മരണമെത്തുന്ന നേരത്ത നീയെന്റെ അരികിൽ ഇത്തിരിനേരമിരിക്കണേ... കണ്ടയുടൻ റഫീക്ക് അഹമ്മദിനെ ചൊല്ലിക്കേൾപ്പിച്ച് ലീലാവതി ടീച്ചർ

കാക്കനാട്: 'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... ഓർമവെച്ച കാലം മുതൽ ശീലിച്ച കവിതാപാരായണത്തിന്റ താളം വിടാതെ ലീലാവതി ടീച്ചർ പാടി. കവിതയെഴുതിയ റഫീക്ക് അഹമ്മദ് മലയാളത്തിന്റെ എഴുത്തമ്മയുടെ ചാരെ നിർവൃതിയോടെ നിന്നു. തന്നെ കണ്ടയുടൻ തന്നെ ടീച്ചർ മരണമെത്തുന്ന നേരത്ത് ചൊല്ലുകയായിരുന്നുവെന്നും കവിത സിനിമാപ്പാട്ടായതൊന്നും ടീച്ചർ അറിഞ്ഞില്ലെന്നും റഫീക്ക് അഹമ്മദ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ലീലാവതി ടീച്ചറെ സന്ദർശിക്കാനായി റഫീക്ക് അഹമ്മദ് അവർ താമസിക്കുന്ന വീട്ടിലെത്തിയത്. വളരെ സ്വകാര്യമായ ഒരു സന്ദർശനം മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ എന്നദ്ദേഹം പറഞ്ഞു.