ആരാധകന്റെ അപ്രതീക്ഷിത സമ്മാനം, പിറന്നാൾ മധുരത്തിൽ സേതു

കൊച്ചി: ‘സേതു @ 83, നോവൽ @ 25, ജീവിതമാകെ പ്രഭാപൂരിതമാകട്ടെ...’ രണ്ട് കിലോയോളം വലുപ്പമുള്ള കെയ്‌ക്കിൽ എഴുതിയ വരികൾ വായിക്കുമ്പോൾ സേതുവിന്റെ മിഴികളിൽ അപ്രതീക്ഷിതമായൊരു പിറന്നാൾ സമ്മാനം കിട്ടിയതിന്റെ ആശ്ചര്യവും സന്തോഷവും. പ്രിയപ്പെട്ട കഥാകാരന് പിറന്നാൾ മധുരം സമ്മാനിക്കുമ്പോൾ ആരാധകന്റെ മിഴികളിലും അതേ സന്തോഷം.
സേതുവിന്റെ 83-ാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനു സമ്മാനിക്കാൻ കെയ്‌ക്കുമായെത്തിയ പി.എം. ഷുക്കൂർ കഥ പോലെ ഒരാളാണ്.
മൂവാറ്റുപുഴ സ്വദേശിയായ ഷൂക്കൂർ തന്റെ ബേക്കറിയിൽ തയ്യാറാക്കിയ കെയ്‌ക്കുമായാണ് കഥാകാരനെ കാണാനെത്തിയത്. സേതുവിന്റെ പുതിയ നോവലായ ‘അന്തകവള്ളി’ പ്രകാശനം ചെയ്യുന്നത് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിലാണെന്ന് അറിഞ്ഞപ്പോഴാണ് ഷൂക്കൂർ ഇങ്ങനെയൊരു ‘സർപ്രൈസ്’ ഒരുക്കിയത്.
ഭാര്യ രാജലക്ഷ്മിക്കൊപ്പം നിന്ന് കെയ്‌ക്ക് മുറിക്കുമ്പോൾ അപ്രതീക്ഷിത സന്തോഷത്തെക്കുറിച്ച് സേതു പറഞ്ഞു.
''അനുപമമായ ഒരു സന്തോഷമാണ് ഈ കെയ്‌ക്ക് സമ്മാനിക്കുന്നത്. സ്വന്തം ബേക്കറിയിൽ തയ്യാറാക്കിയ കെയ്‌ക്കുമായി ഇത്രദൂരം ഷുക്കൂർ യാത്ര ചെയ്ത് വന്നല്ലോ'' - സേതുവിന്റെ വാക്കുകളിലും മധുര സന്തോഷം.
28 വർഷം ബേക്കറി കടയിൽ ജോലിചെയ്ത ഷുക്കൂർ 12 വർഷം മുൻപാണ് സ്വന്തമായൊരു ബേക്കറി തുടങ്ങിയത്. അധികം പഠിക്കാനായില്ലെങ്കിലും എഴുത്തിനോടും വായനയോടുമുള്ള പ്രണയം കൈവിട്ടില്ല.
സേതു എന്ന എഴുത്തുകാരനെ ജീവിതത്തോളം ഇഷ്ടമുള്ള ഒരാളെന്നാണ് ഷുക്കൂർ വിശേഷിപ്പിക്കുന്നത്. സേതുവിന്റെ എല്ലാ പുസ്തകങ്ങളും പലവട്ടം വായിച്ചിട്ടുള്ള ഷുക്കൂർ ചില പുസ്തകങ്ങളെപ്പറ്റി പഠനങ്ങളും എഴുതിയിട്ടുണ്ട്. ആ പഠനങ്ങൾ പുസ്തകത്തിന്റെ അടുത്ത പതിപ്പുകളിൽ സേതു ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
സേതു ജോലിചെയ്തിരുന്ന ബാങ്കിലും പങ്കെടുത്തിരുന്ന ചടങ്ങുകളിലുമെല്ലാം അദ്ദേഹത്തെ നിരന്തരം പിന്തുടർന്നിരുന്ന ഷുക്കൂറിനെക്കൊണ്ടാണ് സേതു തന്റെ ഒരു പുസ്തകത്തിന്റെ പ്രകാശനവും നിർവഹിച്ചത്.
Content Highlights: Author Sethu Celebrates 83rd Birthday with a Surprise Cake & Novel Launch