍ജ പുസ്തകോത്സവം. ഏതാനും അറബ് പ്രസാധകരും അറബി ഭാഷയിലെ പുസ്തകങ്ങളുമായി തുടങ്ങിയ മേളയില്‍ ഈ വര്‍ഷം 108 രാജ്യങ്ങള്‍ പങ്കെടുക്കുന്നു. 2023 പ്രസാധകരും ഉണ്ട്. കഴിഞ്ഞവര്‍ഷം 95 രാജ്യങ്ങളാണ് പങ്കെടുത്തത്. ഇത്തവണ 15 ലക്ഷത്തിലേറെ ശീര്‍ഷകങ്ങളിലുള്ള പുസ്തകങ്ങളുണ്ട്. മാതൃഭൂമി ബുക്‌സ് ഉള്‍പ്പെടെ മലയാളത്തിലെ മിക്ക പ്രസാധകരും ഈ മേളയിലും സജീവം.
വിവിധമേഖലകളിലായി 1700 സാംസ്‌കാരിക പരിപാടികളുമുണ്ട്. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ നൈജീരിയന്‍ എഴുത്തുകാരന്‍ വോള്‍ സോയിങ്ക ആയിരുന്നു ഇത്തവണത്തെ അതിഥികളിലെ താരം. നാസയുടെ ബഹിരകാശയാത്രിക സുനിത വില്യംസ്, വയനാട്ടിലെ ആദിവാസി എഴുത്തുകാരന്‍ സുകുമാരന്‍ ചാലിഗദ്ധ, എന്നിവരുള്‍പ്പെടെയുള്ളവര്‍ അനുഭവങ്ങള്‍ പറയാനെത്തിയിരുന്നു. കഴിഞ്ഞവര്‍ഷത്തെ 15 ലക്ഷം കാണികള്‍ എന്ന റെക്കോഡ് ഈ വര്‍ഷം മറികടക്കും എന്ന പ്രതീക്ഷയിലാണ് ഷാര്‍ജ.
Content Highlights: Sharjah international book fair 2023, Sharjah book fair 42th edition