രാമായണവും മഹാഭാരതവും അറബിയിലേക്ക് മൊഴിമാറ്റി അബ്ദുള്ള അല്‍ ബാറൂണ്‍, പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അറബിക് വിവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റില്‍ പ്രകാശനം ചെയ്തു. പ്രശസ്ത അറബിക് വിവര്‍ത്തകന്‍ അബ്ദുള്ള അല്‍ ബാറൂണ്‍ ആണ് ഇന്ത്യന്‍ ഇതിഹാസങ്ങള്‍ മൊഴിമാറ്റിയത്. പ്രമുഖ കുവൈത്തി പ്രസാധകനായ അബ്ദുള്‍ ലത്തീഫ് അല്‍ നസീഫ് ആണ് ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം പ്രസാധകജീവിതത്തിലെ വലിയൊരു അംഗീകാരമാണ് ഇന്ത്യന്‍ ഇതിഹാസങ്ങള്‍ മൊഴിമാറ്റി പ്രസിദ്ധീകരിക്കാന്‍ സാധിച്ചതെന്നും മോദി സന്തുഷ്ടനാണെന്നറിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും രണ്ടു ഗ്രന്ഥങ്ങളിലും മോദി തന്റെ ഒപ്പു പതിപ്പിച്ചുവെന്നും പ്രസാധകന്‍ പറഞ്ഞു. വിവര്‍ത്തനത്തിനായി എത്ര വര്‍ഷം വേണ്ടി വരുമെന്ന് പ്രധാനമന്ത്രി ചോദിച്ചിരുന്നുവെന്നും രണ്ടുവര്‍ഷവും എട്ടുമാസവുമെടുത്താണ് വിവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും അബ്ദുള്ള അല്‍ ബാറൂണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
അബ്ദുള്ള ബാറൂണും അബ്ദുള്‍ ലത്തീഫ് അല്‍ നസീഫും ചേര്‍ന്ന് മുപ്പതോളം ഇതിഹാസഗ്രന്ഥങ്ങള്‍ നേരത്തെ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്ത്' എന്ന റേഡിയോ പരിപാടിയില്‍ അദ്ദേഹം വിവര്‍ത്തകനെയും പ്രസാധകനെയും കുറിച്ച് പരാമര്‍ശിച്ചിരുന്നു.
43 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈറ്റ് സന്ദര്‍ശിക്കുന്നത് എന്നതാണ് മോദിയുടെ സന്ദര്‍ശനം ചരിത്രപ്രാധാന്യമര്‍ഹിക്കുന്നത്. രണ്ടുദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദി ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യുന്നതുള്‍പ്പെടെ നിര്‍ണായകമായ മീറ്റിങ്ങുകളില്‍ പങ്കെടുക്കും. കുവൈറ്റ് അമീറായ ഷെയ്ക് മിശാല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സാബാഹിന്റെ ക്ഷണപ്രകാരമാണ് രാജ്യം സന്ദര്‍ശിക്കാനെത്തിയത്.
Content Highlights: ramayana and mahabharatha in arabic translation pm modi meets translator and publisher