നിശബ്ദരാക്കപ്പെട്ടവർക്കായി സാറാ ജോസഫ് ശബ്ദമുയർത്തി, പ്രതിബദ്ധത രചനകളിൽ പ്രകടം- പ്രതിഭാ റായ്

കോഴിക്കോട്: മലയാള സാഹിത്യത്തിലെ വെറുമൊരു പേരല്ല സാറാ ജോസഫ് എന്ന് ഒഡിഷ എഴുത്തുകാരിയും ജ്ഞാനപീഠജേതാവുമായ പ്രതിഭാ റായ്. നിശബ്ദരാക്കപ്പെട്ടവർക്കു വേണ്ടി അവർ തൻ്റെ ശബ്ദമുയർത്തി. സത്യമുയർത്തിക്കാട്ടാനുള്ള അവരുടെ പ്രതിബദ്ധത കഥകളിലും നോവലുകളിലും ലേഖനങ്ങളിലും പ്രകടമാണെന്നും അവർ കൂട്ടിച്ചേർത്തു. മാതൃഭൂമി സാഹിത്യപുരസ്‌കാരം എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സാറാ ജോസഫിന് സമ്മാനിച്ചതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അവർ.
'ഇന്ത്യയിലെ സാഹിത്യ നഗരി പദവി സ്വന്തമാക്കിയ കോഴിക്കോടിന് അഭിനന്ദനങ്ങൾ. വിവർത്തനത്തിലൂടെ ഞാനും ഈ നേട്ടത്തിൽ അഭിമാനിക്കുന്നു. എം.പി വീരേന്ദ്രകുമാറിനെയും എം.ടി യെയും ഈ അവസരത്തിൽ ഓർക്കുന്നു. മാതൃഭൂമി ഓഫീസ് സന്ദർശിച്ചതും ഓർക്കുന്നു. എഴുത്തുകാരും ബുദ്ധിജീവികളും സാമൂഹിക - വിദ്യാഭ്യാസപ്രവർത്തകരും മലയാളത്തിൻ്റെ ഭാഗമാണ്. ഇവിടെ നിന്നുയരുന്ന ശബ്ദങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.
സാറാ ജോസഫ് മലയാള സാഹിത്യത്തിൽ വെറുമൊരു പേരല്ല. ശക്തമായ ശബ്ദമാണ്. നിശബ്ദരാക്കപ്പെട്ടവർക്കു വേണ്ടി അവർ തൻ്റെ ശബ്ദമുയർത്തി. സത്യമുയർത്തിക്കാട്ടാനുള്ള അവരുടെ പ്രതിബദ്ധത കഥകളിലും നോവലുകളിലും ലേഖനങ്ങളിലും പ്രകടമാണ്. എഴുത്ത് നിതാന്തമായ സത്യാന്വേഷണമാണ്. ഞാൻ എഴുതുന്നതിൽ ഞാൻ വിശ്വസിക്കുന്നു. എഴുത്തും എഴുത്തുകാരും രണ്ടല്ല.
സാറാ ജോസഫിന് മാതൃഭൂമി സാഹിത്യ പുരസ്കാരം സമ്മാനിക്കാൻ മാതൃഭൂമി എന്നെ നിയോഗിച്ചതിൽ ആത്മാർഥമായ കൃതജ്ഞത അറിയിക്കുന്നു.
ഭാഷയിലും സാഹിത്യത്തിലും സാമൂഹിക വിഷയങ്ങളിലും പ്രതിബദ്ധത പുലർത്തുന്ന സ്ഥാപനമാണ് മാതൃഭൂമി. വിവർത്തന സാഹിത്യത്തിലൂടെ ഞാനും മാതൃഭൂമിയുടെ ഭാഗമാണ്.
ഇന്ത്യയുടെ ശക്തി ഭാഷയുടെ വൈവിധ്യമാണ്. ഒരുപാട് മാനസിക സംഘർഷങ്ങളിലൂടെയാണ് ഒരു എഴുത്തുകാരൻ കടന്നുപോകുന്നതും ഒരു സൃഷ്ടി ജനിക്കുന്നതും. എഴുത്തുകാർക്ക് പ്രത്യേക ഭാഷയില്ല. കാലവും പ്രമേയവും പശ്ചാത്തലവും അനുസരിച്ചിരിക്കും എഴുത്തുകാരുടെ ഭാഷ. ജീവിക്കുക ജീവിക്കാൻ അനുവദിക്കുക എന്നതാണ് എൻ്റെ ജീവിത ലക്ഷ്യം'. പ്രതിഭാ റായ് പറഞ്ഞു.
Content Highlights: Pratibha Rai on Sara Joseph winning the Mathrubhumi Literary Award